കോ-ലീ-ബി സഖ്യത്തിന്റെ വിശാലരൂപം; ബിജെപി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ യുഡിഎഫ് കരാർ ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് - ബിജെപി ഒത്തുകളിയെന്ന ആരോപണം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ബിജെപി കോൺഗ്രസ് ബന്ധം പൂർവ്വാധികം ശക്തി പ്രാപിക്കുകയാണ്. എൻഡിഎ സ്ഥാനാർത്ഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാണ് ബിജെപി നീക്കമെന്നും പിണറായി പറഞ്ഞു.
കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

വിശാലരൂപം
" പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. നേരത്തെ ചില മണ്ഡലങ്ങളില്‍ ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ വലിയ തോതില്‍ വ്യാപിക്കുകയാണ്. ഇത് തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുന്ന ധാരണ എന്നതിലുപരി കേരളം ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന നേട്ടങ്ങള്‍ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെയാണ്. പരസ്യമായാണ് സുരേഷ് ഗോപി രഹസ്യം വിളിച്ചു പറഞ്ഞത്. സുരേഷ് ഗോപിയുടെ രീതി വച്ച് അദ്ദേഹത്തിന് ജാഗ്രത പാലിക്കാനായില്ല. ഉളള കാര്യം അദ്ദേഹം തുറന്നുപറയുകയായിരുന്നു," മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സഹായം
യുഡിഎഫും ബിജെപിയും പരസ്പര ധാരണയിലാണ് ഇതേവരെ കാര്യങ്ങള്‍ നീക്കിയതെന്ന് ഇപ്പോഴത്തെ സംഭവഗതികള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മുഖ്യമന്ത്രി. കഴിഞ്ഞതവണ നേമത്ത് ബിജെപിക്ക് ജയിക്കാൻ സാധിച്ചു. തൊട്ടടുത്തുളള മണ്ഡലത്തിൽ ഇതിനുളള സഹായം കോൺഗ്രസിന് ലഭിച്ചിരുന്നു. യുഡിഎഫിനെ സഹായിക്കുക വഴി ആത്യന്തികമായി ബിജെപിയ്‌ക്കാണ് ഗുണം കിട്ടുന്നത്.

ഇത്തരമൊരു ധാരണ വേണം
കേരളത്തിൽ ഇത്തരമൊരു ധാരണ വേണമെന്നും ഒരു രീതിയിലുമുളള അസ്വാരസ്യം തമ്മിൽ ഉണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താനുളള സർക്കാർ നിർദേശം കോൺഗ്രസും യുഡിഎഫും തളളിയത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നേട്ടം ബിജെപിക്ക്
ഒ. രാജഗോപാല്‍ പറഞ്ഞത് പ്രാദേശികമായി നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നത് ഇനിയും വേണമെന്നതാണ്. ഇതിന്റെ ഭാഗമായി ബിജെപിക്കാണ് ഗുണമുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമായി അക്കൗണ്ട് നിയമസഭയില്‍ തുറക്കാന്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സഹായത്തോടെ ബിജെപിക്ക് കഴിയുക എന്നത്, രാജഗോപാല്‍ പറഞ്ഞതുപോലെ ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കിയ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല നാട്ടിലൊരു വിഷയമല്ല
ഫെഡറൽ സംവിധാനമുളള രാജ്യത്ത് സംസ്ഥാനത്തിന് സഹായം നൽകേണ്ട ബാദ്ധ്യത കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിൽ നിന്നുളള പ്രമുഖർ ഇപ്പോൾ സംസ്ഥാനത്ത് വന്ന് കേരളത്തിന് നൽകിയ കാര്യങ്ങൾ വിളിച്ച് പറയുന്നുണ്ട്. നൽകിയ കാര്യങ്ങൾ അപര്യാപ്‌തമാണ്. എൽ ഡി എഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ നാടും നാട്ടുകാരും തിരിച്ചറിഞ്ഞിട്ടുണ്ട്. ആ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിലുണ്ടാകും. ശബരിമല നാട്ടിലൊരു വിഷയമല്ല. അതൊക്കെ പറഞ്ഞു കഴിഞ്ഞതാണ്. വർഗീയ ശക്തികളെ വളർത്താൻ നിന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ആപത്ത് കേരളത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം