മധ്യപ്രദേശില്‍ അവിശ്വാസ പ്രമേയ നീക്കവുമായി കോണ്‍ഗ്രസ്; ബിജെപി സർക്കാർ താഴെ വീഴുമോ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാറിനെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി കോണ്‍ഗ്രസ്. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ശിവരാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്. അഞ്ച് ദിവസത്തെ ശീതകാല സമ്മേളനം ഡിസംബർ 23ന് സമാപിക്കും. ഈ സാഹചര്യത്തില്‍ ഇന്നോ അല്ലെങ്കില്‍ നാളെയോ ആയിരിക്കും ബി ജെ പി സർക്കാറിനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം.

'എല്ലാ മേഖലകളിലും പരാജയപ്പെട്ട ബി ജെ പി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ഞായറാഴ്ച തന്റെ വസതിയിൽ പാർട്ടി എം എൽ എമാരോട് പറഞ്ഞു' - കോണ്‍ഗ്രസ് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ് നിയമസഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

230 അംഗ മധ്യപ്രദേശ് നിയമസഭയിൽ ബി ജെ പിക്ക് 127 ഉം കോൺഗ്രസിന് 96 ഉം എം എൽ എമാരാണുള്ളത്. ഇതിനാല്‍ സർക്കാറിന് വലിയ ഭീഷണിയൊന്നുമില്ല. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം ഞായറാഴ്ച വൈകുന്നേരം സർവകക്ഷിയോഗം വിളിച്ചിരുന്നു. സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ സഭ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ നടക്കണമെന്നും കൂടുതൽ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കണമെന്നും അംഗങ്ങൾക്കിടയിൽ ധാരണയിലെത്തിയതായി സംസ്ഥാന ആഭ്യന്തര, പാർലമെന്ററി കാര്യ മന്ത്രി നരോത്തം മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, സംസ്ഥാന സർക്കാരിനെതിരെ കോണ്‍ഗ്രസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് വ്യക്തമാക്കിയത്. അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ (സഭയിൽ) ബി ജെ പി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ പേരിൽ ഒരു വിചാരണയാണ് കോൺഗ്രസ് ഈ കുറ്റപത്രത്തിലൂടെ ലക്ഷ്യമിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഭ ചേരുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ സംസ്ഥാന സർക്കാർ എപ്പോഴും ഗൂഢാലോചന നടത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. വിലക്കയറ്റം, മോശം ക്രമസമാധാനം, കർഷകരുടെ ദുരിതങ്ങൾ, അഴിമതി എന്നിവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പാർട്ടി ഉന്നയിക്കുമെന്ന് കോൺഗ്രസ് എം എൽ എമാരായ സജ്ജൻ സിംഗ് വർമയും തരുൺ ഭാനോട്ടും പറഞ്ഞു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാന നിയമസഭ 32 സിറ്റിംഗുകൾ മാത്രമാണ് നടത്തിയതെന്നതിനാൽ എംഎൽഎമാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് മുതിർന്ന കോൺഗ്രസ് എം എൽ എ ജിതു പട്വാരിയും കുറ്റപ്പെടുത്തി. സർക്കാർ അംഗീകരിക്കാൻ ആഗ്രഹിക്കാത്ത നിയമസഭാ സാമാജികരുടെ അധികാരം നിയമസഭയിലാണെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന ആഭ്യന്തര, പാർലമെന്ററി കാര്യ മന്ത്രി നരോത്തം മിശ്ര അറിയിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ് അവതരിപ്പിച്ച പ്രമേയം സ്പീക്കർ ഗിരീഷ് ഗൗതം അംഗീകരിച്ചു. ഷെഡ്യൂൾ ചെയ്ത കാര്യങ്ങൾ നടത്തിയ ശേഷം, പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ ആരംഭിച്ചു. 51 കാര്യങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ 104 പേജുള്ള കുറ്റപത്രം കോൺഗ്രസ് സമർപ്പിച്ചിട്ടുണ്ടെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ മുന്നൊരുക്കങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും ബി ജെ പിയും നടത്തുന്നത്. 2018ൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി ജെ പിക്ക് 230ൽ 109 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോൺഗ്രസ് 114 സീറ്റും നേടി സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പാർട്ടിവിട്ട ജ്യോതിരാധിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 21 നിയമസഭാംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി ജെ പിയിലേക്ക് ചേക്കേറിയതോടെ 2020 മാർച്ചിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയുമായിരുന്നു.












Click it and Unblock the Notifications