അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറി പിൻമാറി; പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കേന്ദ്രം യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെ അബുദാബി സന്ദർശനത്തിൽ നിന്നും ചീഫ് സെക്രട്ടറിയും പിൻമാറി. ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് പകരം മൂന്നംഗ ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും.നോര്‍ക്ക- ഐടി- ടൂറിസം സെക്രട്ടറിമാരാണ് അബുദാബി നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക. നേരത്തേ മുഖ്യമന്ത്രിയും മന്ത്രിമാരുമായിരുന്നു അബുദാബി സന്ദർശിക്കാനിരുന്നത്. എന്നാൽ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കുന്നതിന് യുഎഇ സർക്കാരിന്റെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രി പോകാൻ തീരുമാനിച്ചിരുന്നത്.യുഎഇ മന്ത്രി ഡോ.താനി അഹമ്മദ് അൽ സെയൂദിയാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി വിപി ജോയി എന്നിവർ അടങ്ങുന്ന 9 അംഗ സംഘമായിരുന്നു യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്.

അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. പരിപാടിയുടെ രണ്ട് ഗോൾഡൻ സ്പോൺസർമാരിൽ ഒന്ന് കേരളമാണ്. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും.
മെയ് 7 നാണ് പരിപാടി. അബുദാബി നാഷനല്‍ തിയറ്ററില്‍ മുഖ്യമന്ത്രി പ്രവാസ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇത്തരം സംഗമത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ട കാര്യമില്ലെന്നായിരുന്നു കേന്ദ്രസർക്കാർ നിലപാട്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നല്കിയതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചതെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications