ദുരിതാശ്വാസ നിധി കേസ്: പരാതിക്കാരന് വീണ്ടും ലോകായുക്തയുടെ വിമര്‍ശനം, ' വെറുതെ സമയം കളയാനായി..'
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന് എതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. പരാതിക്കാരന്‍ വെറുതെ സമയം കളയുകയാണെന്ന് ലോകായുക്ത പറഞ്ഞു. ഹര്‍ജിക്കാരന്റെ അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. തീര്‍ത്തും അപ്രസക്തമായ നീക്കമാണ് നടക്കുന്നത് എന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ലോകായുക്ത പറഞ്ഞു. ജോര്‍ജ് പൂന്തോട്ടത്തിന് അസുഖമെന്നാണ് ജൂനിയര്‍ അഭിഭാഷകന്‍ ഇന്ന് ലോകായുക്ത കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞത്. ഇതോടെ ഹര്‍ജിയില്‍ എന്ത് ചെയ്യണമെന്ന് ലോകായുക്ത തിരിച്ച് ചോദിച്ചു. ലോകായുക്ത വിധിയും നിയമവും പഠിച്ചിട്ട് വരണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.

സാധാരക്കാരുടെ മറ്റ് കേസുകള്‍ പരിഗണിക്കേണ്ട സമയമാണ് കളയുന്നത് എന്നും നിങ്ങള്‍ പറഞ്ഞ ദിവസമാണ് ഹര്‍ജി പരിഗണിക്കുന്നത് എന്നും ജൂനിയര്‍ അഭിഭാഷകനോട് ലോകായുക്ത പറഞ്ഞു. എന്നിട്ടും അഭിഭാഷകന്‍ ഹാജരാകാത്തത് വഴി ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം കളയുകയാണെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. രണ്ടംഗ ബെഞ്ചിലെ ഭിന്നത സംബന്ധിച്ച് ഉത്തരവിന് വേണ്ടിയാണ് പരാതിക്കാരന്‍ സമയം കളയുന്നത് എനന്ന് ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദ് കൂട്ടിച്ചേര്‍ത്തു.
അത് ഉയര്‍ത്തി ഹൈക്കോടതിയില്‍ പോകാനാണ് നീക്കം എന്നും ഹൈക്കോടതി എന്താണ് പറഞ്ഞതെന്ന് പരാതിക്കാരന്‍ പഠിക്കണമെന്നും ഉപലോകായുക്ത പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി തന്നെ തള്ളിയ കാര്യവും ലോകായുക്ത പറഞ്ഞു. ഇക്കാര്യത്തില്‍ ഇനിയെന്ത് പ്രസക്തിയാണ് ഉള്ളതെന്നും ലോകായുക്ത ചോദിച്ചു. എല്ലാം വിശദമായി വായിച്ച് മനസിലാക്കിയതല്ലേയെന്നും ഇനി എന്താണ് വ്യക്തത വരുത്താന്‍ ഉള്ളതെന്നും ലോകായുക്തി ചോദിച്ചു.
ഹൈക്കോടതിയില്‍ എന്താണ് ഇത് ഒന്നും പറയാത്ത്. കേസ് പിന്‍വലിക്കുന്നോ അതോ വാദം തുടരുന്നുണ്ടോ? ലോകായുക്ത ചോദിച്ചു. വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാം എന്ന് പറഞ്ഞത് ശരിയല്ല എന്നും നാണമില്ലേ എന്നും ഉപലോകായുക്ത ആരാഞ്ഞു. അഭിഭാഷകന്‍ ഹാജരാകാതെ നീട്ടിക്കൊണ്ടുപോകുന്നത് കുത്തിതിരിപ്പ് ലക്ഷ്യമിട്ടായിരിക്കും എന്നും ലോകായുക്ത പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നല്‍കിയെന്നാണ് ഹര്‍ജിക്കാരായ ആര്‍ എസ് ശശികുമാറിന്റെ പരാതി. ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ചില്‍ അഭിപ്രായ വ്യത്യസമുണ്ടായതിനെ തുടര്‍ന്ന് ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ടിരുന്നത്. ഇത് ചോദ്യം ചെയ്ത് ശശികുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളുകയും ചെയ്തിരുന്നു.












Click it and Unblock the Notifications