• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മത്സ്യത്തൊഴിലാളികളുടെ സ്വപ്നം പൂവണിയിച്ച് സർക്കാർ, ആദ്യത്തെ മറൈൻ ആംബുലൻസ് 'പ്രതീക്ഷ'

Google Oneindia Malayalam News

തിരുവനന്തപുരം: മത്സ്യബന്ധന വകുപ്പിന്റെ പൂർണ്ണ സജ്ജമായ ആദ്യത്തെ മറൈൻ ആംബുലൻസ് ബോട്ട് 'പ്രതീക്ഷ' പ്രവർത്തന സജ്ജം. ആഗസ്റ്റ് 27ന് പ്രതീക്ഷ പ്രവർത്തനം ആരംഭിക്കും. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിന്നും വിഴിഞ്ഞത്തേക്ക് വരുന്ന മറൈൻ ആംബുലൻസിന്റെ ഉദ്ഘാടനം രാവിലെ 9 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നടത്തുക. ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അദ്ധ്യക്ഷത വഹിക്കും.

അഞ്ചുപേർക്ക് ഒരേ സമയം ക്രിട്ടിക്കൽ കെയർ, 24 മണിക്കൂറും പാരാ മെഡിക്കൽ സ്റ്റാഫ് സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീറെസ്‌ക്യൂ സ്‌കോഡുകളുടെ സഹായം, പോർട്ടബിൾ മോർച്ചറി, ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ലഭ്യത എന്നിവ മറൈൻ ആംബുലൻസിന്റെ പ്രത്യേകതകളാണ്. അരക്ഷിതമായ സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സ്വപ്നമാണ് മറൈൻ ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതിലൂടെ യാഥാർത്ഥ്യമാകുന്നത്. മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽപ്പെട്ട് വർഷം ശരാശരി മുപ്പതോളം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ ജീവഹാനി സംഭവിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ദുരന്തമുഖത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിനുമുതകുന്ന മറൈൻ ആംബുലൻസുകൾ സജ്ജമാക്കാൻ സർക്കാർ അനുമതി നൽകിയത്. ആദ്യഘട്ടത്തിൽ മൂന്ന് മറൈൻ ആംബുലൻസുകൾ നിർമ്മിക്കുന്നതിനാണ് കൊച്ചിൻ ഷിപ്പിയാർഡുമായി കരാറിൽ ഏർപ്പെട്ടത്. ഒരു ബോട്ടിന് 6.08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം അടങ്കൽ തുക. ബോട്ടു നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം ലഭ്യമാക്കിയത് കൊച്ചി കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ആണ്.

23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽപ്പെടുന്ന 10 പേരെ വരെ ഒരേസമയം സുരക്ഷിതമായി കിടത്തി പ്രഥമശുശ്രുഷ നൽകി കരയിലെത്തിക്കാൻ സാധിക്കും. 700 എച്ച്. പി. വീതമുള്ള 2 സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭ്യമാകും. ഇൻഡ്യൻ രജിസ്റ്ററി ഓഫ് ഷിപ്പിംഗ് മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ബോട്ടുകൾ രൂപകല്പന ചെയ്തിട്ടുള്ളത്.

കേരള ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷനാണ് മറൈൻ ആംബുലൻസുകൾ പ്രവർത്തിപ്പിക്കാൻ സാങ്കേതിക ജീവനക്കാരുടെ സേവനം ലഭ്യമാക്കുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 4 കടൽ സുരക്ഷാ സ്‌ക്വാഡ് അംഗങ്ങളുടെ സേവനവും ലഭ്യമാകും. പ്രതീക്ഷ, പ്രത്യാശ, കാരുണ്യ എന്നിങ്ങനെ പേരിട്ടിട്ടുള്ള മറൈൻ ആംബുലൻസുകൾ യഥാക്രമം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളിലാണ് 24 മണിക്കൂർ രക്ഷാപ്രവർത്തനത്തിന് നിയോഗിക്കുന്നത്. ഇതിൽ ആദ്യ ആംബുലൻസായ പ്രതീക്ഷയുടെ കമ്മീഷനിംഗും, രണ്ടും മൂന്നും ആംബുലൻസ് ബോട്ടുകളുടെ നീരണിയൽ ചടങ്ങുമാണ് 27ന് നിർവ്വഹിക്കുന്നത്.

English summary
CM Pinarayi Vijayan to inaugurate first marine ambulance 'Pratheeksha' on 27th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X