എംഎസ്‌സി എൽസ 3 കപ്പലിന്റെ സ്ഥിതിയിൽ ആശങ്ക; കൂടുതൽ കണ്ടെയ്‌നറുകൾ കടലിലേക്ക്, ജീവനക്കാരെ രക്ഷിച്ചു
കൊച്ചി: കേരള തീരത്തിന് അടുത്തായി അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എല്‍സ 3 കപ്പൽ മുങ്ങുന്നു. കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചതായും ക്യാപ്റ്റനെയും രണ്ട് പേരെയും നേവിയുടെ കപ്പലിലേക്ക് മാറ്റിയതായാണ് വിവരം. കപ്പലിന് ഉള്ളിലേക്ക് വെള്ളം കയറുന്ന സാഹചര്യമായിരുന്നു. സ്ഥിതി വഷളാകുന്നുവെന്ന് മനസിലാക്കിയ ഉടൻ നാവിക സേന ഇടപെടുകയായിരുന്നു.
മൂന്ന് ജീവനക്കാരെ ഐഎൻഎസ് സുജാതയിലേക്ക് മാറ്റിയിരിക്കുകയാണ്. കപ്പലിന് അടുത്തേക്ക് പോകാൻ ഐഎൻഎസ് സുജാതയ്ക്ക് സാധിച്ചില്ല. കണ്ടെയ്‌നറുകളെ മറികടന്ന് മുന്നോട്ട് പോകാൻ നാവികസേന കപ്പലിന് സാധിക്കാതെ വന്നതോടെയാണ് ബുദ്ധിമുട്ടിലായത്. കൂടുതൽ കണ്ടെയ്‌നറുകൾ വീഴുന്ന സാഹചര്യത്തിൽ സ്ഥിതി ആശങ്കയിലാണ്.

ഇന്നലത്തെക്കാൾ കടൽ കൂടുതൽ പ്രക്ഷുബ്ധമാണെന്നത് രക്ഷാപ്രവർത്തനത്തിന് കാര്യമായ വെല്ലുവിളിയായിരുന്നു. ഇന്ന് രാവിലെയായിരുന്നു കപ്പലിനെ ഉയർത്താനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനിരുന്നത്. എന്നാൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായതോട് കൂടി കപ്പൽ മുങ്ങുകയായിരുന്നു. ഇതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായി.
പ്രതികൂല സാഹചര്യത്തിൽ കപ്പൽ ഉയർത്താനുള്ള ദൗത്യം ഇതോടെ അവസാനിപ്പിച്ചു. കപ്പൽ ചെരിഞ്ഞതോടെ കണ്ടെയ്‌നറുകളും നഷ്‍ടപ്പെട്ടു. ഇനി ഇവ തിരിച്ചുപിടിക്കാനുള്ള സാഹചര്യമില്ലെന്നും കോസ്‌റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്ത് തന്നെ തുടരും. കേരള തീരത്തെ കനത്ത മഴയും കാറ്റുമാണ് കപ്പലിന് വെല്ലുവിളിയായത്.
38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കഴിഞ്ഞ ദിവസം എംഎസ്‌സി എല്‍സ 3 എന്ന ലൈബീരിയന്‍ കപ്പല്‍ ചെരിഞ്ഞത്. കഴിഞ്ഞ ദിവസം തന്നെ 24ല്‍ 21 ജീവനക്കാരെ നാവികസേന രക്ഷിച്ചിരുന്നു. കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകളില്‍ അപകടകരമായ രാസവസ്‌തുക്കളുള്ളതിനാല്‍ കൊച്ചി, തൃശൂര്‍, ആലപ്പുഴ അടക്കമുള്ള തീരമേഖലകളില്‍ അതീവ ജാഗ്രതയാണ് പുറപ്പെടുവിച്ചത്.
മറൈന്‍ ഗ്യാസ് യില്‍, വെരി ലോ സള്‍ഫര്‍ ഫ്യൂവല്‍ എന്നിവയാണ് കണ്ടെയ്‌നറുകളില്‍ ഉളളതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ കപ്പലാണ് പ്രതികൂല കാലാവസ്ഥയിൽ അപകടത്തില്‍പ്പെട്ടത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.30ന് എത്തേണ്ടിയിരുന്ന കപ്പലാണ് ഇതെന്നാണ് വിവരം.
അതേസമയം, കപ്പൽ അപകടത്തിന്റെ സാഹചര്യത്തിൽ ജനങ്ങൾ ഒരു കാരണവശാലും ഈ കണ്ടെയ്‌നറുകളിൽ തൊടരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കൂടാതെ തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
ലൈബീരിയൻ പതാകയുള്ള കപ്പലാണ് അപകടത്തിൽപെട്ടതെന്ന് നാവികസേനാ വക്താവ് ഇന്നലെ അറിയിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ളവരെ നേവിയും കോസ്‌റ്റ് ഗാർഡും ചേർന്നാണ് തീവ്ര ശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തിയത്.
ഇത്തരത്തിൽ കണ്ടെയ്‌നറുകൾ കണ്ടാൽ 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദ്ദേശമുണ്ട്. അതേസമയം കപ്പൽ അപകട നില തരണം ചെയ്‌തതായാണ് വിവരം. സ്ഥിതി നിരീക്ഷിക്കാന്‍ ക്യാപ്റ്റന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കപ്പലില്‍ തുടരുകയായിരുന്നു. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തിയെങ്കിലും മുങ്ങുന്നത് ആശങ്ക.ഉണ്ടാക്കുന്നുണ്ട്.
റഷ്യൻ പൗരനായ ക്യാപ്റ്റനും 20 ഫിലിപ്പീൻസ് സ്വദേശികളും യുക്രൈനിൽ നിന്നുള്ള 2 പേരും ഒരു ജോർജിയൻ സ്വദേശിയുമാണ് കപ്പലിലെ ജീവനക്കാരായി ഉണ്ടായിരുന്നത്. 24 ജീവനക്കാരിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷിച്ചിരുന്നു. ക്യാപ്റ്റനും രണ്ട് എഞ്ചിനീയർമാരും കപ്പലിൽ തുടർന്നെങ്കിലും ഇന്ന് രാവിലെ സ്ഥിതി വഷളായതോടെ ഇവരെയും മാറ്റി. 28 വർഷം പഴക്കമുള്ള കപ്പലിന് 184 മീറ്റർ നീളമാണ് ഉള്ളത്.












Click it and Unblock the Notifications