യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവം: നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രം, വിചാരണ ഉടൻ!!
കൽപ്പറ്റ: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ വിനായകൻ തെറ്റ് സമ്മതിച്ചെന്ന് പോലീസ് കുറ്റപത്രം. ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് പോലീസ് കൽപ്പറ്റ സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ഇതോടെ ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളത്. ഇതോടെ കേസിന്റെ വിചാരണയും ആരംഭിക്കും.
ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഫോണിൽ വിളിച്ച യുവതിയോട് അശ്ലീല ചുവയോട സംസാരിച്ചെന്നാണ് പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ കൽപ്പറ്റ പോലീസ് വിനായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സ്റ്റേഷനിലെത്തി വിനായകൻ ജാമ്യമെടുത്തതോടെയാണ് പോലീസ് നടനെ വിട്ടയച്ചത്. കേസിലെ പരാതിക്കാരിയെ വിളിക്കുകയോ ഭീഷണിപ്പെടുത്തുകോ ചെയ്യരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 20നാണ് അറസ്റ്റ് രേഖപ്പെടുത്തി വിനായകനെ വിട്ടയച്ചത്.

അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ റെക്കോർഡും യുവതി പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. യുവതി ഹാജരാക്കിയ ഫോൺ രേഖയിലെ ശബ്ദം തന്റേതാണെന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ വിനായകൻ നേരത്തെ സമ്മതിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ വയനാട്ടിൽ സംഘടിപ്പിച്ച പരിപാടിയലേക്ക് അതിഥിതിയായി ക്ഷണിക്കാൻ വിളിച്ചപ്പോഴായിരുന്നു സംഭവമെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാണിച്ചത്. നാല് മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കേസിന്റെ വിചാരണക്ക് മുമ്പുതന്നെ കേസ് അഭിഭാഷകൻ മുഖേൻ ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും ചില റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications