മലപ്പുറം എന്താ കേരളത്തിലല്ലേ? സിപിഎം ബിജെപിക്കും ആർഎസ്എസിനും വേണ്ടി വിറക് വെട്ടുകയാണെന്ന് കുഴൽനാടൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ച വിജയമാണ് സംസ്ഥാനത്ത് ഇടത് മുന്നണി സ്വന്തമാക്കിയത് ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പ്പറേഷന്‍ വരെയുളള എല്ലായിടത്തും ഇടത് പക്ഷം കരുത്ത് തെളിയിച്ചു.
അതേസമയം വോട്ടിംഗ് ശതമാനം നോക്കിയാല്‍ നേട്ടം യുഡിഎഫിനാണ് എന്ന് വാദിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് മാത്യു കുഴല്‍നാടന്റെ വാദത്തെ പരിഹസിച്ച് മന്ത്രി തോമസ് ഐസകുമെത്തി. കുഴല്‍നാടന്റെ വാദങ്ങളെ എതിര്‍ത്ത ഐസക് യുഡിഎഫിന്റെ പൊതുസ്ഥിതി മനസ്സിലാക്കാന്‍ മലപ്പുറം ജില്ല ഒഴിച്ചുളള കണക്കും വിശകലനം ചെയ്തിരുന്നു. ഇതോടെ വീണ്ടും മാത്യു കുഴല്‍നാടന്‍ മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

മലപ്പുറം എന്താ കേരളത്തിലല്ലേ
മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മലപ്പുറം എന്താ കേരളത്തിലല്ലേ..? ധനമന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആക്ഷേപം വരവ് വച്ചിരിക്കുന്നു. എന്താണെങ്കിലും ഞാൻ ഉദ്ധരിച്ച കണക്കുകൾ തെറ്റാണെന്നോ വ്യാജമാണെന്നോ ഉള്ള ആക്ഷേപം അങ്ങേയ്ക്ക് ഇല്ലല്ലോ. പിന്നെ ഗ്രാമപഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോർപ്പറേഷനിലെയും വോട്ട് മാത്രം പരിഗണിച്ചതിന്റെ യുക്തി അങ്ങേയ്ക്ക് മനസ്സിലാകാഞ്ഞിട്ടല്ല എന്ന് എനിക്കറിയാം.

ബിജെപിക്കും സിപിഎമ്മിനും ഒരേസ്വരം
സാമ്പിൾ സെലക്ഷൻ ഒരു പാറ്റേണിലുള്ളത് ആകണമെന്ന റിസർച്ചിലെ പ്രാഥമിക പാഠം അങ്ങേയ്ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. അപ്പോ അത് അവിടെ നിൽക്കട്ടെ.
പിന്നെ അങ്ങ് മലപ്പുറം ഒഴിവാക്കി ഒന്ന് കണക്കുകൂട്ടാൻ ആവശ്യപ്പെട്ടത് കണ്ടു. എന്താണ് മലപ്പുറത്തിന്റെ പ്രത്യേകത? മലപ്പുറം എന്താ കേരളത്തിലല്ലേ..? ബിജെപിയുടെ സവിശേഷ മലപ്പുറം വിരോധം നമ്മൾ കണ്ടിട്ടുണ്ട്.. സിപിഎമ്മിനും അതേ നിലപാടാണോ? ഓ.. ഇപ്പോ ബിജെപിക്കും സിപിഎമ്മിനും ഒരേസ്വരം ആണല്ലോ..

സിപിഎം എങ്ങോട്ടാണ് പോകുന്നത്?
കേവലം വോട്ട് രാഷ്ട്രീയത്തിനു വേണ്ടി നിങ്ങൾ മുസ്ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും മലപ്പുറത്തെയും വേറിട്ടു കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുമ്പോൾ നിങ്ങൾ ബിജെപിക്കും ആർഎസ്എസിനും വേണ്ടി വിറക് വെട്ടുകയാണ് എന്നത് വിസ്മരിക്കേണ്ട. ബിജെപിയുടെ പാട്ടിനൊപ്പം നൃത്തം ചവിട്ടി സിപിഎം എങ്ങോട്ടാണ് പോകുന്നത്? പിന്നെ എക്സെൽ ഷീറ്റിലെ കണക്കുകൾ കൂടാതെ ഏതാനും കാര്യങ്ങൾ കൂടി ഞാൻ സൂചിപ്പിച്ചിരുന്നു.

ബിജെപിക്ക് വോട്ടു നൽകി
സംസ്ഥാനത്തെമ്പാടും, സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും സിപിഎമ്മിന് ഒറ്റയക്ക വോട്ടുകൾ ലഭിച്ചപ്പോൾ അവിടെയൊക്കെ ബിജെപിയെയും എസ്ഡിപിഐയെയുമാണ് നിങ്ങൾ വിജയിപ്പിച്ചത്. എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ ചിത്രം 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം ചേർത്ത് സംസ്ഥാനം മുഴുവൻ ഒട്ടിച്ച സിപിഎം, അഭിമന്യുവിന്റെ പഞ്ചായത്തായ വട്ടവടയിൽ ബിജെപിക്ക് വോട്ടു നൽകി കോൺഗ്രസിനെ പരാജയപ്പെടുത്തിയ തെളിവും പുറത്തുവിട്ടിരുന്നു.

മൗനം, സമ്മതം ആണ് എന്ന് കരുതാം
എസ്ഡിപിഐക്ക് കേരളത്തിൽ 100 സീറ്റുകൾ സംഭാവന ചെയ്ത അഭിമന്യുവിന് ഉപഹാരം നൽകിയവരാണ് നിങ്ങൾ. അതിനെക്കുറിച്ചൊക്കെയുള്ള അങ്ങയുടെ മൗനം, സമ്മതം ആണ് എന്ന് കരുതാം അല്ലെ.. പിന്നെ എക്സെൽ ഷീറ്റിലെ കണക്കുകൾക്ക് സിപിഎം മറുപടി പറയേണ്ടി തന്നെ വരും..''