Get Updates
Get notified of breaking news, exclusive insights, and must-see stories!

'92കാരനായ ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്', പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടത് അടക്കമുളള വിവാദങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്‍ തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകം ആദരിക്കുന്ന ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബിനെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്നും കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ എന്നുമാണ് വിളിച്ചത്. 92കാരനായ അദ്ദേഹം ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നത്. ഇവര്‍ക്കെതിരെ വിദ്വേഷത്തോടെ സംസാരിക്കുന്നതിന് കാരണം ഇരുവരും ആര്‍എസ്എസിന് വെറുക്കപ്പെട്ടവര്‍ ആയത് കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദുത്വ അജണ്ടയെ തുറന്ന് കാട്ടിയ ഇര്‍ഫാന്‍ ഹബീബിനെ ആര്‍എസ്എസ് ശത്രുവായി കണ്ട് വേട്ടയാടുകയാണ്. രാജ്യത്തെ പ്രമുഖ ചരിത്രകാരന്മാരില്‍ ഒരാളായ ഡോ. ഗോപിനാഥ് രവീന്ദ്രനെ സംഘപരിവാറുകാര്‍ ഐസിഎച്ച്ആര്‍ സ്ഥാപകദിന പ്രഭാഷണ പരിപാടിയില്‍ ക്രൂരമായാണ് കയ്യേറ്റം ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ചരിത്രകാരന്മാരെ സംഘപരിവാര്‍ ആക്രമിക്കുന്നതില്‍ സ്വയം ഒരു ആയുധമായി മാറാന്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെ കഴിയുന്നു എന്നും പിണറായി ചോദിച്ചു.

pinarayi

രാജ്യത്തെമ്പാടും ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിലെ ഒരു പ്രധാന ഘടകം സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കുക, അത് വഴി തങ്ങള്‍ക്കാവശ്യമുള്ള ചരിത്രം ഇന്ത്യയില്‍ തങ്ങളുടേതായ രീതിയിൽ നിര്‍മ്മിച്ചെടുക്കുക എന്നതാണ് സംഘപരിവാറിന്‍റെ അജണ്ട. സര്‍വകലാശാലകളില്‍ സംഘപരിവാര്‍ ബന്ധമുള്ള വിസിമാരെ നിയമിക്കാനാണ് ശ്രമം. അതിനാണ് നിരന്തരമായി സംസ്ഥാന സര്‍ക്കാരുകളുമായി അലോസരമുണ്ടാക്കുന്നത്, മുഖ്യമന്ത്രി ആരോപിച്ചു.

ഏറ്റവുമൊടുവില്‍ കേരള സര്‍വകലാശാലയില്‍ ഏകപക്ഷീയമായി വിസിയെ നിയമിക്കാന്‍ ശ്രമം നടക്കുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഖജനാവില്‍ നിന്നുള്ള പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളെ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇതിനെയാണ് ഇവിടെ എതിര്‍ക്കുന്നത്. ആര്‍എസ്എസിന്‍റെ രാഷ്ട്രീയ പരീക്ഷണശാലയാവാന്‍ സര്‍വകലാശാലകളെ വിട്ടുകൊടുക്കണമോ? അതോ നെഞ്ചുവിരിച്ചു നിന്ന് പോരാടണമോ എന്ന സമസ്യയില്‍ പോരാട്ടത്തിന്‍റെ വഴിയാണ് മതനിരപേക്ഷ സമൂഹം തെരഞ്ഞടുക്കുക. ആദ്യം വിസിയെ നിശ്ചയിക്കുക, ആ വിസിയിലൂടെ സംഘപരിവാറുകാരെ സര്‍വ്വകലാശാലകളില്‍ കുത്തി നിറയ്ക്കുക എന്ന അജണ്ടയ്ക്ക് നിന്ന് കൊടുക്കാന്‍ കേരളത്തിന്‍റെ മത നിരപേക്ഷ മനസ്സിന് കഴിയില്ല, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

'ജനങ്ങള്‍ തെരഞ്ഞെടുത്ത സാമാജികര്‍ അടങ്ങുന്ന നിയമസഭയിലാണ് ബില്ലുകള്‍ അവതരിപ്പിക്കുന്നതും ചര്‍ച്ച ചെയ്ത് വോട്ടിനിട്ട് പാസ്സാക്കുന്നതും. ബില്ലുകളുടെ എല്ലാ വശങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ നടത്തിയശേഷമാണ് വോട്ടിനിട്ട് പാസ്സാക്കുന്നത്. ജനവികാരമാണ് നിയമസഭയിലൂടെ പ്രതിഫലിക്കുന്നത്. അങ്ങനെ പാസ്സാക്കപ്പെടുന്ന ബില്ലുകള്‍ സമര്‍പ്പിക്കുന്നത് ഗവര്‍ണ്ണര്‍ക്കാണ്. അവ സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ഗവര്‍ണ്ണര്‍ എന്തു ചെയ്യണമെന്ന് ഭരണഘടനയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. അനുച്ഛേദം 200 പ്രകാരം അദ്ദേഹത്തിന് ബില്ലിന് അനുമതി നല്‍കുകയോ നല്‍കാതിരിക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുകയോ, അതുമല്ലെങ്കില്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്ന ഭേദഗതികളോടെ ബില്ല് നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതില്‍ അവസാനത്തെ മാര്‍ഗം സ്വീകരിച്ചാല്‍ വീണ്ടും നിയമസഭ ബില്‍ പഴയ രൂപത്തില്‍ തന്നെ പാസ്സാക്കിയാല്‍ അത് അംഗീകരിക്കാന്‍ ഗവര്‍ണ്ണര്‍ ബാധ്യസ്ഥനാണ്'.

ഇവിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ചില പ്രത്യേക ബില്ലുകളില്‍ ഒപ്പിടില്ല എന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമാണോ? ഭരണപരമായ ഔചിത്യത്തിന് നിരക്കുന്നതാണോ? അനന്തമായി, അനിശ്ചിതമായി ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നു പറഞ്ഞാല്‍, അത് ഭരണഘടനാശില്‍പ്പികളുടെ വീക്ഷണത്തിന് അനുസൃതമല്ല എന്നു പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+