കൊല്ലത്ത് അഞ്ച് പേര്‍ നിരീക്ഷണത്തില്‍, പത്തനംതിട്ടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, അതിജാഗ്രത
പത്തനംതിട്ട: കൊറോണയില്‍ പത്തനംതിട്ട ജില്ലയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷ ജാഗ്രതയോടെ നടത്താനാണ് തീരുമാനം. പത്തനംതിട്ടയില്‍ പൊതുചടങ്ങുകള്‍ മാറ്റിവെക്കണമെന്നാണ് നിര്‍ദേശം. വിവാഹ ചടങ്ങുകള്‍ക്ക് പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൊല്ലത്ത് അഞ്ച് പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അതേസമയം കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികള്‍ സന്ദര്‍സിച്ച വീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ട് പേരെയുമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശികളുടെ മൂന്ന് ബന്ധുക്കളെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരാണ് പത്തനംതിട്ട കുടുംബത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിക്കാന്‍ പോയത്. ഇവരില്‍ ഒരാള്‍ക്ക് രോഗലക്ഷണമുണ്ട്.
പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പത്തുസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതോടൊപ്പം സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-2309250, 0471-2309251, 0471-2309252. പത്തനംതിട്ട സ്വദേശികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 11 പേരെ തൃശൂരില്‍ കണ്ടെത്തി. ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
കൊറോണ ബാധിച്ച പത്തനംതിട്ട സ്വദേശികളുടെ ബന്ധുക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഒരാള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണ്. ഫെബ്രുവരി 29നാണ് ഈ കുടുംബം ഇറ്റലിയില്‍ നിന്ന് എത്തിയത്. വിമാനത്താവളത്തില്‍ രോഗപരിശോധനയ്ക്കും ഇവര്‍ വിധേയരായിരുന്നില്ല. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയില്‍ നിന്ന് എത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞിട്ടും ഇവര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നിര്‍ബന്ധിച്ചാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞിരുന്നു.
ആരോഗ്യ മന്ത്രി കെകെ ശൈലജ പത്തനംതിട്ട സ്വദേശികള്‍ക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ഇവരുടെ അലംഭാവം കാരണം പലരിലേക്കും രോഗം പടരാന്‍ കാരണമായതായി അവര്‍ പറഞ്ഞിരുന്നു. അതേസമയം പത്തനംതിട്ടയില്‍ കടുത്ത ജാഗ്രത തന്നെ വേണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. എത്രപേരിലേക്ക് രോഗം പടര്‍ന്നെന്നത് വ്യക്തമല്ല. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബം മൂവായിരം പേരുമായിട്ടെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് നിഗമനം.
അതേസമയം ചെറിയ പനി ഉള്ളവര്‍ ഉടന്‍ തന്നെ നിര്‍ബന്ധമായും തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും റാന്നി എംഎല്‍എ രാജു എബ്രഹാം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും വിവരം ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കും ആണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എങ്കിലും ഇവരുടെ സാന്നിധ്യം ഉണ്ടായിരുന്ന സമയത്ത് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ള മുഴുവനാളുകളെയും നിരീക്ഷണത്തില്‍ വെക്കേണ്ടതുണ്ടെന്നും എംഎല്‍എ പറഞ്ഞു
അതേസമയം ഇറ്റലിയില്‍ നിന്ന് വന്നവരുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കേണ്ടതാണെന്ന് രാജു എബ്രഹാം എംഎല്‍എ വ്യക്തമാക്കി. ഇതിനായി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് എം എം ശംഭു, ആര്‍ എം ഓ ഡോ വൈശാഖ് എന്നിവരെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. ഡി.എം ഒ പത്തനംതിട്ട 0468 2228220, 9946105475, റാന്നി താലൂക്ക് ആശുപത്രി 04735227274, ഡോ. ശംഭു 9446082731, ഡോ. വൈരാഖ് 9809754850. ഈ നമ്പറുകളിലാണ് അറിയിക്കേണ്ടത്.












Click it and Unblock the Notifications