Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്രത്തിന്റെ വായ്പാ കെണി; തങ്ങൾക്ക് ആകാം സംസ്ഥാനങ്ങൾക്ക് പാടില്ലെന്ന ഇരട്ടത്താപ്പ്'; ഐസക്

കൊച്ചി: വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തങ്ങൾക്ക് ആകാം സംസ്ഥാനങ്ങൾക്കു പാടില്ലെന്ന കേന്ദ്രനയം ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കേന്ദ്ര സർക്കാർ കേരളത്തിന് വായ്പാക്കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞ ഐസക് വിഷയത്തിൽ പ്രതിപക്ഷ നേതാക്കളുടെ മൗനത്തെ ചോദ്യം ചെയ്തു. വി മുരളീധരൻ മൗനം പുലർത്തുന്നത് അനുവദിക്കാം എന്നാൽ പ്രതിപക്ഷ നേതാവ് എന്തുകൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാത്തത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം

കേന്ദ്ര സർക്കാർ കേരളത്തിന് ഒരു വായ്പാക്കെണി ഒരുക്കിയിരിക്കുകയാണ്. എന്തൊക്കെയാണ് സംസ്ഥാന സർക്കാരിന്റെ വായ്പാ ബാധ്യതകൾ? ഇതു സംബന്ധിച്ച് ഇതുവരെ ഉണ്ടായിരുന്ന നിലപാടുകൾ കേന്ദ്ര സർക്കാർ ഏകപക്ഷീയമായി അടിമുടി മാറ്റിയിരിക്കുകയാണ്. മാത്രമല്ല, തങ്ങളുടെ പുതിയ നിലപാട് മുൻകാല പ്രാബല്യത്തോടെ നടപ്പാക്കാനാണു ശ്രമിക്കുന്നത്. ലക്ഷ്യം വളരെ വ്യക്തമാണ്. പശ്ചാത്തലസൗകര്യ പിന്നോക്കാവസ്ഥയ്ക്കു പരിഹാരമായി കേരളം കണ്ടെത്തിയ നൂതന വിഭവസമാഹരണ രീതി അട്ടിമറിക്കുകയാണ്. അതുവഴി സംസ്ഥാനത്തെ വലിയൊരു ധനപ്രതിസന്ധിയിൽ കുടുക്കുകയുമാണു ലക്ഷ്യം. കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനകളൊന്നു മാത്രം മതി ഇതിനു തെളിവായി.

thomasisaac

സംസ്ഥാന സർക്കാരും ബന്ധപ്പെട്ട സ്ഥാപനങ്ങളും എടുക്കുന്ന വായ്പകൾ അഞ്ച് തരത്തിലുള്ളവയാണ്.
(1) പൊതുകടം വായ്പ: സംസ്ഥാന സർക്കാർ ബോണ്ടുകൾ ഇറക്കി കമ്പോളത്തിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ കേന്ദ്ര സർക്കാർ വഴി വിദേശത്തു നിന്നോ, കേന്ദ്ര സർക്കാരിൽ നിന്നോ എടുക്കുന്ന വായ്പകളെയാണ് പൊതുകടം വായ്പ അഥവാ പബ്ലിക് ബോറോയിംഗ് എന്നു വിളിക്കുന്നത്. ഈ വായ്പകൾ സർക്കാരിന്റെ സഞ്ചിതനിധിയിലേക്കാണു വരുന്നത്. അതിൽ നിന്നാണു ചെലവഴിക്കുന്നത്.

(2) പബ്ലിക് അക്കൗണ്ട് വായ്പ: സർക്കാരിന് രണ്ട് തരത്തിലുള്ള അക്കൗണ്ടുകളാണ് ഉള്ളത്. സഞ്ചിതനിധി അക്കൗണ്ടും പബ്ലിക് അക്കൗണ്ടും. സർക്കാരിനു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ട്രഷറി സേവിംഗ്സ് ബാങ്കിലെ ഡെപ്പോസിറ്റുകളും ജനങ്ങൾ സർക്കാരിനെ സൂക്ഷിക്കാൻ ഇത്തരത്തിൽ ഏൽപ്പിക്കുന്ന മറ്റു തുകകളും പബ്ലിക് അക്കൗണ്ടിലാണ് വരിക. ഈ അക്കൗണ്ടിൽ അതതു വർഷം ഉണ്ടാകുന്ന അസൽ വർദ്ധന മാത്രമാണ് സംസ്ഥാന സർക്കാരിന്റെ മൂലധന വരുമാനമായി കണക്കാക്കപ്പെടുക. ബജറ്റിൽ ഇതു പ്രത്യേകം രേഖപ്പെടുത്തും.

(3) ഓഫ് ബജറ്റ് ബോറോയിംഗ്: സർക്കാർ ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന ചില സ്കീമുകൾക്ക് സർക്കാരിന്റെ കീഴിൽ തൽക്കാലത്തേക്ക് പണം ഉണ്ടാകണമെന്നില്ല. അപ്പോൾ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും വഴി ആ തുകകൾ ചിലവഴിക്കുകയും പിന്നീട് സർക്കാർ ഈ തുക ബജറ്റിൽ നിന്ന് ഏജൻസികൾക്കു നൽകുകയും ചെയ്യും. ഉദാഹരണത്തിന് കേന്ദ്ര സർക്കാർ ധാന്യം സംഭരിക്കുമ്പോൾ പലപ്പോഴും എഫ്.സി.ഐ വഴി വായ്പയെടുത്താണ് പണം നൽകുക. ഇത് ഓഫ് ബജറ്റ് ബോറോയിംഗാണ്. ദേശീയപാത അതോറിറ്റി പോലുള്ളവയ്ക്ക് സർക്കാർ നൽകാനുള്ള പണവും ഇത്തരത്തിൽ അവർ തന്നെ വായ്പയെടുക്കാറുണ്ട്.

