നിയമം നിയമത്തിന്റെ വഴിക്കെന്ന് മുഖ്യമന്ത്രി; 'മാധ്യമ സ്വാതന്ത്ര്യത്തില്‍ കടന്നുകയറില്ല', സഭ വിട്ട് പ്രതിപക്ഷം
സംഭവത്തില്‍ എട്ട് എസ്എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്നത് ആരായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെ കടന്നുകയറ്റമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ഏഷ്യാനെറ്റ് ന്യൂസ് വിവാദത്തില്‍ പി സി വിഷ്ണുനാഥ് എം എല്‍ എ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയവരെ അറസ്റ്റു ചെയ്തിട്ടുണ്ട് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്ത വീഡിയോ സത്യവിരുദ്ധമാണ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്ത വ്യാജമാണ് എന്ന പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അന്വേഷണം നടന്ന് വരികയാണ്. വാര്‍ത്തക്ക് എതിരെ സംസ്ഥാനത്താകെ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എസ് എഫ് ഐ പ്രതിഷേധവും നടക്കുന്നത്.

കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസില്‍ അതിക്രമം ഉണ്ടാക്കിയ സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമം ലംഘിച്ചാണ് പ്രതിഷേധമെങ്കില്‍ എസ് എഫ് ഐക്കെതിരേയും നടപടിയുണ്ടാകും എന്നും പിണറായി നിയമസഭയെ അറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോവുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുക്കരുതെന്ന മുന്നറിയിപ്പാണ് ചാനലിനെതിരായ അതിക്രമം എന്നായിരുന്നു പി സി വിഷ്ണുനാഥ് പറഞ്ഞത്. ലഹരിസംഘങ്ങള്‍ക്കെതിരെ വാര്‍ത്ത വന്നാല്‍ വിറളി പിടിക്കേണ്ടത് ലഹരി മാഫിയ അല്ലേ എന്നും എന്തിനാണ് എസ് എഫ് ഐക്ക് ഇതില്‍ ഇത്ര പ്രതിഷേധം എന്നും പി സി വിഷ്ണുനാഥ് ചോദിച്ചു.
എസ് എഫ് ഐ ഭരിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. വിനു വി ജോണിനു എതിരെ നേരത്തെ പൊലീസ് കേസ് എടുത്തത് പരോക്ഷ പരാമര്‍ശത്തിന്റെ പേരിലാണ് എന്നും വിഷ്ണുനാഥ് പറഞ്ഞു.
എക്‌സൈസ് മന്ത്രി തന്നെ സ്വാഗതം ചെയ്ത ഒരു വാര്‍ത്താ പരമ്പരയെ ആണ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയായി ചിത്രീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.












Click it and Unblock the Notifications