'മലയാളിയുടെ ജീവന് ഒരു വിലയുമില്ലേ; നടക്കുന്നത് മുഖ്യന് നന്ദി പറയിക്കലും മന്ത്രിമാരുടെ കരച്ചിലും'
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് വിദേശത്തും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങി മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാലതാമസം വരുത്തുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല. എല്ലാദിവസവും പ്രവാസികളോടുള്ള കരുതല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്ന പിണറായി വിജയന്‍റെയും വിദേശ ഇന്ത്യക്കാരെക്കുറിച്ച് അഭിമാനപുളകിതനാകുന്ന നരേന്ദ്രമോദിയുടെയും വഞ്ചന അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മലയാളികള്‍.
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തൊഴില്‍തേടി വന്നവര്‍ മടങ്ങി. അയല്‍രാജ്യങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്ക് വന്നവരും മടങ്ങി. അപ്പോഴും ജന്മനാട്ടിലേക്കുള്ള മടക്കം വിദൂരസ്വപ്നമായി അവശേഷിക്കുന്ന ഒരു കൂട്ടരുണ്ട്. വിദേശരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും കുടുങ്ങിയ മലയാളികള്‍.

വഞ്ചന
എല്ലാദിവസവും പ്രവാസികളോടുള്ള കരുതല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്ന പിണറായി വിജയന്‍റെയും വിദേശ ഇന്ത്യക്കാരെക്കുറിച്ച് അഭിമാനപുളകിതനാകുന്ന നരേന്ദ്രമോദിയുടെയും വഞ്ചന അവര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. പറഞ്ഞുവിടാന്‍ കാണിച്ച മിടുക്ക് എന്തേ മടക്കിക്കൊണ്ടു വരവില്‍ ഇല്ല.

ഒരു വിലയുമില്ലേ ?
ഇന്ത്യക്കാരന്‍റെ, മലയാളിയുടെ വികാരവിചാരങ്ങള്‍ക്കും ജീവനും ഒരു വിലയുമില്ലേ ? അതിഥി തൊഴിലാളികളെ മടക്കി അയച്ചതില്‍ കാല്‍ക്കാശിന്‍റെ റോളില്ലെങ്കിലും തള്ളി മരിക്കുന്ന സഖാക്കള്‍ എന്തേ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളുടെ കാര്യത്തില്‍ മൗനം പാലിക്കുന്നു ?

അങ്ങോട്ടു പോയ ട്രെയിനുകള്‍
തൊഴിലാളികളെയും കൊണ്ട് അങ്ങോട്ടു പോയ ട്രെയിനുകള്‍ തിരികെ മലയാളികളുമായി വരണമെന്ന് ആവശ്യപ്പെടാതിരുന്നതെന്ത് ? അതത് സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കയ്യെടുത്താണ് അവരവരുടെ ആളുകളെ മടക്കിക്കൊണ്ടു പോയത് ? ട്രെയിന്‍ ടിക്കറ്റിന്‍റെ പണം പോലും പല സംസ്ഥാനങ്ങളും നല്‍കി.

വാചകകസര്‍ത്ത് മാത്രം
(റെയില്‍വെ സ്റ്റേഷനുകളില്‍ കേരളമുഖ്യമന്ത്രിയ്ക്ക് അതിഥി തൊഴിലാളികളെക്കൊണ്ട് നന്ദി പറയിക്കല്‍, മന്ത്രിമാരുടെ പൊട്ടിക്കരച്ചില്‍ എന്നിവയായിരുന്നു കേരളത്തിന്‍റെ റോള്‍ ). മലയാളിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ആകെ ചെയ്യുന്നത് വാചകകസര്‍ത്ത് മാത്രം

സര്‍ക്കാര്‍ പറയുന്നത്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളെ മടക്കിക്കൊണ്ടുവരാന്‍ എന്ത് പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ തയാറാക്കിയിട്ടുള്ളത് ? അവര്‍ ബസിലോ ടാക്സിയിലോ വരണമെന്നാണോ സര്‍ക്കാര്‍ പറയുന്നത് ? റെയില്‍വെയുമായി എന്തെങ്കിലും ചര്‍ച്ച നടന്നിട്ടുണ്ടോ ?

ഒരു ധാരണയുമില്ലാതെ വലയുന്നു
കശ്മീര്‍ മുതല്‍ ലക്ഷദ്വീപ് വരെയുള്ള മലയാളികള്‍ മടക്കയാത്രയെക്കുറിച്ച് ഒരു ധാരണയുമില്ലാതെ വലയുന്നു. നോര്‍ക്ക വഴിയുള്ള വിവരശേഖരണം ആരെ ബോധിപ്പിക്കാനാണ് ? തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഡാറ്റ ശേഖരണം എന്നതിനപ്പുറം എന്താണ് അതിലുള്ളത് ? അതുപോലെ തന്നയാണ് വിദേശമലയാളികളുടെ കാര്യവും.

മോദി സര്‍ക്കാരിന്‍റെ കനിവ്
ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയില്‍ മോദി സര്‍ക്കാരിന്‍റെ കനിവു കാത്ത് കഴിയുകയാണ് നമ്മുടെ പ്രവാസി സഹോദരങ്ങള്‍. നിരവധി പേര്‍ ഇതിനോടകം വിദേശരാജ്യങ്ങളില്‍ മരണത്തിന് കീഴടങ്ങി. ഇന്ന് അമേരിക്കയില്‍ മരിച്ച എട്ടുവയസുകാരന്‍ നമ്മുടെ തീരാനോവാണ്. രോഗികൾ, ഗർഭിണികൾ, അടിയന്തിര വൈദ്യസഹായം വേണ്ട നിരവധിയാളുകളാണ് കാത്തിരിക്കുന്നത്.

പ്രവാസികളുടെ മടക്കം
ലോക്ഡൗണ്‍ കാലയളവില്‍ത്തന്നെ പ്രവാസികളുടെ മടക്കം നടത്തുന്നതാണ് രാജ്യത്തിനും ഗുണകരം. നിയന്ത്രണങ്ങളുടെ കാലയളവില്‍ അവരുടെ ക്വാറന്‍റൈനും ഉറപ്പിക്കാനാവും. നിയന്ത്രണങ്ങള്‍ നീക്കിയശേഷമാണ് പുറത്തുനിന്നുള്ളവര്‍ വരുന്നതെങ്കില്‍ രോഗവ്യാപനം ഉണ്ടായാൽ തടയാന്‍ എത്രകണ്ട് സാധിക്കും ?
Recommended Video

വാചകമടി അവസാനിപ്പിക്കണം
പൊലീസിന്‍റെയും ആരോഗ്യപ്രവര്‍ത്തകരുടെയുമെല്ലാം വിന്യാസത്തില്‍ ഇരട്ടിപ്പണി വേണ്ടി വരുമെന്നുറപ്പ്. വാചകമടി അവസാനിപ്പിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിയിലേക്ക് കടന്നില്ലെങ്കില്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന ഒരു വിഭാഗത്തോട് ചെയ്യുന്ന കൊടും ചതിയായാവും ചരിത്രം ഈ കാലത്തെ അടയാളപ്പെടുത്തുക...












Click it and Unblock the Notifications