എന്‍കെ സുധീർ അവതരിക്കുന്നു, പിന്നില്‍ എംഎല്‍എ: രമ്യ വീണ്ടും നിരാശപ്പെടേണ്ടി വരുമോ: ഇടതിന് രണ്ടാം ചിരി
പാലക്കാട്: നിയമസഭ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച രണ്ട് മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടികളാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. പാലക്കാട് മണ്ഡലത്തിലെ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാർത്ഥിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് പി സരിന്‍ രംഗത്ത് വന്നപ്പോള്‍ ചേലക്കരയില്‍ വെല്ലുവിളിയാകുന്നത് എ ഐ സി സി അംഗം കൂടിയായ എന്‍ കെ സുധീറിന്റെ നീക്കം. ഫലത്തില്‍ രണ്ടിടത്തേയും കോണ്‍ഗ്രസിലെ വിമത നീക്കം ഇടതിന് ആശ്വാസമായി മാറുകയാണ്.
ചേലക്കര മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചവരില്‍ പ്രമുഖനായിരുന്നു എന്‍ കെ സുധീർ. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരിച്ച തോറ്റ രമ്യ ഹരിദാസിന് സീറ്റ് കൊടുക്കാനായിരുന്നു പാർട്ടി തീരുമാനം. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു എന്‍കെ സുധീറിന്റെ അപ്രതീക്ഷിത നീക്കം.

എ ഐ സി സി അംഗത്വം എന്‍ കെ സുധീർ ഇന്ന് രാജിവെക്കുമെന്നാണ് റിപ്പോർട്ട്. സുധീറിനെ അനുനയിപ്പിക്കാനുള്ള നീക്കം ഇന്നലെ രാത്രി തന്നെ കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അതോടൊപ്പം തന്നെ നിലമ്പൂർ എം എല്‍ എ പിവി അന്‍വറുമായി സുധീർ ചർച്ച നടത്തുകയും ചെയ്തു.
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിന്റെ പാർട്ടിയായ ഡി എം കെയുടെ ഭാഗമായി മത്സരിക്കാനാണ് എന്‍ കെ സുധീറിന്റെ നീക്കം. ചേലക്കരയില്‍ ഇത്തവണ തന്നെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും അവസാന നിമിഷം അത് പാലിക്കപ്പെട്ടില്ലെന്നാണ് എന്‍കെ സുധീർ ആരോപിക്കുന്നത്.
എന്‍ കെ സുധീർ സ്ഥാനാർത്ഥിയായി വരുമ്പോള്‍ അത് രമ്യ ഹരിദാസിന്റെ പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴത്തും. സംഘടനപരമായി മണ്ഡലത്തില്‍ എന്‍ കെ സുധീറിന് വലിയ സ്വാധീനമില്ലെങ്കിലും രമ്യ ഹരിദാസിന് സ്ഥാനാർത്ഥിത്വം നല്‍കിയതില്‍ അതൃപ്തിയുള്ളവരുടെ വോട്ടുകള്‍ സമാഹരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കും. 2009 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂർ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും എന്‍കെ സുധീറിന് സാധിച്ചിരുന്നു.
1996 മുതല്‍ സി പി എം തുടർച്ചയായി വിജയിച്ച് വരുന്ന മണ്ഡലമാണ് ചേലക്കര. കെ രാധാകൃഷ്ണന്‍ ആലത്തൂർ മണ്ഡലത്തില്‍ നിന്നും വിജയിച്ച് ലോക്സഭയിലേക്ക് പോയതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സി പി എം സ്ഥാനാർത്ഥിയായി മുന്‍ എം എല്‍ എ കൂടിയായ യുആർ പ്രദീപ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ചേലക്കരയ്ക്ക് പുറമെ പാലക്കാടും ഡി എം കെ സ്ഥാനാർത്ഥിയെ നിർത്താനുള്ള ആലോചന നടക്കുന്നുണ്ട്. ഉചിതമായ സ്ഥാനാർത്ഥിയെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അന്‍വർ തന്നെ മത്സരിക്കാനാണ് സാധ്യത. ഇന്ന് രാവിലെ 10 മണിക്ക് പാലക്കാട് കെ പി എം ഹോട്ടലിൽ അന്‍വർ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ഡി എം കെ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിടുമെന്നാണ് അന്‍വർ വ്യക്തമാക്കിയത്.












Click it and Unblock the Notifications