സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിന് സ്റ്റേ; അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി
കൊച്ചി: ലൈംഗികാതിക്രമ കേസിലെ പ്രതിയായ സാഹിത്യകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. അതേസമയം അറസ്റ്റ് പാടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കി. വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണ് എന്ന ഉത്തരവും സ്റ്റേ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ള നാല് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയിരുന്നു. ഹൈക്കോടതി ഭരണ വിഭാഗത്തിന്റെത് ആയിരുന്നു സ്ഥലം മാറ്റ ഉത്തരവ്.

കോഴിക്കോട് ജില്ലാ ജഡ്ജി എസ് കൃഷ്ണ കുമാറിനെ കൊല്ലം ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസറാക്കിയാണ് നിയമിച്ചത്. സിവിക് ചന്ദ്രന്‍ കേസില്‍ പരാതിക്കാരിയുടേത് പ്രകോപനപരമായ വസ്ത്രധാരണം ആണ് എന്ന ജഡ്ജിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലായിരുന്നു ഈ പരാമര്‍ശം.
പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ല എന്നായിരുന്നു കോടതി പറഞ്ഞത്. ഇത് പ്രകാരം സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണ് എന്നും 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോഴിക്കോട് കോടതി പറഞ്ഞിരുന്നു.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍
കൊയിലാണ്ടിയില്‍ നന്ന ഒരു കവിതാ ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു യുവ എഴുത്തുകാരിയുടെ പരാതി. മറ്റൊരു എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ പരാതി കൊടുത്തിട്ടുണ്ട്. അതേസമയം സെഷന്‍സ് കോടതിയുടെ പരാമര്‍ശത്തിനും ജാമ്യം അനുവദിച്ചുള്ള ഉത്തരവിനും എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോടതി പരാമര്‍ശം അംഗീകരിക്കാനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി വിവാദ പരാമര്‍ശങ്ങള്‍ നീക്കണം എന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് ജഡ്ജിയെ സ്ഥലം മാറ്റിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കോഴിക്കോട് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications