പാതി മനസ്സില്‍ ചെന്നിത്തല, വഴങ്ങാതെ ഉമ്മന്‍ചാണ്ടി: പ്രതിസന്ധി ഒഴിയാതെ കെപിസിസി നേതൃത്വം
തിരുവനന്തപുരം: മാസങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും സംസ്ഥാന കോണ്‍ഗ്രസിലെ പുനഃസംഘടന അനന്തമായി നീളുകയാണ്. എന്തുവന്നാലും പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന കടുംപിടുത്തത്തിലാണ് കെ പി സി സി നേതൃത്വം. പ്രസിഡന്റ് കെ സുധാകരന്‍ നിലപാട് ശക്തമാക്കിയതോടെ പുനസംഘടനയോട് സഹകരിക്കാമെന്ന പാതിമനസ്സില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐ ഗ്രൂപ്പ് എത്തിയിട്ടുണ്ട്.
പദവികളുടെ കാര്യത്തില്‍ ചില ഉറപ്പുകള്‍ മാത്രമാണ് ഇവർ ആവശ്യപ്പെടുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്. സംഘടന തിരഞ്ഞെടുപ്പ് മതിയെന്ന നിലപാട് തന്നെയാണ് അവർ ഇപ്പോഴും ആവർത്തിക്കുന്നത്.

ഇതോടെയാണ് പാർട്ടി പുനഃസംഘടന സംബന്ധിച്ച് കെ പി സി സി നേതൃത്വത്തിന്റെ നീക്കം വീണ്ടും അനിശ്ചിതത്വത്തിലായത്. പുനഃസംഘടന സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ. സുധാകരനും തമ്മിൽ ഇതിനോടം പലതവണ ചർച്ച നടുന്നു കഴിഞ്ഞു. അനുനയശ്രമ നീക്കവുമായി എ, ഐ ഗ്രൂപ്പ് നേതൃത്വവുമായി ഇരുവിഭാഗവും സമ്പർക്കം പുലർത്തിവരികയാണ്.

പാർട്ടിയുടെ സംഘടന തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങളും ഒരുവശത്ത് നടന്ന് വരികയാണ്. എ ഐ സി സി നിശ്ചയിച്ച് ഷെഡ്യൂള്‍ പ്രകാരം ഏപ്രില്‍ 16 നും മെ യ് 31 നും ഇടയിലാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ബുത്ത് മുതല്‍ ബ്ലോക്ക് കമ്മിറ്റിവരേയുള്ള തിരഞ്ഞെടുപ്പ് കഴിയേണ്ടത്. നിലവില്‍ പുതിയ ഡി സി സി ഭാഹരവാഹികള്‍, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ നിയമിക്കാനുള്ള ചർച്ചകളാണ് പാർട്ടിയില്‍ നടക്കുന്നത്.

തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ നാമനിർദേശത്തിലൂടെ ഭാരവാഹികളെ പ്രഖ്യാപിക്കേണ്ട കാര്യമെന്താണെന്നാണ് എ ഗ്രൂപ്പ് ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ സംഘടന തിരഞ്ഞെടുപ്പ് കാര്യക്ഷമായ രീതിയില്‍ നടക്കില്ല. ഇപ്പോള്‍ നിയമിക്കുന്ന ഭാരവാഹികളെ അംഗീകരിക്കുന്ന നിലയിൽ സാങ്കേതികമായുള്ള തിരഞ്ഞെടുപ്പേ നടക്കൂവെന്നും എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു.

കെ. സുധാകരനുമായുള്ള ബന്ധം മുന്‍പത്തേക്കാള്‍ ഊഷ്മളമായതോടെയാണ് കെ പി സി സി പുനഃസംഘടനയോട് നിസ്സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് പാർട്ടിയെത്തിയത്. ഡി സി സി., ബ്ലോക്ക് തലത്തിലേക്ക് ഗ്രൂപ്പടിസ്ഥാനത്തിൽ നൽകേണ്ട പട്ടിക എയും ഐയും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പ് വീതംവെയ്പ്പിന് വിട്ടുകൊടുത്താല്‍ പാർട്ടിയുടെ നിയന്ത്രണം വീണ്ടും ഗ്രൂപ്പുകളുടെ കൈകളിലേക്ക് പോകുന്നാണ് നേതൃത്വത്തിന്റെ ആശങ്ക

ഡി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക ജില്ലകളില്‍ നിന്ന് വന്നെങ്കിലും കെ പി സി സി ഉദ്ദേശിക്കുന്ന എണ്ണത്തിലേക്ക് ചുരുക്കുക എന്നുള്ളതാണ് വലിയ പ്രതിസന്ധിയായി മുന്നില്‍ നില്‍ക്കുന്ന മറ്റൊരു പ്രധാന ഘടകം. മുന്‍പ് തീരുമാനിച്ച പ്രകാരം തന്നെ പട്ടിക പൂർത്തിയാക്കണമെന്നാണ് കെ സുധാകരന്‍റെ നിർദേശം. വിഡി സതീശന്‍ മടങ്ങിയെത്തിയ ശേഷം ജില്ലാതല പട്ടികകൾ ഇരുവരും വിലയിരുത്തി ഉമ്മൻ ചാണ്ടി, ചെന്നിത്തല എന്നിവരുമായി കൂടി സംസാരിച്ച് അന്തിമമാക്കാനാണ് ശ്രമം.

പുതിയ പട്ടിക വരുന്നതോടെ ജില്ലകളിൽ ഒട്ടേറെ ഭാരവാഹികളും ബ്ലോക്ക് പ്രസിഡന്റുമാരും പുറത്താവും. ഇവരുടെ അതൃപ്തി പരിഹരിക്കാനും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടി വന്നേക്കും. നേരത്തെ ഡി സി സി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിയില്‍ വലിയ കലാപമായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ കെ പി സി സി ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചപ്പോള്‍ ഇത് ഒരുവിധം പരിഹരിക്കാന്‍ സാധിച്ചിരുന്നു.












Click it and Unblock the Notifications