ചന്ദ്രയാൻ-3: കേരളത്തിന് അഭിമാനം, ദൗത്യത്തിൽ പങ്കാളികളായി 3 പൊതുമേഖലാ സ്ഥാപനങ്ങൾ
തിരുവനന്തപുരം: ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചതിൽ രാജ്യം അഭിമാനം കൊള്ളുമ്പോൾ കേരളത്തിന് പ്രത്യേകമായി സന്തോഷിക്കാനുളള വകയുണ്ട് അതിൽ. കെൽട്രോൺ അടക്കം സംസ്ഥാനത്തെ മൂന്ന് പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ അഭിമാനം കൊളളുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ' കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

41 ഇലക്ട്രോണിക്സ് മൊഡ്യൂൾ പാക്കേജുകൾ ഉൾപ്പെടെ കെൽട്രോണിൽ നിന്ന് നിർമ്മിച്ച് നൽകിയപ്പോൾ കെ എം എം എലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് ഉപയോഗിച്ചുണ്ടാക്കിയ അലോയ്കളാണ് ബഹിരാകാശ പേടകത്തിലെ ക്രിറ്റിക്കൽ കമ്പോണൻ്റ്സ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പൊതുമേഖലാ വ്യവസായ സ്ഥാപനമായ സ്റ്റീൽ ആൻ്റ് ഫോർജിങ്ങ്സ് ലിമിറ്റഡിൽ നിന്നുള്ള ടൈറ്റാനിയം, അലൂമിനിയം ഫോർജിങ്ങുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും നിർമ്മിച്ചു നൽകി.
ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം. വിജയകരമായ വിക്ഷേപണം സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു.
അതേസമയം ചന്ദ്രയാൻ വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
' രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യ്ക്ക് അഭിനന്ദനങ്ങൾ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണ്. ശാസ്ത്രബോധത്തിലൂന്നിയ ഒരു സമൂഹത്തിനുമാത്രമേ കൂടുതൽ മികവു കൈവരിക്കാൻ കഴിയുകയുള്ളൂ എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങൾ. ചാന്ദ്ര ദൗത്യം വിജയകരമാക്കി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐ.എസ്.ആർ.ഒ.യ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.












Click it and Unblock the Notifications