• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇംഗ്ലീഷിൽ പ്രസംഗിച്ചതിന് പാർട്ടിക്കാരുടെ പരിഹാസം; നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി ടിഎൻ പ്രതാപൻ...

കോഴിക്കോട്: ഇംഗ്ലീഷിൽ പ്രസംഗിച്ചതിന്റെ പേരിൽ തന്നെ ചിലർ പരിഹസിച്ചതായി കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. കഴിഞ്ഞ മാസം ദില്ലിയിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ ടിഎൻ പ്രതാപൻ ഇംഗ്ലീഷിൽ പ്രസംഗിച്ചതാണ് ചില കോൺഗ്രസുകാരെ ചൊടിപ്പിച്ചത്.

പ്രസംഗം കഴിഞ്ഞ ശേഷം തന്നെ അഭിനന്ദിച്ചവർ പലരും തിരിഞ്ഞുനിന്ന് കളിയാക്കിയെന്നാണ് ടിഎൻ പ്രതാപൻ പറയുന്നത്. എന്നാൽ ആരെല്ലാമാണ് പരിഹസിച്ചതെന്നത് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല. തന്റെ കുറിപ്പ് ആരുടെയെങ്കിലും മനസുകളിൽ സ്വയം തറച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അദ്ദേഹം പറയുന്നു. ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം തുടർന്ന് വായിക്കാം.

കോൺഗ്രസ് പ്ലീനറി സമ്മേളനവേദി

കോൺഗ്രസ് പ്ലീനറി സമ്മേളനവേദി

''വക്ത് ഹേ ബദലാവ് കാ''

ടി.എൻ. പ്രതാപൻ മാർച്ച് 17 ന്യൂഡൽഹി. 84-ാമത് കോൺഗ്രസ് പ്ലീനറി സമ്മേളനവേദി. കാർഷിക പ്രമേയ അവതരണം. കർണ്ണാടക മുഖ്യമന്ത്രിയുടെ വായന-പ്രസംഗം. ശേഷം ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പേരുകൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രഖ്യാപിക്കുന്നു. എനിക്ക് അമ്പരപ്പ് ഉണ്ടായിരുന്നില്ല. തലേദിവസം 'വാർ റൂമിൽ' വെച്ച് പറഞ്ഞിരുന്നു. സാംപിട്രോഡയും മുകുൾ വാസ്‌നിക്കും. 'പ്രസംഗിക്കണം'. ഇംഗ്ലീഷ്-ഹിന്ദി ഭാഷയിൽ പ്രാവീണിമില്ലാത്ത ഞാനോ ? സഭാകമ്പം ഇല്ലെങ്കിലും എന്തോ ഒന്ന് മനസ്സിൽ... മാർച്ച് പതിനേഴിന് രാത്രി എ.ഐ.സി.സി. ആസ്ഥാനത്ത് പുലർച്ചെ രണ്ട് മണി വരെ ഉറക്കമിളച്ചിരുന്നു. ഞാൻ മലയാളത്തിലെഴുതി. ജാമിയമില്ല്യ യൂണിവേഴ്‌സിറ്റിയിലെ കൊടുങ്ങല്ലൂർക്കാരനായ എന്റെ സഹോദരതുല്യൻ വിദ്യാർത്ഥി ഹമീദ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി.

