സില്‍വര്‍ ലൈൻ നീട്ടുന്നത് ചര്‍ച്ചയില്‍: കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തി. ബംഗളൂരുവില്‍ വച്ചായിരുന്നു കൂടിക്കാഴ്ച രാവിലെ 9.30 ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണയിലായിരുന്നു കൂടിക്കാഴ്ച. രണ്ടു സംസ്ഥാനങ്ങള്‍ക്കും ഗുണകരമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
എന്‍ എച്ച് 766 ലെ രാത്രികാല നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയ്യാറാക്കുന്ന മൈസൂര്‍ മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ നടപ്പിലാക്കാന്‍ കേരളവും കര്‍ണാടകവും സംയുക്തമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെടും.

വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നിര്‍ദിഷ്ട കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി കര്‍ണാടക സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.
ചര്‍ച്ചയില്‍ കര്‍ണാടക ഹൗസിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വകുപ്പ് മന്ത്രി വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കര്‍ണാടക ചീഫ് സെക്രട്ടറി വന്ദിത ശര്‍മ്മ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, കര്‍ണാടക ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി പി എം കര്‍ണാടക സംസ്ഥാന കമ്മിറ്റി ബാഗേപ്പള്ളിയില്‍ സംഘടിപ്പിച്ച ബഹുജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ച് പകല്‍ 12ന് കെ എച്ച് ബി ലേ ഔട്ട് കോളനി ഗ്രൗണ്ടിലാണ് പൊതുയോഗം. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം എ ബേബി, ബി വി രാഘവലു, സംസ്ഥാന സെക്രട്ടറി യു ബസവരാജ്, വി ജെ കെ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. ബാഗേപ്പള്ളിയില്‍നിന്ന് മുപ്പതിനായിരം പ്രവര്‍ത്തകര്‍ റാലിക്കെത്തും. ബംഗളൂരുവില്‍നിന്ന് പതിനായിരം പേരും മറ്റു പ്രദേശങ്ങളില്‍നിന്നായി പതിനായിരം പേരെയുമാണ് പ്രതീക്ഷിക്കുന്നത്. ബംഗളൂരുവിലെ ആയിരത്തോളം ഐ ടി ജീവനക്കാര്‍ കുടുംബസമേതമെത്തും.












Click it and Unblock the Notifications