ചെങ്ങന്നൂരിൽ ചെങ്കൊടി പാറിച്ച് സജി ചെറിയാൻ; റെക്കോർഡ് ഭൂരിപക്ഷം... തകർന്നടിഞ്ഞ് കോൺഗ്രസും ബിജെപിയും
നഗരസഭയിലും പതിനൊന്ന് പഞ്ചായത്തുകളിലും വ്യക്തമായ മേൽക്കെ നേടിയായിരുന്നു എൽഡിഎഫ് പടയോട്ടം.
Recommended Video

ചെങ്ങന്നൂർ: പിണറായി സർക്കാർ രണ്ടാം വാർഷികത്തിന് പിന്നാലെ നടന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വലജയം. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായാണ് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. കോൺഗ്രസ് സ്ഥാനാർത്ഥി ഡി വിജയകുമാറാണ് രണ്ടാമത്. ബിജെപിയുടെ പിഎസ് ശ്രീധരൻപിള്ള മൂന്നാമതെത്തി. ചെങ്ങന്നൂർ നഗരസഭയിലും പതിനൊന്ന് പഞ്ചായത്തുകളിലും വ്യക്തമായ മേൽക്കെ നേടിയായിരുന്നു എൽഡിഎഫ് പടയോട്ടം.

എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് ആകെ 67303 വോട്ട് ലഭിച്ചപ്പോൾ, കോൺഗ്രസ് സ്ഥാനാർത്ഥി ഡി വിജയകുമാറിന് കിട്ടിയത് 46347 വോട്ട്. സജി ചെറിയാന്റെ ഭൂരിപക്ഷം 20956 വോട്ട്. മൂന്നാമത് എത്തിയ ബിജെപി സ്ഥാനാർത്ഥി പിഎസ് ശ്രീധരൻപിള്ളയ്ക്ക് ആകെ 35270 വോട്ടുകൾ ലഭിച്ചു. 2016ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് വോട്ടുകളിൽ വലിയ മാറ്റമില്ല. എന്നാൽ ബിജെപിക്ക് ഇത്തവണ ഏഴായിരം വോട്ടുകൾ കുറഞ്ഞു. ബിജെപിയുടെ ഈ വോട്ട് ചോർച്ച തന്നെയാകും വരുംനാളുകളിലെ ചർച്ചാവിഷയം.
രാവിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ഉച്ചയ്ക്ക് അവസാനിക്കുന്നത് വരെ സജി ചെറിയാൻ മാത്രമായിരുന്നു ഒന്നാമത്. എതിർസ്ഥാനാർത്ഥികളായ വിജയകുമാറിനും ശ്രീധരൻപിള്ളയ്ക്കും ഒരു ഘട്ടത്തിൽ പോലും അദ്ദേഹത്തിന് വെല്ലുവിളി ഉയർത്താനായില്ല. കോൺഗ്രസ് കോട്ടകളായ മാന്നാറും, പാണ്ടനാടും സജി ചെറിയാനൊപ്പം നിന്നു. കേരള കോൺഗ്രസ് ഭരിക്കുന്ന തിരുവൻമുണ്ടൂരിലും ബിജെപിയെ പിന്തള്ളി എൽഡിഎഫ് ഒന്നാമതെത്തി. കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. ചെങ്ങന്നൂർ നഗരസഭയടക്കം പിന്നീടങ്ങോട്ടുള്ള എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫിന് മൃഗീയ ഭൂരിപക്ഷം ലഭിച്ചു. ഒടുവിൽ ഉച്ചയ്ക്ക് ഒരു മണിയോടെ വോട്ടെണ്ണൽ കേന്ദ്രമായ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ 20956 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നു. എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് നിലനിർത്തി സജി ചെറിയാൻ ഇനി നിയമസഭയിലേക്ക്...












Click it and Unblock the Notifications