 സമ്മേളനത്തിൽ പ്രസംഗിക്കുകയോ

സമ്മേളനത്തിൽ പ്രസംഗിക്കുകയോ

മലയാളം മാത്രം എഴുതുവാനും പറയുവാനും അറിയുന്ന ഞാൻ എ.ഐ.സി.സി. സമ്മേളനത്തിൽ പ്രസംഗിക്കുകയോ ? ദേശീയ നേതാക്കന്മാരുടെ മഹാസാന്നിദ്ധ്യത്തിൽ. എനിക്ക് അസ്വസ്ഥത ഇല്ലാതിരുന്നില്ല. ഞാൻ പിറന്നത് കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലാണ്. ഓലമേഞ്ഞ ഒരു കുടിലിൽ. ഒരു മീൻപിടുത്തക്കാരന്റെ മകൻ. എഴുത്തും വായനയും അറിയാത്ത കർഷക തൊഴിലാളിയായിരുന്ന കൂലിപ്പണി ചെയ്തിരുന്ന ഒരമ്മയുടെ മകൻ. ദാരിദ്ര്യം, പട്ടിണി, ഡിഗ്രിപോലും പാസ്സാകുവാനുള്ള ഭാഗ്യം ലഭിക്കാത്ത പശ്ചാത്തലം. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മണ്ണെണ്ണ വിളക്ക് അഭയം. മത-ജാതി-രാഷ്ട്രീയ പരിഗണനയില്ലാതെ കൂട്ടുകാരുടെ സ്‌നേഹം, പിന്തുണ, സഹായം. വിശപ്പ് മാറ്റാനും, വസ്ത്രം ധരിക്കാനും പുസ്തകം വാങ്ങാനും എല്ലാത്തിനും...

 എനിക്ക് അറിയാം

എനിക്ക് അറിയാം

രാഷ്ട്രീയം, വായന, സൗഹൃദം, സിനിമ, കവിത, പാട്ട്, പ്രസംഗം, കഥയെഴുത്ത്, യാത്ര എല്ലാ പോരായ്മകൾക്കിടയിലും ഇതിനൊന്നും കുറവ് വന്നിരുന്നില്ല. അമ്മയുടെ പ്രോത്സാഹനം. അച്ഛന്റെ ആശങ്ക. ജീവിതം കണ്ടെത്താനുള്ള സ്‌നേഹം നിറഞ്ഞ ശാസന, ഉപദേശം. എനിക്ക് അറിയാം; ഞാൻ എവിടെ നിന്നാണ് വരുന്നതെന്ന്. ഗവൺമെന്റ് മാപ്പിള എൽ.പി. സ്‌കൂൾ, തളിക്കുളം ഗവ. ഹൈസ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ് - ശേഷം തൃശൂർ ഡി.സി.സി. ഓഫീസ് - (രാഷ്ട്രീയ വിദ്യാലയം), കൂട്ടുകാരാവുന്ന സർവ്വകലാശാല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമില്ല. സഹപ്രവർത്തകരെ പോലെ ഡിഗ്രിയും പത്രാസ്സുമില്ല. സത്യമാണ്. പക്ഷേ; കഠിനാദ്ധ്വാനം, ത്യാഗത്തോടെയുള്ള സമർപ്പണം. സ്ഥിരോത്സാഹം - അങ്ങിനെ ഇവിടെവരെയെത്തി. ഏ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന്റെ വേദിയിൽ വരെ.

 എനിക്ക് അറിയില്ലല്ലോ

എനിക്ക് അറിയില്ലല്ലോ

എല്ലാവർക്കും സഹിക്കണമെന്നില്ല. പൊരുത്തപ്പെടുവാൻ കഴിയണമെന്നുമില്ല. അവർ പറയുന്ന, എഴുതുന്ന ഭാഷയൊന്നും എനിക്ക് അറിയില്ലല്ലോ. ശരിയാണ് - ഞാൻ എഴുതി വായിച്ചു. എന്റെ വായനക്ക് കരുത്ത് ഉണ്ടായിരിക്കില്ല. സ്പഷ്ടത തീരെ വന്ന് കാണില്ല. എന്റെ ഇംഗ്ലീഷ് 'പണ്ഡിതശ്രേഷ്ഠന്മാർക്ക്' മനസ്സിലാവണമെന്നില്ല. ഉറപ്പാണ്. എനിക്കറിയാം എന്റെ പരിമിതികൾ. പോരായ്മകൾ. നൂറ് ശതമാനം തിരിച്ചറിയാം.

