കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് ജീവനൊടുക്കി
ബെംഗളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സിജെ റോയ് ആത്മഹത്യ ചെയ്തു. ബെംഗളൂരുവില്‍ വെച്ചാണ് സംഭവം. സ്വയം വെടിയുതിര്‍ത്താണ് മരണം എന്നാണ് പ്രാഥമിക വിവരം. ആദായ നികുതി വകുപ്പിന്റെ പരിശോധന സിജെ റോയിയുടെ സ്ഥാപനങ്ങളിൽ നടക്കവെയാണ് അശോക് നഗറിലുളള ഓഫീസില്‍ വെച്ച് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത്.
കേരളത്തില്‍ ഉള്‍പ്പെടെ നിരവധി ബിസിനസ്സ് സംരഭങ്ങള്‍ സിജെ റോയിക്കുണ്ട്. അദ്ദേഹത്തിന്റെ ഓഫീസിലും കഫേയിലും അടക്കം ഇന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. അതിനിടെയാണ് മുറിയിലേക്ക് പോയ സിജെ റോയ് ലൈസന്‍സുളള സ്വന്തം തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.

പ്രമുഖ കണ്‍സ്ട്രക്ഷന്‍ സംരഭമായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് 75കാരനായ സിജെ റോയ്. മലയാളത്തിലെ പല റിയാലിറ്റി ഷോകളുടേയും സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നത് കൊണ്ടും മലയാളികള്‍ക്ക് ചിരപരിചിതനാണ് ഡോ. സിജെ റോയ്. നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ സ്ഥാനങ്ങളില്‍ പരിശോധനയ്ക്ക് എത്തിയത്. ഇതിന് മുന്‍പും സിജെ റോയിയുടെ സ്ഥാപനങ്ങളില്‍ നികുതി വെട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് ഐടി റെയ്ഡ് നടന്നിരുന്നു.
ഈ പരിശോധനകള്‍ക്കെതിരെ സിജെ റോയ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കൊച്ചിയില്‍ നിന്നുളള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് ഇന്ന് ബെംഗളൂരുവിലെ ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയത്. ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് സിജെ റോയിക്ക് നല്‍കാന്‍ സാധിച്ചിരുന്നില്ല എന്നാണ് വിവരം. റെയ്ഡ് നടക്കുന്നതിനിടെ ഓഫീസ് മുറിയിലേക്ക് പോയ സിജെ റോയ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെച്ചാണ് സ്വയം തലയ്ക്ക് വെടിയുതിര്‍ത്തത്. ഈ തോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിജെ റോയിയെ ഉടനെ തന്നെ എച്ച് എസ് ആര്‍ ലേ ഔട്ടിലെ നാരായണ ഹോസ്പ്റ്റലിലേക്ക് എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.












Click it and Unblock the Notifications