തരൂർ ഞെട്ടിക്കുമോ: കോണ്‍ഗ്രസിനെ നയിക്കാന്‍ നൂറ്റാണ്ടിന് ശേഷം മലയാളി? സൂചന നല്‍കി എംപി
ദില്ലി: പുതിയ എ ഐ സി സി അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. 19 ന് വോട്ടെണ്ണല്‍ നടക്കുന്നതോടെ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന് വ്യക്തമാവും.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന പ്രവർത്തകസമിതി യോഗമാണ് സമയക്രമത്തിന് അംഗീകാരം നല്‍കിയത്. ഒരു സ്ഥാനാർത്ഥി മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ ഒക്ടോബർ എട്ടിന് തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കാന്‍ സാധിച്ചേക്കും.

അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ മറ്റാരും തന്നെ പത്രിക സമർപ്പിക്കാന്‍ തയ്യാറായേക്കില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുന്നതില്‍ രാഹുല്‍ ഗാന്ധി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പ്രമുഖ നേതാക്കളെല്ലാം തന്നെ രാഹുല്‍ ഗാന്ധിയെ നിർബന്ധിക്കുന്നുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ വരട്ടേയെന്ന നിലപാടാണ് രാഹുലിനുള്ളത്.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

രാഹുല്‍ ഇല്ലെങ്കില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒന്നിലേറെ നേതാക്കള്‍ എത്തിയേക്കുമെന്ന കാര്യം വ്യക്തമാണ്. ഇവിടെയാണ് ശശി തരൂർ ഉള്‍പ്പടേയുള്ളവരുടെ പേരിന് പ്രസക്തിയേറുന്നത്. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെങ്കില്‍ താനുള്‍പ്പടേയുള്ളവർ മത്സരരംഗത്തേക്ക് ഉണ്ടാവുമെന്ന സൂചന ശശി തരൂർ നല്‍കുകയും ചെയ്യുന്നുണ്ട്.

ശശി തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറായി വരികയാണെങ്കില്‍ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് ഗാന്ധി കുടുംബത്തിന്റെ നോമിനിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന് ഗെലോട്ട് വ്യക്തമാക്കിയതും ശശി തരൂരിന് ഗുണകരമായേക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഔദ്യോഗിക സ്ഥാനാർത്ഥിയുണ്ടാവുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെ മത്സരിച്ച് വിജയിക്കാനുള്ള സാധ്യത വിരളമാണെങ്കിലും നിർണായകമായ പിന്തുണ നേടാനാകുമോ എന്നറിയാൻ തരൂർ പാർട്ടി നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലൊന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ ശശി തരൂർ തയ്യാറായിട്ടില്ല. തരൂർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയാണെങ്കില്‍ 1897 ല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ചേറ്റൂർ ശങ്കരന്‍ നായർക്ക് ശേഷം ആ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയായിരിക്കും അദ്ദേഹം.

നേതൃ ശൂന്യത പാർട്ടിക്കുള്ളിൽ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും ശശി തരൂർ കഴിഞ്ഞ ദിവസം മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു "നിലവിലെ നേതൃ ശൂന്യത പരിഹരിച്ച്, പാർട്ടിയുടെ ഉയർന്ന തലങ്ങളിൽ തങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളോട് കോൺഗ്രസ് പ്രവർത്തകന് വ്യക്തമായ അഭിപ്രായം പറയാൻ കഴിയുന്ന ഒരു പ്രക്രിയ രൂപീകരിച്ചെടുക്കേണ്ടതുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പാർട്ടിക്ക് ആവശ്യമായ ശക്തമായ അടിത്തറ നൽകും'' തരൂർ പറഞ്ഞു.

അതേസമയം, സെപ്റ്റബർ 22 ന് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്ത് വരും. 24 മുതൽ 30 വരെ പത്രിക നൽകാം. ഒക്ടോബർ 17ന് ഒരോ സംസ്ഥാനത്തേയും പി സി സി ആസ്ഥാനങ്ങളിലാണു വോട്ടെടുപ്പ് നടക്കുക. പി സി സികള്‍ തിരഞ്ഞെടുത്ത ഒന്‍പതിനായിരത്തിലധികം വരുന്ന പ്രതിനിധികളാണ് വോട്ടർമാർ. എഐസിസി ആസ്ഥാനത്ത് 19നു രാവിലെ 10 മുതലായിരിക്കും വോട്ടെണ്ണല്‍.












Click it and Unblock the Notifications