പക്ഷേ; പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരിഹസിക്കുന്ന ചിലരെ ഞാൻ കണ്ടു. പൊട്ടിചിരിക്കുന്ന മറ്റ് ചിലരേയും കണ്ടു. അവരിൽ പലരും എന്റെ അടുത്തവരെന്ന് അഭിനയിക്കുന്നവർ. കെട്ടിപിടിക്കുന്നവർ. സാധാരണക്കാരന്റെ ബന്ധുക്കൾ എന്ന് പറയുന്നവർ. കഷ്ടം, മഹാകഷ്ടം, ഇതാണ് നമ്മുടെ പല 'മഹാന്മാരു'ടേയും മനസ്സ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞു. നന്ദി. പരിഭവമില്ലാത്ത നന്ദി.

 ഹൃദയം മാത്രം

ഹൃദയം മാത്രം

എന്നെ എ.ഐ.സി.സി. വേദിയിലെത്തിച്ച രാഹുൽഗാന്ധിയോടും എന്റെ കുറവുകൾ തിരിച്ചറിഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ച എ.കെ. ആന്റണിയോടും എന്ത് പറയണമെന്നറിയില്ല. ഹൃദയം മാത്രം നൽകാം. ഒരു പഴയ വായന ഓർമ്മയിൽ വന്നു. ലൂയിസ് ഫിഷർ എഴുതിയ മഹാത്മാഗാന്ധിയെക്കുറിച്ചുള്ള വായന. 1901ലെ കൽക്കട്ട എ.ഐ.സി.സി. - ദക്ഷിണാഫ്രിക്കയിൽ നിന്നും മോഹൻദാസ് കരംചന്ദ് ഗാന്ധി പങ്കെടുക്കുന്നു. അദ്ദേഹം ഇന്ത്യയിൽ അന്ന് അത്ര പ്രശസ്തനായിരുന്നില്ല. ദക്ഷിണാഫ്രിക്കയെക്കുറിച്ച് ഒരു പ്രമേയം അവതരിപ്പിക്കുവാൻ അവസരം തരണമെന്ന് സംഘാടകരോട് ഗാന്ധി അഭ്യർത്ഥിച്ചു. ആരും അത് ആദ്യം ചെവികൊണ്ടില്ല. അവസാനം തന്റെ രാഷ്ട്രീയ ഗുരുവായി മാറിയ ഗോപാലകൃഷ്ണ ഗോഖലെ അദ്ദേഹത്തിന് അവസരം ഉണ്ടാക്കികൊടുത്തു.

 എഴുതി വായിച്ചു

എഴുതി വായിച്ചു

ഗാന്ധിജി പ്രമേയം എഴുതി വായിച്ചു. പലർക്കും അത് അത്ര മനസ്സിലായില്ല. വല്ലാതെ ശ്രദ്ധിച്ചുമില്ല. പക്ഷേ; ഗോപാലകൃഷ്ണ ഗോഖലെ അതിനെ പിന്താങ്ങി. ഏകകണ്ഠമായി അത് പാസ്സായി. അങ്ങിനെ ദക്ഷിണാഫ്രിയക്കയിലെ കറുത്ത വർഗ്ഗക്കാരുടെ, ഇന്ത്യൻ വംശജരുടെ ശബ്ദം എ.ഐ.സി.സിയിൽ വന്നു. പിന്നീട് മഹാത്മാഗാന്ധി ആത്മകഥയിൽ എഴുതി ''കോൺഗ്രസ്സിന്റെ അംഗീകാരം ഇന്ത്യയുടെ മുഴുവൻ അംഗീകാരമാണ്''. കോൺഗ്രസ്സിന്റെ 84-ാം പ്ലീനറി സമ്മേളനവേദിയിൽ പ്രസംഗിച്ച് ഇറങ്ങിവരുമ്പോൾ ഇരുകൈകളും പിടിച്ച് കുലുക്കി അഭിനന്ദിച്ചുകൊണ്ട് എ.കെ. ആന്റണി പറഞ്ഞു. ''ആദ്യമായാണ് ദുർബ്ബലരായ ഈയൊരു ജനതയുടെ ശബ്ദം കോൺഗ്രസ്സിന്റെ ദേശീയ സമ്മേളനവേദിയിൽ വരുന്നത്. ആദ്യമായി അവരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ശബ്ദം. അഭിനന്ദനങ്ങൾ''. മതി, എനിക്ക് ഇത്ര മാത്രം മതി. ഇതാണ് എന്റെ സർവ്വകാലാശാ ബിരുദം. എന്റെ പി.എച്ച്.ഡി. സർട്ടിഫിക്കറ്റ്.

 ചിദംബരം

ചിദംബരം

മാർച്ച് 18ലെ സാമ്പത്തിക പ്രമേയ ചർച്ചകൾ കഴിഞ്ഞ് അവതാരകനായ മുൻ ധനകാര്യമന്ത്രി പി. ചിദംബരം വേദിയിൽ വന്ന് പ്രമേയം പാസ്സാക്കുന്നതിന് പ്രതിനിധികൾ കൈപൊക്കുവാൻ ആവശ്യപ്പെടുന്നതിന് മുൻപ് ''പ്രമേയത്തിന് ഒരു ഭേദഗതിയുണ്ട്. കേരളത്തിൽ നിന്നുള്ള ഭേദഗതി. ടി.എൻ. പ്രതാപനാണ് എഴുതി തന്നിരിക്കുന്നത്. ഇന്ത്യയിലെ മത്സ്യതൊഴിലാളികളുടെ ഭാവിയെ സംബന്ധിച്ചുള്ളതാണ്. അവരുടെ ജീവിത പ്രയാസങ്ങളാണ്. സാമ്പത്തിക ദുരിതങ്ങളെകുറിച്ചാണ്. അത് അംഗീകരിക്കണം''.

സോണിയാഗാന്ധി, രാഹുൽഗാന്ധി, ഡോ. മൻമോഹൻ സിങ്ങ്, ഏ.കെ. ആന്റണി, ഗുലാംനബി ആസാദ് ഉൾപ്പെടെയുള്ള ആയിരങ്ങൾ ഒന്നിച്ച് കൈ ഉയർത്തി. ഒരേയൊരു പ്രമേയ ഭേദഗതി.

 അംഗീകാരമായി ഇതിനെ കാണണം

അംഗീകാരമായി ഇതിനെ കാണണം

പലരും കളിയാക്കിയ, പരിഹസിച്ച 'മലയാളം മാത്രം' അറിയുന്ന ഒരു സാധാരണക്കാരനായ കേരളീയന്റെ ആശയങ്ങൾക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണണം. നേരിയ അഭിമാനം. രണ്ടുദിവസത്തെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച മറ്റ് പ്രമേയങ്ങളിലൊന്നും യാതൊരു ഭേദഗതിയും ഉണ്ടായിരുന്നില്ല എന്നുകൂടി ഓർക്കുമ്പോഴാണ് ആത്മവിശ്വാസം നൽകുന്ന ഈ അംഗീകാരം അഭിമാനമാകുന്നത്. ക്ഷമിക്കുക, ഈ കുറിപ്പ് ആരുടെയെങ്കിലും മനസ്സുകളിൽ സ്വയം തറച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.''വക്ത് ഹേ ബദലാവ് കാ'' എന്നതിന്റെ മലയാളം: ''മാറ്റത്തിനുള്ള സമയം ഇതാണ്.''

എ.ഐ.സി.സി. പ്ലീനറി സമ്മേളനത്തിന്റെ മുദ്രാവാക്യം ഇതായിരുന്നു.''.

സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് വേണ്ടി നിയമസഭ ഒറ്റക്കെട്ട്! 'ഒറ്റയാനായി' പോരാടിയ ബൽറാമിനെ മെരുക്കി...

സോറി സോറി ആളുമാറി! ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം അടിച്ചില്ലെന്ന് വ്യക്തമാക്കി പ്രവാസി യുവാവ്

English summary
congress leader tn prathapan facebook post about his english speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more