• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുല്ലപ്പള്ളിയുടെ പ്രതികരണം സ്വാഭിമാന ബോധമുള്ള സ്ത്രീകള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ല'

 • By Desk

തിരുവനന്തപുരം;ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരായ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവുമായി സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെത്ത സ്ത്രീകൾ. കേരളത്തിലെ സ്വാഭിമാന ബോധമുള്ള സ്ത്രീകള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ല മുല്ലപ്പള്ളിയുടെ പ്രതികരണമെന്ന് ഇവർ പരസ്യ പ്രസ്താവനയിൽ പറഞ്ഞു.

മനുഷ്യത്വവും കാരുണ്യവും സാഹോദര്യവും സഹകരണവും പ്രകടിപ്പിക്കാനുള്ള അവസരത്തെ പോലും അവഗണിച്ച്, മരണം വിതക്കുന്ന മഹാമാരിക്കു മുന്നിലും കേരളത്തിന്‍റെ രാഷ്ട്രീയ ആണധികാര പ്രമത്തത പൈശാചികാകാരം പൂണ്ടതിന്‍റെ ദൃശ്യമാണ് ഏറ്റവും അടുത്ത ദിവസം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയും പുറത്തേക്കു വന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. പൂർണരൂപം വായിക്കാം

cmsvideo
  KK shailaja teacher is rock dancer says mullapally | Oneindia Malayalam

  രാഷ്ട്രീയ നേതാക്കള്‍ക്ക് കേരളത്തിലെ സ്ത്രീകളുടെ പരസ്യ പ്രസ്താവന

  കേരളത്തിലെ സ്വാഭിമാന ബോധമുള്ള സ്ത്രീകള്‍ക്ക് പൊറുക്കാന്‍ കഴിയുന്നതല്ല, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ജൂണ്‍ 19 ന് തിരുവനന്തപുരത്ത് വെച്ച് നടത്തിയ പൊതുപ്രസംഗത്തില്‍ കേരളത്തിന്‍റെ ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍ക്ക് നേരെ പ്രയോഗിച്ച ലിംഗാധീശത്വവും അസഹിഷ്ണുത നിറഞ്ഞതുമായ അപമാനകരമായ വിശേഷണങ്ങള്‍. ശൈലജ ടീച്ചര്‍ നിപ രാജകുമാരിയാവാനും കോവിഡ് മഹാറാണിയാവാനും ശ്രമിക്കുകയാണ് എന്നുള്ള ലിംഗാധികാര അക്രമാസക്തി വെളിവാക്കുന്ന അധിക്ഷേപങ്ങളോട് കേരളത്തിലെ സ്ത്രീകള്‍ പ്രതികരിക്കുന്നത് നടുക്കത്തോടെയും വേദനയോടെയും അങ്ങേയറ്റം പ്രതിഷേധത്തോടെയുമാണ്.

  കെ. കെ.ശൈലജ ടീച്ചര്‍ വളരെ കാര്യക്ഷമതയോടേയും ഗൗരവത്തോടെയും ചിന്തിച്ചും പഠിച്ചും ആരോഗ്യ സ്ഥാപനങ്ങളേയും പദ്ധതികളേയും ഡോക്ടര്‍മാരേയും വിദഗ്ദ്ധരേയും ഏകോപിച്ചുകൊണ്ട് നിപ, കോവിഡ് പ്രതിരോധത്തില്‍ കേരള മാതൃകയെ വിജയകരമായി വളര്‍ത്തിയിട്ടുണ്ട് എന്ന വസ്തുതകളെ സാമാന്യ ബോധമുള്ളവര്‍ക്കു പോലും നിഷേധിക്കാനാവുകയില്ല. ഇപ്പോള്‍ സമ്പന്ന ലോക രാജ്യങ്ങളടക്കം നിസ്സഹായമായും പരിഭ്രാന്തമായും തളര്‍ന്നു നില്‍ക്കുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് കേരളം ഇത്രയും സുരക്ഷിതമായിരിക്കുന്നതിന് ആരോഗ്യമന്ത്രി ശൈലജടീച്ചറുടെ നേതൃത്വത്തെ ലോകമാകെത്തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് കെ. പി. സി. സി പ്രസിഡണ്ടിന്‍റെ ആണധികാര, രാഷ്ട്രീയാധികാര ദുരയുടെ ഭാഗമായ അപമാന അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ളത്.

  എല്ലാ മേഖലകളിലും വിശേഷിച്ച് രാഷ്ട്രീയരംഗത്ത് നേതൃത്വശേഷിയും സുതാര്യതയും സത്യസന്ധതയും വൈഭവവമുള്ള സ്ത്രീകള്‍ക്ക് നേരെ ഇത്തരം പരസ്യമായ ആക്രമണങ്ങള്‍ ഇതാദ്യമല്ല എന്ന് കേരളത്തിലെ സ്ത്രീകളുടെ മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഞങ്ങള്‍ക്കറിയാം. ഭൂപരിഷ്ക്കരണ നിയമത്തിന് നേതൃത്വം കൊടുത്ത, കേരളം കണ്ട ഏറ്റവും പ്രഗത്ഭയായ നേതാവ് ഗൗരിയമ്മക്കു നേരെയുണ്ടായ ആഭാസകരമായ ജാതി, ലൈംഗിക അക്രമാസക്തി നിറഞ്ഞ കുപ്രസിദ്ധമായ മുദ്രാവാക്യവിളികള്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒരു കാലത്തും മറക്കുകയില്ല.