കേരളത്തിലെ പെൻഷൻ കമ്പനിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിംഗിന് ഉദാഹരണമാണ്. പെൻഷൻ കൊടുക്കാനുള്ള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ താല്ക്കാലികമായി പണം ഇല്ലാത്ത അവസ്ഥ വരും. അപ്പോൾ പെൻഷൻ കമ്പനി വായ്പയെടുത്ത് പെൻഷൻ വിതരണം ചെയ്യും. അത് പിന്നീട് സർക്കാർ പെൻഷൻ കമ്പനിക്കു നൽകും.

(4) എക്സ്ട്രാ ബജറ്ററി വായ്പ: ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്താത്തതും എന്നാൽ സർക്കാരിന്റെ ഗ്യാരണ്ടിയുടെയും ധനസഹായത്തിന്റെയും അടിസ്ഥാനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളെ എക്സ്ട്രാ ബജറ്ററി വായ്പ എന്നു വിളിക്കുന്നു. കിഫ്ബി വായ്പകൾ ഇതിന് ഉദാഹരണമാണ്. കിഫ്ബി പ്രൊജക്ടുകളൊന്നും ബജറ്റിന്റെ ഭാഗമല്ല. കിഫ്ബിയുടെ വരുമാനമോ ചെലവോ സർക്കാർ ബജറ്റ് രേഖകളിൽ വരുന്നില്ല. ചില പ്രൊജക്ടുകൾ നടപ്പിലാക്കാൻ സർക്കാർ കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കിഫ്ബി വായ്പെയെടുത്ത് പ്രൊജക്ടുകൾ നടപ്പാക്കും. സർക്കാർ ആന്വിറ്റി മോഡലിൽ കിഫ്ബിക്ക് എല്ലാ വർഷവും മോട്ടോർ വാഹന നികുതിയുടെ പകുതി ഗ്രാന്റായി നൽകും.

(5) സർക്കാർ ഗ്യാരണ്ടിയോ ധനസഹായമോ ഇല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങൾ നേരിട്ട് എടുക്കുന്ന വായ്പകൾ: ഈ വായ്പകളുടെ ബാധ്യതകൾ ഒരു കാരണവശാലും സർക്കാരിനുമേൽ വരുന്നില്ല. എക്സ്ട്രാ ബജറ്ററി വായ്പകൾ പൊതുമേഖലാ സ്ഥാപനം തിരിച്ചടയ്ക്കുന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. തിരിച്ച് അടച്ചില്ലെങ്കിൽ അതിനുള്ള ബാധ്യത സർക്കാരിന്റെ ചുമലിൽ വരും. ഇത്തരത്തിലുള്ള ബാധ്യതകൾ സൃഷ്ടിക്കാത്ത പൊതുമേഖലാ വായ്പകളാണ് ഈ ഇനത്തിൽപ്പെടുത്തുക.

ഇതുവരെയുള്ള അംഗീകൃത കണക്കെഴുത്ത് രീതി പ്രകാരം സർക്കാരിന്റെ കടബാധ്യതകൾ ഒന്നും രണ്ടും ഇനങ്ങളിൽപ്പെട്ട വായ്പകളാണ്. ഈ രണ്ട് ഇനങ്ങളെയും ബജറ്റ് കണക്കുകളിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് സർക്കാരിന്റെ ഒരു വർഷത്തെ മൂലധന വരുമാനം.
ഇപ്പോൾ കേന്ദ്രം പറയുന്നത് മൂന്നും നാലും ഇനങ്ങളിലായി പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും കടപരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുമെന്നാണ്. ഇതാണ് ഇപ്പോഴുള്ള വിവാദത്തിന്റെ കാതൽ.

കേന്ദ്ര സർക്കാരാണ് ഇപ്രകാരം ഓഫ് ബജറ്റ് വായ്പകളും എക്സ്ട്രാ ബജറ്റ് വായ്പകളും കൂടുതലായി എടുക്കുന്നത്. അവയൊന്നും കേന്ദ്ര സർക്കാരിന്റെ കടബാധ്യതകളിൽ ഉൾപ്പെടുത്തുന്നില്ല. എന്നാൽ ഇപ്പോൾ സംസ്ഥാന ധനകാര്യ സ്വാതന്ത്ര്യത്തിനു പൂട്ടിടാൻ ഇവ രണ്ടും സംസ്ഥാന സർക്കാരുകളുടെ കടബാധ്യതയായി കണക്കാക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ എടുക്കുന്ന വായ്പകൾ തുടർന്നുള്ള വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽനിന്നു കിഴിവ് ചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ശ്രദ്ധിക്കേണ്ട കാര്യം ഭാവി വായ്പയല്ല. ഇതുവരെ എടുത്ത വായ്പകൾ മുഴുവൻ തുടർന്നുള്ള വർഷങ്ങളിലാണ് വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ പോകുന്നത്. തങ്ങൾക്ക് ആകാം. സംസ്ഥാനങ്ങൾക്കു പാടില്ലായെന്നാണ് ആ ഇരട്ടത്താപ്പ്. ഈ സംസ്ഥാനവിരുദ്ധ നിലപാടിനെ മന്ത്രി വി. മുരളീധരൻ ന്യായീകരിക്കുന്നതു മനസിലാക്കാം. പക്ഷേ, വി.ഡി. സതീശനും കൂടെച്ചേരുന്നത് എന്തുകൊണ്ടാണ്?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+