' കേരളത്തില്‍ ആദ്യമായി താമര വിരിയാന്‍ കാരണം ആരാണ്?' കോൺഗ്രസിനെതിരെ മുഖ്യമന്ത്രി
കണ്ണൂർ: ബിജെപിക്കും കോൺഗ്രസിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിക്കുന്ന ജനപിന്തുണ എതിരാളികളെ ആശങ്കയിലാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് കൊണ്ടാണ് അവര്‍ കൃത്രിമമായി ചില പ്രതീകങ്ങള്‍ സൃഷ്ടിച്ച് ചര്‍ച്ച അതില്‍ തളച്ചിടാന്‍ വൃഥാ ശ്രമം നടത്തുന്നത്. നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തങ്ങളുടെ തുരുപ്പു ചീട്ട് എന്നാണ് കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്നത്. ആദ്യം അവര്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടിനെക്കുറിച്ച് പറയട്ടെ, അതെങ്ങോട്ടാണ് പോയതെന്നും പറയണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'' ആ വോട്ടെല്ലാം തിരിച്ചു പിടിച്ചാലല്ലേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴ് അയലത്തെങ്കിലും എത്താന്‍ കഴിയൂ. പുതിയ 'പോരാട്ടം ഏറ്റെടുക്കുന്നു: ശക്തനെ കൊണ്ടുവരുന്നു' എന്നൊക്കെ പറയുന്ന കോണ്‍ഗ്രസ് യഥാര്‍ത്ഥ പോരാട്ടത്തിലാണോ ഒത്തുകളിയിലാണോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ'' എന്നും മുഖ്യമന്ത്രി പറഞ്ഞു.

'' കേരളത്തില്‍ ആദ്യമായി താമര വിരിയാന്‍ കാരണം ആരാണ്? സ്വന്തം വോട്ടു മുഴുവന്‍ ബിജെപിക്ക് നല്‍കിയത് ആരാണ്? ഇതേ നേമത്ത് യുഡിഎഫിന് 2011ല്‍ ഉണ്ടായിരുന്ന വോട്ടു പോലും ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ വോട്ട് കിട്ടിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതെന്ന് സമ്മതിച്ച് മതേതര കേരളത്തോട് കോണ്‍ഗ്രസ് മാപ്പു പറയണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സീറ്റുകളൊക്കെ എവിടെ പോയി? തങ്ങള്‍ എല്ലാം ബിജെപിക്ക് സമ്മാനിച്ചുവെന്നും തങ്ങള്‍ ബിജെപിയെ വളര്‍ത്തിയെന്നും കോണ്‍ഗ്രസ് കുറ്റസമ്മതം നടത്തുമോ? ഇതേ നേമത്തെ നെടുങ്കാട് ഡിവിഷനിൽ കഴിഞ്ഞ തവണ 1169 വോട്ട് ഉണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ തെരഞ്ഞെടുപ്പില്‍ 74 വോട്ടാണ് ലഭിച്ചത്''.
'' കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും നേമത്ത് വര്‍ഗീയ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയത് ഇടതുപക്ഷമാണ്. എല്‍ഡിഎഫ് കഴിഞ്ഞ തവണയും വോട്ട് വര്‍ധിപ്പിച്ചത് ആ നിരന്തര പോരാട്ടത്തിലൂടെയാണ്.2016ൽ യുഡിഎഫിന് കിട്ടിയത് നേമത്ത് കിട്ടിയത് 13,860 വോട്ട് മാത്രമാണ്. അതായത് രണ്ടു തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫില്‍ നിന്ന് 47,024 വോട്ട് ചോര്‍ന്നു പോയി. ഇതൊക്കെ ആർക്കാണ് പോയത്? സംസാരിക്കുന്ന കണക്കുകളാണ് മുന്നിൽ വെക്കുന്നത്''.
''2016ൽ യുഡിഎഫിന് കിട്ടിയത് നേമത്ത് കിട്ടിയത് 13,860 ആണെങ്കിൽ എല്‍ഡിഎഫിന് 59,142 വോട്ട് കിട്ടി. അപ്പോള്‍ നേമത്ത് ആര്‍ക്കാണ് ജയസാധ്യത? ആരാണ് ശക്തനായ സ്ഥാനാര്‍ത്ഥി? കടുത്ത പോരാട്ടം എല്‍ഡിഎഫ് തന്നെയാണ് കാഴ്ചവെക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ കണ്‍കെട്ട് വിദ്യയല്ല, വര്‍ഗീയതയ്ക്കെതിരായ പോരാട്ടം. ഞങ്ങള്‍ക്ക്, ഇടതുപക്ഷത്തിന് അത് മതേതര കേരളത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തര സമരമാണ്. അതിനെ തകര്‍ക്കാന്‍ ആരു വന്നാലും ഞങ്ങള്‍ സമ്മതിക്കില്ല. മതേതരകേരളത്തിന് ഇടതുപക്ഷം നല്‍കുന്ന ഉറപ്പാണത് '' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications