ജാതി വിവേചനം നടന്നത് പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിൽ; സംഭവം ലജ്ജിപ്പിക്കുന്നതെന്ന് സിപിഎം
ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രിയ്ക്ക് ജാതിവിവേചനം നേരിട്ടതെന്നും ഇത്തരം പ്രവര്‍ത്തികള്‍ ഉന്മൂലനം ചെയ്യാനുള്ള ജാഗ്രതയുണ്ടാകണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയുടെ പൂർണരൂപം- 'കേരളത്തില്‍ ഒരുകാലത്ത് ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പടെയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ് ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്. ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്.

പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രി കെ രാധാകൃഷ്‌ണന് ജാതി വിവേചനം അനുഭവപ്പെട്ടത്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം'.
തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസമായിരുന്നു ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വെളിപ്പെടുത്തിയത്. ക്ഷേത്രത്തിൽ ഒരു ചടങ്ങിൽ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നും എന്നാൽ അന്ന് തന്നോട് കാണിച്ച ജാതി വേർതിരിവിനെതിരെ താൻ ശക്തമായി പ്രതികരിച്ചിരുന്നുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ഏതാണ് ചടങ്ങ് എന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നില്ല.
'ജാതിവ്യവസ്ഥ ഉണ്ടാക്കിയവർക്ക് എങ്ങനെ മനുഷ്യനെ വിഭജിച്ചു നിർത്തണമെന്ന നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. ജാതിവ്യവസ്ഥ സൃഷ്ടിച്ചവർ ചില്ലറക്കാരല്ല, അവരുടെ ബുദ്ധി എന്ന് പറയുന്നത് ചന്ദ്രയാനിലേക്ക് ഉപഗ്രഹം വിട്ടവരേക്കാൾ വലുതാണ്. ഇപ്പോഴും ആളുകൾ വ്യത്യസ്തമായിട്ട് നിൽക്കുന്നു. ഓരോരുത്തരും വിചാരിക്കുന്നു ഞാനാണ് വലുത് എന്ന്',എന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ജാതി വിവേചനം നേരിട്ട സംഭവത്തിൽ മന്ത്രിയുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടി സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയത്. എന്നാൽ നിയമനടപടിക്ക് ഇല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബ്രാഹ്മണർക്കെതിരെയല്ല തന്റെ പ്രസ്താവനയെന്നും കണ്ണൂരിൽ നടന്നത് വ്യക്തിപരമായ പ്രശ്നവുമല്ലെന്നും മന്ത്രി പറഞ്ഞു. മനസുകളാണ് മാറേണ്ടത്. അതിന് ആദ്യം സമൂഹം പരുവപ്പെടുകയാണ് വേണ്ടെതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications