ഒരു വകുപ്പ് കൂടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നു; ചര്‍ച്ച തുടങ്ങി, എതിര്‍പ്പുമായി സിപിഐയിലെ ഒരു വിഭാഗം
തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാറില്‍ നിന്നും അടിമുടി മാറ്റങ്ങളുമായാണാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 21 ല്‍ 18 പേരും പുതുമുഖങ്ങളായ മന്ത്രിസഭയില്‍ വകുപ്പുകളുടെ കാര്യത്തിലും ഇത്തവണ ചെറിയ മാറ്റങ്ങളുണ്ടായി. കഴിഞ്ഞ തവണ എംഎം മണി കൈകാര്യം ചെയ്ത വൈദ്യുതി വകുപ്പ് ഇത്തവണ ജെഡിഎസിന് നല്‍കിയപ്പോള്‍ അവരുടെ കൈവശമുണ്ടായിരുന്ന ജലവിഭവ വകുപ്പ് എടുത്ത് കേരള കോണ്‍ഗ്രസിന് നല്‍കി.
എന്‍സിപിയുടെ വകുപ്പിലും ഇത്തവണ മാറ്റമുണ്ടായി. അവര്‍ കൈകാര്യം ചെയ്ത ഗാതഗതം ആന്‍റണി രാജുവിന് നല്‍കിയപ്പോള്‍ സിപിഐയില്‍ നിന്നും എടുത്ത വനം വകുപ്പാണ് എന്‍സിപിക്ക് നല്‍കിയത്. ഇപ്പോഴിതാ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷവും ചില വകുപ്പുകളുടെ കാര്യത്തില്‍ മാറ്റമുണ്ടാവുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ദുരന്ത നിവാരണ വകുപ്പ്
സിപിഐ കൈകാര്യം ചെയ്തിരുന്ന ദുരന്ത നിവാരണ വകുപ്പ് കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റടുത്തേക്കുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായ പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലതില്‍ കൂടുതല്‍ മെച്ചപ്പെട്ട ഏകോപനത്തിനായി വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാവണം എന്ന വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു നീക്കം.

ഉഭയകക്ഷി ചർച്ച
ഇത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലെ ഉഭയകക്ഷി ചർച്ച അവസാന ഘട്ടത്തിലാണ്. സിപിഎം മുന്‍കൈ എടുത്താണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ചര്‍ച്ചകളില്‍ സിപിഐ വലിയ എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും വകുപ്പ് വിട്ടുകൊടുക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് അത്ര താല്‍പര്യമില്ല. ഇതുകൂടി പരിഹരിച്ചതിന് ശേഷമാവും വകുപ്പ് കൈമാറ്റം.

റവന്യൂ മന്ത്രിയുടെ അധികാരങ്ങള്‍
തുടര്‍ച്ചയായ പ്രളയങ്ങള്‍ക്ക് ശേഷം ദുരന്ത നിവാരണ വകുപ്പിന്‍റെ പ്രധാന്യം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആ വകുപ്പ് കൂടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ റവന്യൂ മന്ത്രിയുടെ അധികാരങ്ങള്‍ ദുര്‍ബലമാകും. ഇതാണ് സിപിഐയിലെ ഒരു വിഭാഗത്തിന്‍റെ എതിര്‍പ്പിന് കാരണം. 2005 ല്‍ കേന്ദ്ര നിയമത്തിന്‍റെ ചുവട് പിടിച്ച് നിലവില്‍ വന്ന ദുരന്ത നിവാരണ വകുപ്പ് ഇടത് സര്‍ക്കാറില്‍ സിപിഐ ആണ് കൈകാര്യം ചെയ്തിരുന്നത്.

വിദഗ്ധരുടെ അഭിപ്രായങ്ങള്‍
ജില്ലാ ഭരണകൂടങ്ങളുടെ അധികാരങ്ങളോട് ചേർത്ത് ചട്ടങ്ങൾ വന്നതോടെ തുടക്കം മുതൽ റവന്യു വകുപ്പുമായി ചേർന്നായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ പ്രകൃതി ക്ഷോഭങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വകുപ്പ് മുഖ്യമന്ത്രി കീഴിലാക്കണം എന്നാണ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാരില്‍ ദുരന്ത നിവാരണ വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.

നേരത്തേയും എതിര്‍പ്പ്
അന്ന് സിപിഐ നേതൃത്വം വലിയ എതിര്‍പ്പായിരുന്നു ഉയര്‍ത്തിയിരുന്നത്. ഭരണപരവും സാങ്കേതികവുമായ മറ്റ് സങ്കീര്‍ണതകളും തടസ്സമായി. പുതിയ സാഹചര്യത്തില്‍ വിദഗ്ദ്ധ അംഗങ്ങളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയെ സ്വതന്ത്ര ചുമതലയുള്ള സംവിധാനമാക്കാനാണ് നീക്കം. ജില്ലാ അടിസ്ഥാനത്തില്‍ കളക്ടര്‍മാരാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ അധികാര കേന്ദ്രം.

പകരം വകുപ്പ്
വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്താല്‍ റവന്യൂ മന്ത്രിക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിനും ജില്ലാ ഭരണകൂടുങ്ങളുടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഇടപെടാന്‍ അവസരമൊരുങ്ങും. ദുരന്ത നിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോള്‍ അവര്‍ക്ക് പകരം മറ്റേതെങ്കിലും വകുപ്പുകള്‍ കൊടുത്തേക്കുമെന്ന സൂചനയുമുണ്ട്.

ന്യൂനപക്ഷ ക്ഷേമ വകുപ്പും
നേരത്തെ ന്യൂനപക്ഷ ക്ഷേമ വകുപ്പും മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടവെച്ചു. താനൂരില്‍ നിന്നും വിജയിച്ച വി അബ്ദുറഹ്മാന് ന്യൂന പക്ഷ ക്ഷേമ വകുപ്പ് നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു. ക്രിസ്ത്യന്‍ സഭകളുടെ സമ്മര്‍ദ്ദം മൂലമാണ് ഇത്തരമൊരു നീക്കമെന്ന ആരോപണവും ഒരു വശത്ത് നിന്നും ഉയര്‍ന്നിരുന്നു.

ഇരുപതോളം വകുപ്പുകള്‍
നിലവില്‍ ഇരുപതിലേറെ വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കൈവശമുള്ളത്. പൊതുഭരണം, ആഭ്യന്തരം, ന്യൂനപക്ഷ ക്ഷേമം, ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി, ആസൂത്രണം, മലിനീകരണ നിയന്ത്രണം, ശാസ്ത്ര സ്ഥാപനങ്ങള്‍, ഐടി, മെട്രോ റെയില്‍, വിമാനത്താവളങ്ങള്‍, വിജിലന്‍സ്, ഫയര്‍ ഫോഴ്‌സ്, ജയില്‍, സൈനിക ക്ഷേമം, അന്തര്‍ നദീജല, ഇന്‍ലന്റ് നാവിഗേഷന്‍, നോര്‍ക്ക എന്നിവയാണ് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍.

കെ എന്‍ ബാലഗോപാലിന്
മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ്. ധനകാര്യം, ട്രഷറി, ഓഡിറ്റ്, കെഎഫ്‌സി, ദേശീയ സമ്പാദ്യം, വാണിജ്യ നികുതി, കാര്‍ഷികാദായ നികുതി, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, സംസ്ഥാന ഇന്‍ഷുറന്‍സ്, സ്റ്റാംപ്, സ്റ്റാംപ് ഡ്യൂട്ടി എന്നീ വകുപ്പുകളാണ് ബാലഗോപാലിന് കീഴിലുള്ളത്.

രാജീവും രാജനും
നിയമം, വ്യവസായം, വാണിജ്യം, മൈനിങ് ആന്റ് ജിയോളജി, ഖാദി ആന്റ് വില്ലേജ് ഇന്റസ്ട്രീസ്, ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍, കയര്‍, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, കശുവണ്ടി തുടങ്ങി പത്തിലേറെ വകുപ്പുകള്‍ പി രാജീവിനുമുണ്ട്. റവന്യു, ലാന്റ് റെക്കോര്‍ഡ്‌സ്, സര്‍വേ, ഭൂപരിഷ്‌കരണം, ഭവന നിര്‍മാണം, ദുരന്ത നിവാരണം തുടങ്ങിയ വകുപ്പുകളാണ് നിലവില്‍ കെ രാജന് കീഴിലുള്ളത്


Click it and Unblock the Notifications