കൊറോണ; സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും കൂടുതൽ തുക ചെലവഴിക്കാമെന്ന് കേന്ദ്രസർക്കാർ
തിരുവനന്തപുരം; കൊവിഡ് -19 നെ നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നും കൂടുതൽ തുക ചെലവഴിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. ഹോം ക്വാറൻറൈൻ ഒഴികെയുള്ള ക്വാറൻറൈൻ ക്യാമ്പുകളിൽ കഴിയുന്നവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചവർക്കും താൽക്കാലിക താമസസൗകര്യം, ഭക്ഷണം, വസ്ത്രം, വൈദ്യസഹായം എന്നിവ നൽകുന്നതിന് എസ്ആർഡിഎഫ് ഫണ്ട് ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ക്വറന്റൈൻ ക്യാമ്പുകളുടെ എണ്ണം, അവയുടെ കാലാവധി, ക്യാമ്പിൽ താമസിപ്പിക്കേണ്ട ആളുകളുടെ എണ്ണം എന്നിവ സംബന്ധിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തിരുമാനം എടുക്കാം. ക്വാറന്റൈൻ ക്യാമ്പുകളുടെ കാലപരിധി നീട്ടാമെങ്കിലും എസ്ഡിആർഎഫ് വിഹിതത്തിന്റെ 25 ശതമാനത്തിൽ കവിയരുതെന്നും ആഭ്യന്തര മന്ത്രാലയ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.
സാമ്പിൾ ശേഖരണത്തിനായുള്ള വസ്തുക്കൾ വാങ്ങുന്നതിന് എസ്ഡിആർഫ് ഫണ്ട് ഉപയോഗിക്കാം. കൂടാതെ രോഗബാധിതരുടെ ചെക്കിംഗിനും സ്ക്രീനിങ്ങിനും കോൺടാക്റ്റ് ട്രെയ്‌സിംഗിനും വേണ്ടിയും ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാം. കൊറോണ പരിശോധനയ്ക്കായി ലബോറട്ടികൾ സ്ഥാപിക്കുന്നതിനും തെർമൽ സ്കാനറുകളും വെന്റിലേഷനും ആവശ്യമായ മറ്റ് ഉപകരണൾ വാങ്ങുന്നതിനും എസ്ഡിആർഎഫ് ഫണ്ട് ഉപയോഗിക്കാൻ അനുമതിയുണ്ട്. മുനിസപ്പൽ പോലീസ്, അഗ്നിശമന സേനാ അധികൃതർ എന്നിവർക്കുള്ള ആരോഗ്യ സുരക്ഷ ഉപകരണങ്ങളുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം.
ഇതുവരെ ആഗോള തലത്തിൽ 199,396 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 8000 കടന്നു. ഇന്ത്യയിൽ 145 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. കേരളത്തില്‍ 27 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.
18,011 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 17,743 പേര്‍ വീടുകളിലും 268 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ തുടരുന്നത്. രോഗ ലക്ഷണങ്ങളുള്ള 2467 പേരുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1807 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.












Click it and Unblock the Notifications