എഴുപതാം വയസ്സില്‍ ഛത്തീസ്ഗഡ് മന്ത്രിയുടെ സ്കൈ ഡൈവിങ്: അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ബാഗേല്‍
ദില്ലി: എഴുപതാം വയസ്സില്‍ സ്കൈ ഡൈവിങ് നടത്തി മുഖ്യമന്ത്രി ഭൂപേഷ് സിംഹ് ബാഗേലിനേയടക്കം അമ്പരിപ്പിച്ച് ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ. ഓസ്‌ട്രേലിയയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മന്ത്രി സ്‌കൈഡൈവിംഗിനായി സമയം കണ്ടെത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മന്ത്രി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'ആകാശത്ത് എത്തുന്നതിന് അതിരുകളില്ലായിരുന്നു. ഒരിക്കലുമില്ല! ഓസ്‌ട്രേലിയയിൽ സ്കൈഡൈവിംഗിന് പോകാൻ എനിക്ക് അവിശ്വസനീയമായ അവസരം ലഭിച്ചു, അത് ശരിക്കും ഒരു അസാധാരണ സാഹസികതയായിരുന്നു. ആഹ്ലാദകരവും വളരെ ആസ്വാദ്യകരവുമായ ഒരു അനുഭവം കൂടിയായിരുന്നു അത്'- മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി ഭൂപേഷ് സിംഹ് ബാഗേല്‍ രംഗത്ത് വന്നത്.

'കൊള്ളാം മഹാരാജാ സാഹാബ്!! നിങ്ങൾ അത്ഭുതപ്പെടുത്തി! നിങ്ങളുടെ ഈ ഉത്സാഹം നിലനിർത്തുക. ആശംസകൾ.'- എന്നാണ് മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ഓസ്‌ട്രേലിയയിലെ പ്രശസ്തമായ സ്കൈഡൈവിംഗ് സെന്ററിൽ നിന്നുള്ള പരിചയസമ്പന്നരായ പരിശീലകനോടൊപ്പമായിരുന്നു മന്ത്രിയുടെ സാഹസിക യാത്ര.
അംബികാപൂർ ആസ്ഥാനമായ രാജകുടുംബം സർഗുജയിലെ ഇപ്പോഴത്തെ മഹാരാജാവ് കൂടിയാണ് അദ്ദേഹം. പ്രാദേശികമായി "ടി.എസ്. ബാബ" എന്ന് അറിയപ്പെടുന്ന മന്ത്രി വളറേയറെ ജനപ്രീതിയുള്ള കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരും മുതിർന്നവരുമായ അംഗങ്ങളിൽ ഒരാള്‍ കൂടിയായ ഇദ്ദേഹം ഛത്തീസ്ഗഡിലെ ഏറ്റവും ധനികനായ എം എൽ എയുമാണ്.
ഛത്തീസ്ഗഡ് വിധാൻസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 3 തവണ അംബികാപൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന സിംഗ് ദിയോ 2018 ലെ തെരഞ്ഞെടുപ്പിൽ ബിജെപി എതിരാളിയായ അനുരാഗ് സിംഗ് ദേവിനെതിരെ 39,624 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.












Click it and Unblock the Notifications