ചേലക്കര പിടിക്കാന്‍ കച്ചകെട്ടി കോണ്‍ഗ്രസ്, കരുത്തായി ഈ കണക്കുകള്‍, രാധാകൃഷ്ണന്‍ എന്ന 'എക്‌സ് ഫാക്ടര്‍'
തൃശൂര്‍: ചേലക്കരയില്‍ ഇന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കൊട്ടിക്കലാശമാണ്. മറ്റന്നാള്‍ ചേലക്കരയിലെ വോട്ടര്‍മാര്‍ മണ്ഡലത്തിന്റെ വിധിയെഴുതും. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഭരണകക്ഷിയായ സിപിഎമ്മിന്റെ ഏക സിറ്റിംഗ് സീറ്റ് ചേലക്കരയിലേതാണ്. കഴിഞ്ഞ 28 വര്‍ഷമായി ചേലക്കരയില്‍ എല്‍ഡിഎഫാണ് ജയിക്കുന്നത്. അതില്‍ തന്നെ 23 വര്‍ഷവും കെ രാധാകൃഷ്ണനായിരുന്നു ചേലക്കരയുടെ എംഎല്‍എ.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് കെ രാധാകൃഷ്ണന്‍ മത്സരിച്ച് ജയിച്ചതോടെയാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. ചേലക്കരയില്‍ ഇത്തവണയും ഈസി വാക്കോവറാണ് സിപിഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ നേടിയ 40000 ത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ എല്‍ഡിഎഫ് ക്യാപിന്റെ ലക്ഷ്യം. എന്നാല്‍ അത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് കണക്കുകള്‍ പറയുന്നത്.

ആറ് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ് ഇതില്‍ സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത്. പതിറ്റാണ്ടുകളോളം ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ച് വന്ന രാധാകൃഷ്ണന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലും പഞ്ചായത്തിലും ബൂത്തിലും കാലിടറിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ ലീഡ് 5173 ആയിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് 40000 ത്തിലേറെ ഭൂരിപക്ഷം ലഭിച്ചിടത്ത് നിന്നാണ് രാധാകൃഷ്ണന്റെ ലീഡ് കുത്തനെ ഇടിഞ്ഞത്. തീര്‍ന്നില്ല, രാധാകൃഷ്ണന്റെ പഞ്ചായത്തില്‍ 367 വോട്ടിന് മുന്നിട്ട് നിന്നത് രമ്യ ഹരിദാസായിരുന്നു. രാധാകൃഷ്ണന് വോട്ടുള്ള സ്വന്തം ബൂത്തായ തോന്നൂര്‍ക്കര എയുപി സ്‌കൂളിലെ 75 ാം നമ്പര്‍ ബൂത്തിലും രമ്യയ്ക്കായിരുന്നു ലീഡ്. രമ്യയ്ക്ക് ഇവിെ 308 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാധാകൃഷ്ണന് 299 വോട്ടാണ് ലഭിച്ചത്.
എന്നാല്‍ ഇതൊന്നും ഉപതിരഞ്ഞെടുപ്പിലെ സാഹചര്യത്തിന്റെ ഗതി നിര്‍ണയിക്കില്ല എന്നാണ് എല്‍ഡിഎഫ് ക്യാംപിന്റെ വിശ്വാസം. 2016-21 കാലത്തില്‍ എംഎല്‍എയായിരുന്ന യുആര്‍ പ്രദീപിന് മണ്ഡലത്തിലുള്ള സ്വാധീനം വോട്ടാക്കി മാറ്റാനാകും എന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. അതേസമയം ചേലക്കരയുടെ മാറ്റത്തിന്റെ ആദ്യ പടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ എന്നാണ് യുഡിഎഫ് ക്യാംപ് പറയുന്നത്.
'ഇതൊരു സൂചനയാണ്. സ്വന്തം വീട് നില്‍ക്കുന്ന സ്ഥലത്ത് തന്നെ വോട്ടെണ്ണത്തില്‍ പിന്നിലേക്ക് പോകുന്നത് ജനപിന്തുണ കുറയുന്നതിന്റെ മുന്നോടിയാണ്,' കോണ്‍ഗ്രസ് വൃത്തങ്ങള്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോള്‍ എന്നാണ് തോന്നൂര്‍ക്കരയിലെ പലരുടേയും അഭിപ്രായം. ജനങ്ങള്‍ എങ്ങനെ ചിന്തിക്കുമെന്ന് പറയാനാകില്ല.

മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി സിപിഎമ്മും കോണ്‍ഗ്രസും തുല്യമായി നില്‍ക്കുന്ന ഒരു പ്രതീതിയാണ് കാണുന്നത് എന്നാണ് മണ്ഡലത്തിലെ ഒരു മുതിര്‍ന്ന വോട്ടര്‍ പറയുന്നത്. 'ബിജെപിക്ക് സാധ്യത കുറവാണ്. എങ്കിലും അവരുടെ പ്രവര്‍ത്തനം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ രാധാകൃഷ്ണന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമല്ല എന്ന തരത്തില്‍ പ്രചരണം ശക്തമാകുന്നതും ഇടത് ക്യാംപിന് തിരിച്ചടിയാണ്. രാധാകൃഷ്ണനെതിരെ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി പ്രദീപ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി പ്രദീപും രാധാകൃഷ്ണനും രംഗത്തെത്തി. അങ്ങനെ ഒരു പരാതി നല്‍കിയിട്ടില്ല എന്നായിരുന്നു പ്രദീപ് പറഞ്ഞത്.
പ്രചാരണത്തിന് താന്‍ സജീവമായിട്ടുണ്ടെന്ന് കെ രാധാകൃഷ്ണനും പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ ചേലക്കരയില്‍ സജീവമായി ഉണ്ടെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നയാളാണ് താനെന്നുമായിരുന്നു രാധാകൃഷ്ണന്റെ മറുപടി.












Click it and Unblock the Notifications