ചാമുണ്ഡിക്കുന്ന് സ്വദേശിയുടെ മരണം കൊലയെന്ന് സംശയം; മറ്റൊരു യുവാവുമായി വാക്കേറ്റമുണ്ടായതായി വിവരം
കാഞ്ഞങ്ങാട്: സംസ്ഥാന അതിര്‍ത്തിയായ കര്‍ണാടക ചെമ്പേരിയിലെ ചില്ലറ മദ്യവില്‍പ്പന ശാലക്ക് സമീപം മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലയാണെന്ന് സംശയം . ബളാംതോട് ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വാസുദേവന്‍ നായരുടെ മകന്‍ ജയപ്രകാശി(45)നെയാണ് മദ്യവില്‍പ്പന ശാലക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്.
വാഴക്ക് വെള്ളം നനക്കാന്‍ വന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തലക്കും കാലുകള്‍ക്കുമടക്കം പരിക്കുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മടിക്കേരി ഇന്‍സ്‌പെകടര്‍ സിദ്ധയ്യയുടെ നേതൃത്വത്തില്‍ ബാഗമണ്ഡല പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അതിനിടെ ജയപ്രകാശ് ഞായറാഴ്ച ചെമ്പേരിയിലെ യുവാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായും കയ്യാങ്കളിയിലെത്തിയിരുന്നതായും സൂചനയുണ്ട്. മറ്റേയാളും മലയാളിയാണ്.

കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ചില്ലറ മദ്യവില്‍പ്പന ശാലയിലെ സി.സി.ടി.വി. ദ്യശ്യങ്ങളടക്കം പൊലീസ് പരിശോധിക്കും. മലയാളിയായതിനാല്‍ ആവശ്യമെങ്കില്‍ കേരളാ പൊലീസിന്റെ സഹായവും തേടും. നടപടികള്‍ പൂര്‍ത്തിയാക്കി സുള്ള്യ കെ.വി.ജി. മെഡിക്കല്‍ കോളജില്‍ മൃതദേഹ പരിശോധന നടത്തി. രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. ജയപ്രകാശ് ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നും പോയത്. മാതാവ്: രത്‌നമ്മ. ഭാര്യ: മാധവി. സഹോദരന്‍: ജഗദീഷ് കുമാര്‍.












Click it and Unblock the Notifications