'ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു നീറ്റലാണ്'; കൃപേഷിനേയും ശരത് ലാലിനേയും ഓർത്ത് കോൺഗ്രസ് നേതാക്കൾ
പെരിയ: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രക്തസാക്ഷിത്വ ദിനത്തില്‍ ഓര്‍മകള്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാക്കള്‍. 2019 ഫെബ്രുവരി 17നാണ് ഇരുവരും കാസര്‍കോട് ജില്ലയിലെ പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്.
ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു നീറ്റലാണ് എന്ന് കെ സുധാകരൻ കുറിക്കുന്നു. ഇവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുമ്പോൾ ജനാല വഴി പുറത്തേക്ക് നോക്കി വിതുമ്പിയ കുഞ്ഞുങ്ങളുടെ മുഖമുണ്ടല്ലോ... ആ ചിത്രം പറയുന്നുണ്ട് ഞങ്ങളുടെ കൃപേഷും ശരത്തും ആ നാട്ടുകാർക്ക് ആരായിരുന്നെന്ന്. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്ന പലരും എന്നെ അത്ഭുതപ്പെടുത്തുന്നത് ഇതൊക്കെ കൊണ്ടാണ്. നമ്മുടെ കുട്ടികളെ വെട്ടിക്കീറി കൊന്നവരോട് സമരസപ്പെടാൻ എങ്ങനെ പലർക്കും കഴിയുന്നു എന്നത് ഇനിയും മനസിലാകാത്ത ചോദ്യമാണ്. ജീവനുള്ള കാലം വരെ സിപിഎമ്മിലെ ക്രിമിനലുകളോട് 'NO COMPROMISE ' എന്ന് പറയാൻ ഇവരുടെ ഓർമ്മകൾ മാത്രം മതി എന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ
ശരത്തിനേയും കൃപേഷിനേയും അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: '' സി.പി.എം കൊലക്കത്തിക്ക് ഇരകളായ കല്യാട്ടെ കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും ഓർമ്മകൾക്ക് ഇന്ന് മൂന്നാണ്ട്. സി.പി.എം നേതൃത്വത്തിൻ്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ രാഷ്ട്രീയ കൊലപാതകമായിരുന്നു അത്. പാർട്ടി നേതൃത്വത്തിന് പങ്കുള്ളതുകൊണ്ട് തന്നെയാണ് പൊതുഖജനാവിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച്, സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. കൃപേഷിനും ശരത് ലാലിനും നീതി ലഭ്യമാക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. ഇരുവരുടെയും കുടുംബത്തെ ഈ പ്രസ്ഥാനം നെഞ്ചോട് ചേർത്ത് നിർത്തും''.

വിഎം സുധീരന്റെ പ്രതികരണം: '' മഹത്തായ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക ഉയർത്തി പിടിച്ച് ജനങ്ങൾക്ക് വേണ്ടി എന്നും പ്രവർത്തിച്ചിരുന്ന ജനപ്രിയരായ കൃപേഷിനെയും ശരത് ലാലിനെയും രക്തദാഹികളായ സിപിഎം കാപാലികർ ക്രൂരമായി കൊലപ്പെടുത്തിയിട്ട് മൂന്നുവർഷമായി. കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായ ഈ യുവധീരന്മാരുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു..''
ഷാഫി പറമ്പിലിന്റെ കുറിപ്പ്: ഇന്നലെ രാത്രി വൈകുവോളം കല്ല്യോട്ടുണ്ടായിരുന്നു... ഹൃദയം നുറുങ്ങുന്ന വേദനയിൽ ആ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ എല്ലാമെല്ലാം ആയിരുന്ന കിച്ചുവിനെയും ജോഷിയെയും നേരിട്ട് കാണാനെന്ന പോലെ രക്തസാക്ഷി മണ്ഡപത്തിലേക്ക് ഒഴുകി വന്നു. കുഞ്ഞു മക്കൾ പോലും ചിരാതുകൾ തെളിയിച്ച് ഏട്ടന്മാരുടെ സ്‌മൃതി കുടീരങ്ങളിൽ ഒരു പിടി പൂക്കൾ അർപ്പിച്ചു.ആ നാടിന്റെ അമ്മമാർ ഈ മക്കളെ ഓർത്ത് ഇപ്പോഴും കണ്ണീർ വാർക്കുന്നു. അവർക്കെത്ര മാത്രം പ്രിയപ്പെട്ടവരായിരുന്നു ശരത്തും കൃപേഷുമെന്ന് പറയാൻ വാക്കുകൾക്ക് കരുത്ത് പോരാതെ വരും.
സഞ്ചരിക്കുന്ന വഴിയറിഞ്ഞ്, സമയം നിശ്ചയിചുറച്ച്, ആയുധങ്ങൾ മൂർച്ച കൂട്ടി, കൊല്ലാനുള്ള ആളുകൾ വാഹനങ്ങളിൽ ഇരുട്ടിന്റെ മറവിൽ കാത്തിരുന്ന്, കൊന്ന് കഴിഞ്ഞാൽ രക്‌തം ചിതറിയ വസ്ത്രങ്ങൾ പകരം പുതിയത് കരുതി വെച്ച്, രക്ഷപ്പെടാനും ഒളിക്കാനുമുള്ള ഇടം പോലും തീരുമാനിച്ച്, പിന്നീട് അന്വേഷണം അട്ടിമറിക്കുവാൻ സർക്കാർ ഖജനാവിലെ പണം ചിലവഴിക്കുവാൻ വരെ ഉറച്ച്, പാർട്ടി നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രൂര കൊലപാതകം കൊണ്ട് സിപിഎം ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ച കോൺഗ്രസ്സ് പ്രസ്ഥാനവും അതിന്റെ ജനബന്ധവും മരണ ശേഷവും ധീര പോരാളികളുടെ സ്മരണയിലൂടെ കരുത്താര്ജ്ജിക്കുകയാണ് എന്ന് ഇന്നലെ കല്ല്യോട്ടിലെ ഓരോ ജാലവും ഉറക്കെ വിളിച്ച് പറയുന്നുണ്ടായിരുന്നു. അതെ, ധീരരുടെ ജീവത്യാഗം വെറുതെയാകില്ല.. കോൺഗ്രസ്സ് പതാകയുടെ തണലിൽ, നാടിന് വേണ്ടി അവസാന ശ്വാസം വരെയും പോരാടുവാനുള്ള നിലക്കാത്ത പ്രചോദനമാണ് പ്രിയ ശരത്തും കൃപേഷും''.












Click it and Unblock the Notifications