ചേലക്കര തിരഞ്ഞെടുപ്പ്: അന്‍വറിനെതിരെ കേസെടുക്കാമോ? കോടതിയോട് അനുമതി തേടി പൊലീസ്
ചേലക്കര: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സംഭവത്തില്‍ ഡിഎംകെ നേതാവും നിലമ്പൂര്‍ എംഎല്‍എയുമായ പിവി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി പൊലീസ്. ചേലക്കര പൊലീസാണ് കോടതിയുടെ അനുമതി തേടിയത്. ഇന്നലെയാണ് ചേലക്കരയില്‍ പിവി അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനിടെ പിന്നാലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്‍വറിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.
പൊലീസ് വിലക്ക് ലംഘിച്ചാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനത്തിനിടെ ഇത് പെരുമാറ്റ ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ അന്‍വറിന് സമീപമെത്തി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചട്ടലംഘനമല്ല എന്ന് അവകാശപ്പെട്ട് അന്‍വര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനോട് തര്‍ക്കിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് തന്റെ വാര്‍ത്താ സമ്മേളനം തടയുന്നതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

കേസ് എന്തുതന്നെയായാലും താന്‍ നേരിടാമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അന്‍വറിന് നോട്ടീസ് നല്‍കിയ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിവേക് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ അന്‍വറിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്.
ചേലക്കരയിലെ ഹോട്ടലിലാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്. തിരഞ്ഞെടുപ്പ് സംബന്ധിച്ചുളള ഒരു ടെലികാസ്റ്റിംഗും ഈ സമയത്ത് പാടില്ല എന്നതാണ് നിയമമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. അതേസമയം ചേലക്കരയില്‍ മൂന്ന് മുന്നണികളും വ്യാപകമായി പണമൊഴുക്കി എന്നാണ് അന്‍വര്‍ ഇന്നലെ ആരോപിച്ചത്. മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാര്‍ത്താസമ്മേളനം എന്നും അദ്ദേഹം പറഞ്ഞു.
'കോളനികളില്‍ ഇടതുമുന്നണി മദ്യവും പണവും ഒഴുക്കുകയാണെ്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളോടു പറയാനുള്ള കാര്യങ്ങളുണ്ട്. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നതെന്ന് അറിയില്ല. രാവിലെതന്നെ പൊലീസ് വന്ന് സ്റ്റാഫിനെയും ഹോട്ടലുകാരെയും ഭീഷണിപ്പെടുത്തി. ചെറുതുരുത്തിയില്‍ നിന്ന് 25 ലക്ഷം രൂപ പിടിച്ചെടുത്തു. മരുമകനല്ലേ അവിടെ ക്യാംപ് ചെയ്യുന്നത്,' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി പണം കൂടി വച്ചാണ് കോളനികളില്‍ വിതരണം ചെയ്യുന്നത് എന്നും ആ നിലയിലേക്ക് എല്‍ഡിഎഫ് എത്തിയെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ചേലക്കരയില്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചെലവാക്കിയത് എന്നം അദ്ദേഹം ആരോപിച്ചു. മുന്‍ കോണ്‍ഗ്രസ് നേതാവ് എന്‍കെ സുധീര്‍ ആണ് ചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.












Click it and Unblock the Notifications