സുധാകരന്റെ പ്രസ്താവനയില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി; വിശദീകരണം തേടിയെന്ന് നേതാക്കള്‍
ദില്ലി: കെ സുധാകരന്റെ ആര്‍ എസ് അസ് അനുകൂല പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കെ സുധാകരന്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ച് പ്രസ്താവന തിരുത്തിയതോടെ വിവാദം അവസാനിച്ചെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സുധാകരന് സംഭവിച്ചത് നാക്കുപിഴയാണെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു. സുധാകരന്റെ പ്രസ്താവന വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തിലും ബംഗാളിലും സഖ്യമുണ്ടാക്കിയ സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ട. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കാനോ വിട്ടുവീഴ്ച ചെയ്യാനോ കോണ്‍ഗ്രസ് ഒരു കാലത്തും തയാറാകില്ല. നെഹ്റൂവിയന്‍ ആദര്‍ശങ്ങളെ മുറുകെപിടിച്ചേ കേരളത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ. ഇക്കാര്യം ചിന്തന്‍ ശിവിറിലും തീരുമാനിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇതില്‍ നിന്നും മാറി ആരെങ്കിലും ചിന്തിക്കുകയോ പറയുകയോ ചെയ്യുന്നതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കില്ല. ഒരു വര്‍ഗീയ വാദിയുടെയും വോട്ട് വേണ്ടെന്ന് ചരിത്രത്തില്‍ ആദ്യമായി പറയാന്‍ തന്റേടം കാട്ടിയ മുന്നണിയും പാര്‍ട്ടിയുമാണ് യു.ഡി.എഫും കോണ്‍ഗ്രസും- വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത് ഇങ്ങനെയാണ്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ചാരി മുസ്ലിംലീഗ് ഇടതു മുന്നണിയിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. ലീഗ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യത്തില്‍ എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് മനസിലാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലീഗ് ആണ് കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന നില വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനേക്കാള്‍ ശക്തമാണ് ലീഗ് നേതൃത്വം. കെ. സുധാകരന്റെ മനസ് ബി ജെ പി ക്ക് ഒപ്പമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഗുജ്‌റാത്ത്, ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസിന്റെ പ്രസക്തി പൂര്‍ണമായും നഷ്ടമാവും. കെ. സുധാകരന്റെ അഭിപ്രായം മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉണ്ട്. ലീഗിനെ പേടിച്ച് പ്രവര്‍ത്തിക്കേണ്ട അരക്ഷിതാവസ്ഥയിലാണ് അവര്‍. അത്തരം നേതാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബിജെപി തയ്യാറാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി കെ സുധാകരന്‍ രംഗത്തെത്തി. ഇഡിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുന്നവരല്ല സുരേന്ദ്രാ യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരെന്ന് കെ സുധാകരന്‍ പറഞ്ഞു. ഇഡി യോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് ഞങ്ങള്‍. ബിജെപിയെ സുഖിപ്പിക്കാന്‍ അമിത്ഷായെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളം കളിയ്ക്ക് ഞങ്ങള്‍ ക്ഷണിച്ചിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രഥമാതിഥിയായി അമിത്ഷായെ ഇറക്കിയിട്ടില്ല. ഭരണമികവ് പഠിക്കാന്‍ ന്യൂനപക്ഷ വേട്ടയുടെ നാട്ടിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തോല്‍പ്പിക്കാന്‍ കമ്മി - സംഘി കൂട്ടായ്മ സംഘടിപ്പിച്ചിട്ടില്ല.
ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ നരേന്ദ്രമോദിയ്ക്കുമുന്നില്‍ ശിരസ്സ് കുനിച്ചിട്ടില്ല. ഇതെല്ലാം ചെയ്ത പിണറായിയും സഖാക്കളുമാണ് സംഘി മനസ്സുള്ളവര്‍ എന്ന് കേരളത്തില്‍ ആര്‍ക്കാണറിയാത്തത്.'സുരേന്ദ്രാ ആളും തരവും നോക്കി കളിയ്ക്കണം 'എന്നെ പറയാനുള്ളൂ. 'ജീവനുള്ള ഒരു കോണ്‍ഗ്രസ്സുകാരനും ബിജെപിയ്ക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മ്മകള്‍ ബി ജെ പിയ്ക്കെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു .












Click it and Unblock the Notifications