ത്രിപുരയില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്: ബിജെപി എംഎല്‍എ രാജിവെച്ചു, കോണ്‍ഗ്രസില്‍ ചേർന്നേക്കും
അഗർത്തല: ത്രിപുര മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഭരണം നിലനിർത്താനുള്ള തന്ത്രമാണ് ബി ജെ പി ആവിഷ്കരിക്കുന്നത്. പ്രതിപക്ഷ നിരയിലാവട്ടെ ബി ജെ പിക്കെതിരെ ഒന്നിട്ട് പോരാടാനുള്ള ആലോചനയുടെ അന്തിമഘട്ടത്തിലാണ് കോണ്‍ഗ്രസും സി പി എമ്മും. സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷ.
ഇതിനിടയില്‍ തന്നെയാണ് ഭരണ സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കൊണ്ട് ബി ജെ പി എം എല്‍ എ നിയമസഭ അംഗത്വം രാജിവെച്ചിരിക്കുന്നത്. ഇദ്ദേഹം ഇന്നോ നാളെയോ കോണ്‍ഗ്രസില്‍ ചേർന്നേക്കുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഐ പി എഫ് ടിയുമായി സഖ്യം ചേർന്നാണ് ബി ജെ പി ത്രിപുരയില്‍ ഭരണം നടത്തുന്നത്.

രംചറ നിയമസഭാ മണ്ഡലത്തിലെ മുതിർന്ന ബി ജെ പി എം എൽ എ ദിബ ചന്ദ്ര ഹ്രാങ്ക്‌വാളാണ് ബുധനാഴ്ച സംസ്ഥാന നിയമസഭയിൽ നിന്നും രാജിവച്ചത്. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ തലപ്പത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഒരിക്കൽ പരസ്യമായി ഉന്നയിച്ച "വിമത ബിജെപി" നിയമസഭാംഗങ്ങളുടെ ഭാഗമായിരുന്നു ഹ്രാങ്ഖ്വാൾ.

2018 ൽ അധികാരത്തിൽ വന്ന ഭരണസഖ്യത്തിൽ നിന്ന് പുറത്തുപോകുന്ന എട്ടാമത്തെ നിയമസഭാംഗമാണ് ഹ്രാങ്ഖ്വാൾ. മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ, തന്റെ രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണ് ഹ്രാങ്ക്‌വാൾ ചൂണ്ടിക്കാട്ടിയത്. ഉടൻ തന്നെ കോൺഗ്രസ് പാർട്ടിയിൽ ചേർന്നേക്കുമെന്ന് വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഭാവി പരിപാടികളെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

"ഞാനൊന്നും തീരുമാനിച്ചിട്ടില്ല, എനിക്ക് നിങ്ങളോട് ഉറപ്പിച്ച് പറയാൻ കഴിയുന്ന ഏക കാര്യം ഞാൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നില്ല എന്നതാണ്. അതിനാൽ, എനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേരണം, ഞാൻ എപ്പോൾ ഉറച്ച തീരുമാനമെടുത്താലും അത് നിങ്ങളെ അറിയിക്കും. എന്റെ അനുയായികളുടേയും ത്രിപുരയുടേയും താല്‍പര്യത്തിന് അനുസരിച്ചായിരിക്കും എന്റെ തീരുമാനം", അദ്ദേഹം പറഞ്ഞു.

അതേമയം ബി ജെ പിയെ വലിയ രീതിയില്‍ വിമർശിക്കാനും അദ്ദേഹം തയ്യാറായില്ല. "ബി ജെ പി നല്ല രീതിയിൽ പ്രവർത്തിച്ചുവെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ എനിക്ക് അവരുമായി ഒരു മുഴുവൻ കാലാവധി തുടരാൻ കഴിഞ്ഞില്ല", അദ്ദേഹം പറഞ്ഞു. ത്രിപുര നിയമസഭാ സ്പീക്കർ രത്തൻ ചക്രവർത്തി ചികിത്സയ്ക്കായി സംസ്ഥാനത്ത് ഇല്ലാതിരുന്നതിനാൽ, ത്രിപുര ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറി ബിപി കർമാക്കർക്ക് മുമ്പാകെയാമ് ഹ്രാങ്ഖ്വാൾ രാജിക്കത്ത് സമർപ്പിച്ചത്.

"അവരുടെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് എല്ലാവർക്കും അറിയാം. ജനങ്ങൾ തക്കസമയത്ത് അവരോട് പ്രതികരിക്കും".- വിഷയത്തിൽ എം എല്‍ എയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷൻ റജിബ് ഭട്ടാചാര്യ പറഞ്ഞു, രാജിക്കത്ത് സമർപ്പിക്കുമ്പോൾ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

അതേസമയം, ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് ത്രിപുരയില്‍ കോണ്‍ഗ്രസും സി പി എമ്മും നടത്തുന്നത്. പ്രതിപക്ഷ കക്ഷികൾ ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി നിൽക്കുമെന്നും ഇത് സംബന്ധിച്ച ചർച്ചകളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സി പി എം സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. 2023 ഫെബ്രുവരിയിൽ നടക്കുന്ന നിയസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications