സുധാകരന്റെ നീക്കത്തിന് തടയിടാൻ ഒറ്റക്കെട്ടായി ഗ്രൂപ്പുകൾ; നിർദ്ദേശിച്ചത് ഒറ്റപേര്..കടുംവെട്ട് നൽകാൻ മുരളീധരനും
കോഴിക്കോട്; ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാരുടെ പ്രഖ്യാപനം ഓണത്തിന് മുൻപ് തന്നെ പൂർത്തിയാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ചുള്ള മാരത്തൺ ചർച്ചകളലായിരുന്നു നേതൃത്വം. മുതിർന്ന നേതാക്കളുമായും എംഎൽഎമാരുമായും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചർച്ച നടത്തിയിരുന്നു. ഇന്ന് അദ്ദേഹം ദില്ലിയിലേക്ക് തിരിക്കും.
ഇതിനോടകം തന്നെ എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങൾ ഡിസിസി അധ്യക്ഷൻമാരുടെ സാധ്യത പട്ടിക കൈമാറിയിട്ടുണ്ട്. അതിനിടയിൽ എ,ഐ ഗ്രൂപ്പ് സമവാക്യങ്ങളെ വെട്ടി തന്റെ നോമിനിയെ കോഴിക്കോട് ഡിസിസി അധ്യക്ഷനാക്കാനുള്ള കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നീക്കത്തിന് തടയിടാൻ കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായി നീങ്ങാനൊരുങ്ങുകയാണ് ഇരു ഗ്രൂപ്പുകളും. അതേസമയം ഗ്രൂപ്പ് തന്ത്രങ്ങൾക്ക് തടയിടാൻ വടകര എംപി കെ മുരളീധരനും രംഗത്തുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു ഇപ്പോഴത്തെ അധ്യക്ഷനായ രാജീവിനെ അധ്യക്ഷനായി നിയമിച്ചത്.കോഴിക്കോട് ഡിസിസി അധ്യക്ഷൻ ടി സിദ്ദിഖ് കെപിസിസി വൈസ് പ്രസിഡന്റ് ആയ സാഹചര്യത്തിലായിരുന്നു എ ഗ്രൂപ്പ് അംഗമായ രാജീവന് നറുക്ക് വീണത്. വർഷങ്ങളായി എ ഗ്രൂപ്പിന്റെ കൈവശമാണ് പ്രസിഡന്റ് സ്ഥാനം. ഇത്തവണ 14 ജില്ലകളിലേയും അധ്യക്ഷൻമാരെ മാറ്റുന്ന സാഹചര്യത്തിൽ രാജീവും പുറത്താകും. ഇതോടെയാണ് അധ്യക്ഷനായുള്ള ചരടുവലികൾ ശക്തമായത്.

അധ്യക്ഷസ്ഥാനത്തേക്ക് മികച്ച നേതാവിനെ മുന്നോട്ട് വെയ്ക്കാൻ ഇല്ലെന്നതാണ് നിലവിൽ എ ഗ്രൂപ്പ് നേരിടുന്ന പ്രധാന വെല്ലുവിളി.കെപിസിസി സെക്രട്ടറി ബാലകൃഷ്ണ കിടാവിന്റെ പേര് ഒരു വിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ എ ഗ്രൂപ്പിൽ തന്നെ ഉള്ളവർ രംഗെത്തി കഴിഞ്ഞു. ബാലുശേരിയിൽ ധർമജ്ജൻ ബോൾഗാട്ടിയുടെ പരാജയവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ ബാലകൃഷ്ണന് തിരിച്ചടിയാണ്.

അതേസമയം ഐ ഗ്രൂപ്പിൽ നിരവധി പേരുകൾ ഉയരുന്നുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയായ എൻ സുബ്രഹ്മണ്യന്റെ പേരിനാണ് മുൻതൂക്കം. മുൻ മുഖ്യമന്ത്രി ഉമ്മൻചാമ്ടിയും സുബ്രഹ്മണ്യനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം തന്റെ വിശ്വസ്തൻ കൂടിയായ കെ ജയന്തിന്റെ പേര് ഉയർത്താനാണ് കെപിസിസി അധ്യക്ഷൻ സുധാകരന്റെ നീക്കം.

അതിനിടെ കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.പ്രവീണ്‍കുമാറിനെ ഡിസിസി അധ്യക്ഷനാക്കണമെന്നാണ് കെ.മുരളീധരന്റെ നിലപാട്. എംപി എംകെ രാഘവന്റെ പിന്തുണയും പ്രവീൺകുമാറിനാണെന്നാണ് വിവരം. എന്നാൽ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്, മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇക്കാര്യത്തിൽ തങ്ങളുടെ മനസ് തുറന്നിട്ടില്ല.

എന്നാൽ കെപിസിസി അധ്യക്ഷനും മുരളീധരനും മുന്നോട്ട് വെയ്ക്കുന്ന പേരുകൾ അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇരു ഗ്രൂപ്പുകളും. അങ്ങനെയെങ്കിൽ നീക്കത്തിന് തടയിടാൻ എ,ഐ ഗ്രൂപ്പുകൾ ഒറ്റപേര് ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. എപി അനിൽ കുമാർ, പിഎം നിയാസ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. അതേസമയം ഗ്രൂപ്പ് നേതൃത്വങ്ങൾ അത്തരമൊരു നിലപാടിലേക്ക് കടന്നാൽ ഹൈക്കമാന്റിനെ സമീപിക്കാനാണ് കെ മുരളീധരൻറെ തിരുമാനം.

നേരത്തേ തന്നെ ഡില്ലയിൽ ഇക്കുറി യുവ നേതാവിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം മുരളീധരൻ മുന്നോട്ട് വെച്ചിരുന്നു. അധ്യക്ഷസ്ഥാനത്തേക്ക് ആരുടെ പേരും താൻ നിർദ്ദേശിക്കില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രവീൺ കുമാറിന് വേണ്ടി മുരളീധരൻ ശക്തമായ ആവശ്യം ഉയർത്തിയേക്കും.

അതിനിടെ ഡിസിസി അധ്യക്ഷ പ്രഖ്യാപനം ഇനിയും വൈകിയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞപ്പോൾ നെടുനീളൻ പട്ടികകളാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ സമർപ്പിച്ചത്. നിലവിൽ 14 ജില്ലകളിൽ 9 ഐ ഗ്രൂപ്പിനും 5 എ ഗ്രൂപ്പിന്റേയും കൈവശമാണ് ഉള്ളത്. എന്നാൽ 14 ജില്ലകളിലേക്കുമുള്ള പട്ടികയാണ് എ ഗ്രൂപ്പ് കൈമാറിയിരിക്കുന്നത്. ഇത് തന്നെ ഓരോ ജില്ലകളിലും ഒന്നിലധികം നേതാക്കളെ ഉൾപ്പെടുത്തിയുള്ളതാണ്.

മറുവശത്ത് ഐ ഗ്രൂപ്പാവട്ടെ 9 ജില്ലകളിലേക്കുള്ള നേതാക്കളുടെ പേരും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഒറ്റ പേരുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ കെപിസിസി അധ്യക്ഷൻ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ,കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരും തങ്ങളുടെ വിശ്വസ്തകർക്കായി ചരടുവലിക്കുന്നുണ്ട്.

ആദ്യ ഘട്ടത്തിൽ ഉയർന്ന പല പേരുകളും അന്തിമ ചർച്ചകളിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. നേരത്തേ പ്രായപരിധി വിഷയമാകില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ഇതോടെ യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാതിനിധ്യം ലഭിച്ചേക്കില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ആദ്യഘട്ടത്തിൽ ചർച്ചയായ യുവ നേതാക്കളായ വിടി ബൽറാം, കെഎസ് ശബരീനാഥൻ എന്നിവരുടെ പേരുകളും പദ്മജ വേണുഗോപാൽ,,സുമ ബാലകൃഷ്ണൻ എന്നിവരുടെ പേരുകളെല്ലാം തഴയപ്പെട്ടതായാണ് വിവരം.

മുഴുവൻ സമയ പദവി ആയതിനാൽ ജനപ്രതിനിധികൾക്ക് അവസരം നൽകേണ്ടെന്നാണ് നേതൃത്വം തിരുമാനിച്ചത്. മാത്രമല്ല തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരേയും ഒഴിവാക്കണമെന്നാണ് ഹൈക്കമാന്റ് നിർദ്ദേശം. അതേസമയം ദില്ലിയിൽ എത്തുന്ന സുധാകരൻ അവിടെ എംപിമാരുമായും കൂടിക്കാഴ്ച നടത്തും. നേരത്തേ ചർച്ചകളിൾ തങ്ങളെ ഉൾപ്പെടുത്തുന്നില്ലെന്ന പരാതികൾ എംപിമാർ ഉയർത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പാണ് ആദ്യം നടക്കാനിരിക്കുന്നതെന്നതിനാൽ തങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കണമെന്ന ആവശ്യമായിരുന്നു എംപിമാർ ഹൈക്കമാന്റിന് മുന്നിൽ വെച്ചത്.
Recommended Video

ദില്ലിയിൽ നിന്നും 14 ന് സുധാകരൻ നാട്ടിലെത്തിയാൽ ഒരു വട്ടം കൂടി സംസ്ഥാന നേതാക്കളുമായും ചർച്ച നടത്തിയ ശേഷമാകും അവസാന പട്ടിക ഹൈക്കമാന്റിന് കൈമാറുക.
ഈ തരത്തിൽ അന്തിമ പട്ടിക തയ്യാറാകുമ്പോഴേക്കും പല പേരുകളും അട്ടിമറിക്കപ്പെട്ടേക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.












Click it and Unblock the Notifications