  സമാനമായി ഈ കോവിഡ് കാലത്ത് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മക്കു നേരെയുണ്ടായ വംശീയതയും തൊഴിലാളി വർഗ്ഗ വെറുപ്പും നിറഞ്ഞ സൈബർ ആക്രമണത്തിനിടയാക്കിയ പ്രേമചന്ദ്രന്‍ എം. പി. യുടെ ടി.വി ചർച്ച , കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങളെ നേരില്‍ കണ്ട് സംസാരിക്കാന്‍ കാലം അതിയായി ആവശ്യപ്പെടുന്ന ഉത്തരവാദിത്വം കാണിച്ച ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം, തുന്നല്‍ ടീച്ചറെന്ന വിളി തീര്‍ത്തും ആക്ഷേപകരമായി പ്രയോഗിച്ച് ശൈലജ ടീച്ചറെ നിസ്സാരയാക്കി തള്ളിക്കളയാന്‍ ബി ജെ പി നേതാവ് ഗോപാലകൃഷ്ണനും സൈബര്‍ ഗുണ്ടകളും നടത്തിയ കൊടിയ പരിശ്രമങ്ങള്‍ എല്ലാം ചേര്‍ന്ന് ഈ കോവിഡ് ആപത്ക്കാലം മന്ത്രിമാരായ സ്ത്രീകളെ - സ്ത്രീകളാണ് എന്നതിനാല്‍ തന്നെ - ആക്രമിക്കുന്നതിന്‍റെ കാഴ്ചകളാല്‍ കലുഷിതമായിത്തീര്‍ന്നിരിക്കുകയാണ്.

  മനുഷ്യത്വവും കാരുണ്യവും സാഹോദര്യവും സഹകരണവും പ്രകടിപ്പിക്കാനുള്ള അവസരത്തെ പോലും അവഗണിച്ച്, മരണം വിതക്കുന്ന മഹാമാരിക്കു മുന്നിലും കേരളത്തിന്‍റെ രാഷ്ട്രീയ ആണധികാര പ്രമത്തത പൈശാചികാകാരം പൂണ്ടതിന്‍റെ ദൃശ്യമാണ് ഏറ്റവും അടുത്ത ദിവസം മുല്ലപ്പള്ളി രാമചന്ദ്രനിലൂടെയും പുറത്തേക്കു വന്നത്. സ്ത്രീകള്‍ക്ക് പൊതുമണ്ഡലത്തില്‍ തുല്യ നീതിയും രാഷ്ട്രീയാധികാരവും പങ്കു വെക്കാന്‍ തയ്യാറല്ലാത്ത, ആണധികാരാസക്തി മൂത്ത മുഖ്യ ധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതാക്കള്‍ സ്ത്രീകള്‍ക്കു നേരെ സൃഷ്ടിക്കുന്ന കടുത്ത അസഹിഷ്ണുതയും ആക്രമണ സംസ്ക്കാരവുമാണ് യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ ഓരോ സ്ത്രീക്കും നേരെയും നടക്കുന്ന അപമാനങ്ങളും ആക്രമണങ്ങളും ചൂഷണങ്ങളും വര്‍ദ്ധിക്കാനിടയാക്കുന്നത്.

  നിങ്ങളെ കണ്ടിട്ടാണ് അനുയായികളും ആണ്‍സമൂഹവും വീട്ടിനുള്ളിലടക്കം സ്ത്രീകളെ അപമാനിക്കാന്‍, ആക്രമിക്കാന്‍ ധൈര്യമുള്ളവരാകുന്നത്. അതിനാല്‍ കേരളത്തിലെ ഓരോ രാഷ്ട്രീയ നേതാവും കേരളത്തിലെ സ്ത്രീകളുടെ സദാ നിരീക്ഷണത്തിലും കടുത്ത വിചാരണയിലുമായിക്കുമെന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തുകയാണ്. സ്ത്രീകളോട് മര്യാദയോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ നിങ്ങളാണ് ആദ്യം പഠിക്കേണ്ടത്.

  പ്രസ്താവനയിൽ ഒപ്പു വെച്ചവർ: സാറാ ജോസഫ്,കെ. അജിത,സി.എസ്. ചന്ദ്രിക,

  എസ്. ശാരദക്കുട്ടി,മാനസി,ബി.എം. സുഹറ,

  സിതാര എസ്,ഷാഹിന കെ.കെ,ഡോ. ശ്രീലത വർമ്മ,ഏലിയാമ്മ വിജയൻ,എൻ. സുകന്യ,കവിത ബാലകൃഷ്ണൻ,മേഴ്സി അലക്സാണ്ടർ,ആർ. പാർവ്വതീദേവി,

  പ്രൊഫ.ടി.എ. ഉഷാകുമാരി,കെ. രമ,

  മായ കൃഷ്ണൻ.

  English summary
  comment against kk shailaja; wide criticism againt mullappally
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X