സോബി ജോർജിന്റെ പേരിൽ ' കലാഭവൻ' എന്ന് ഉപയോഗിക്കരുത്; മാധ്യമങ്ങളോട് അഭ്യർത്ഥിച്ച് കൊച്ചിൻ കലാഭവൻ
കൊച്ചി: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ സോബി ജോർജിന്റെ പേരിൽ കലാഭവൻ എന്ന് ഉപയോഗിക്കരുതെന്ന ആവശ്യവുമായി കാെച്ചിൻ കലാഭവൻ. സോബി ജോർജിന്റെ പേരിൽ കലാഭവൻ എന്ന് ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് ആവശ്യം. വാർത്താക്കുറിപ്പിലൂടെയാണ് കൊച്ചിൻ കലാഭവൻ മാധ്യമങ്ങളോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ് 54 വർഷമായി കേരള കലാലോകത്ത് പതിനായിരക്കണക്കിന് കലാകാരന്മാരെയും കലാകാരികളേയും കലയിലൂടെ വളർത്തിയെടുത്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ. ഈയിടെ കലാഭവനിൽ പതിനഞ്ച് വർഷം മുൻപ് പ്രവർത്തിച്ചിരുന്ന സോബി ജോർജ് എന്ന വ്യക്തിയെ പരാമർശിച്ച് കൊണ്ടുള്ള നിരവധി ക്രിമിനൽ കേസുകൾ പത്ര ദൃശ്യ മാധ്യമത്തിലൂടെ വന്നത് അറിഞ്ഞു.

അദ്ദേഹത്തിന് കലാഗൃഹം എന്ന പേരിൽ ഇത് പോലെ ഒരു സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ട്. ദയവ് ചെയ്ത് ഈ വ്യക്തിയെക്കുറിച്ച് ഇനിയുള്ള വാർത്ത വരുമ്പോൾ കലാഭവൻ സോബി ജോർജ് എന്ന പേര് മാറ്റി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനത്തിന്റെ ( കലാഗൃഹം) പേര് നൽകി കലാഭവൻ എന്ന സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.
കലാഭവന്റെ പേര് ഉപയോഗിച്ച സിനിമാ വേദിയിൽ നിൽക്കുന്ന പല സിനമാ താരങ്ങളുടേയും താല്പര്യ പ്രകാരം കൂടിയാണ് ഈ പത്രക്കുറിപ്പ് എന്നും പറയുന്നു. കൊല്ലത്ത് വെച്ചാണ് ബത്തേരി പോലീസ് സോബി ജോർജിനെ അറസ്റ്റ് ചെയ്യുന്നത്. വയനാട്ടിൽ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് സോബിക്കെതിരെ ഉള്ളതെന്ന് പോലീസ് പറഞ്ഞു.
സ്വിറ്റസർലാന്റ് അടക്കം ഉള്ള രാജ്യങ്ങളിൽ ജോലി വാഗ്ദാനം നൽകി സോബി ലക്ഷങ്ങൽ തട്ടി എന്നാണ് പരാതി. പുൽപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോബിയെ പോലീസ് അറസ്റ്റ് ചെയ്തത്. പുൽപ്പള്ളി സ്വദേശിക്ക് സ്വിറ്റ്സർലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപയാണ് 3 വർഷം മുൻപ് സോബി തട്ടിയത് എന്നാണ് പറയുന്നത്.
സമാനമായ രീതിയിൽ പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ 4 ഉം അമ്പലവയൽ സ്റ്റേഷനിൽ ഒരു കേസും അടക്കം ജില്ലയിൽ ആറ് കേസാണ് സോബിക്കെതിരെ ഉള്ളത്. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി സമാന പരാതിയിൽ ഇരുപത് കേസുകളും സോബിയുടെ പേരിലുണ്ട്. നിരവധി ചെക്ക് കേസുകളിലും സോബി പ്രതിയാണ്.












Click it and Unblock the Notifications