കൊറോണ; പൊതുജനങ്ങള്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കേണ്ടതില്ല, നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
പത്തനംതിട്ട: പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ഉപയോഗിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍. പൊതുജനങ്ങള്‍ സാധാരണഗതിയില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. പൊതുസ്ഥലങ്ങളിലും മറ്റും ആളുകള്‍ വെറുതേ മാസ്‌ക് ധരിക്കുന്നതായി കാണുന്നുണ്ട്. ഇവ അലക്ഷ്യമായി ഉപേക്ഷിക്കുകയാണെങ്കില്‍ അതുകൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

എപ്പോഴാണ് മാസ്‌കുകള്‍ ഉപയോഗിക്കേണ്ടത്?
പനിയോ ചുമയോ ആരംഭിക്കുകയാണെങ്കില്‍ അത്തരം ആളുകള്‍ മാസ്‌ക് ഉപയോഗിക്കണം. ത്രീ ലെയര്‍ മാസ്‌കുകള്‍ ആണ് ഇത്തരക്കാര്‍ ഉപയോഗിക്കേണ്ടത്. മാസ്‌ക് ഉപയോഗിക്കുമ്പോഴും കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇത് രോഗം മറ്റുള്ളവരിലേക്ക് പകരാതിക്കാന്‍ കൂടുതല്‍ സഹായിക്കും.
രോഗമില്ലാത്തവരും മാസ്‌കുകള്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളുണ്ട്. ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ ആണ് ഇക്കാര്യത്തില്‍ സവിശേഷ ശ്രദ്ധ വേണ്ടത്. അതുപോലെ തന്നെ രോഗബാധിതരേയോ രോഗ ബാധ സംശയിക്കുന്നവരേയോ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം. പരമാവധി എട്ട് മണിക്കൂര്‍ ആണ് ഒരു മാസ്‌ക് ഉപയോഗിക്കാവൂ. അതിന് ശേഷം അത് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നശിപ്പിച്ച് കളയണം.
ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് അപകടകരമാണ്. ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കുന്നവര്‍ അവിടെത്തന്നെ സുരക്ഷിതമായി നിക്ഷേപിക്കണം. ഇതിനായി പ്രത്യേക കണ്ടെയ്‌നറുകള്‍ എല്ലാ ആശുപത്രികളിലും ഉണ്ട്. യാതൊരു കാരണവശാലും ഇവ ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോയി ഉപേക്ഷിക്കരുത്.
കൈകള്‍ ഇടവിട്ട് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറച്ചുപിടിക്കുക, സംസാരിക്കുമ്പോള്‍ ഒരു മീറ്ററില്‍ കുറയാതെ അകലം പാലിക്കുക തുടങ്ങിയ ശീലങ്ങളാണു രോഗപ്രതിരോധത്തിന് പ്രയോജനകരമാകുക. പൊതുജനങ്ങള്‍ മാസ്‌ക്ക് ഉപയോഗിക്കുകയാണെങ്കില്‍ വലിച്ചെറിയാതെ അവരവരുടെ വീട്ടില്‍ത്തന്നെ സംസ്‌കരിക്കണം.
അതേസമയം കൊറോണയുടെ പശ്ചാത്തലത്തിൽ മാസ്കുകൾക്ക് ക്ഷാമവും വിലവവർദ്ധനയും നേരിടുന്ന സാഹചര്യമുള്ളതിനാൽ ജയിലുകളിലെ തയ്യൽ യൂണിറ്റുകളിൽ മാസ്കുകൾ നിർമ്മിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ, വിയ്യൂർ, തിരുവനന്തപുരം സെൻട്രൽ പ്രിസണുകളിൽ അടിയന്തിര നിർമ്മാണം ആരംഭിക്കും. മറ്റു ജില്ലകളിലെ ജയിലുകളിലേയും സമാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications