ജാഗ്രത പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ വേണ്ടിവരും- മുഖ്യമന്ത്രി; ചിലര്‍ നിയന്ത്രണം പാലിക്കുന്നില്ല
തിരുവനന്തപുരം: ഒരു വിഭാഗം ആളുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 12 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിച്ച കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കവെയാണ് മുഖ്യമന്ത്രി സ്വരം കടുപ്പിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ചില ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം എത്തുന്നുണ്ട്. അത് ഒഴിവാക്കണം. ഇപ്പോള്‍ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്തവരും സമൂഹത്തിലുണ്ട്. ചിലയിടത്ത് കൂട്ട പ്രാര്‍ഥനയും ഉല്‍സവ ആഘോഷങ്ങളും നടന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വീണ്ടും അഭ്യര്‍ഥിക്കുകയാണ്. ഇപ്പോഴുള്ള സഹകരണം മികച്ചതാണ്. മതനേതാക്കളുടെ ഇടപെടല്‍ ഫലം ഉണ്ടാക്കുന്നുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
അതേസമയം, കേരളത്തില്‍ കൊറോണ രോഗം വ്യാപിക്കുകയാണ്. ഇന്ന് 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അസുഖം ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചവരെല്ലാം ഗള്‍ഫില്‍ നിന്ന് വന്നവരാണ്. കാസര്‍കോഡ് ആറ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 50000 ത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 52 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളത്തിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ കാവുതീണ്ടലും ഭരണിയും കണക്കിലെടുത്ത് താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കുരുംബക്കാവിലേക്ക് ആയിരത്തിലധികം പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് താലൂക്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഈ മാസം 29 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ 27ന് കാവുതീണ്ടലും 29ന് ഭരണിയുമാണ്. വന്‍ ജനാവലി ചടങ്ങിലേക്ക് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയലെ പ്രധാന പുരോഹിതനടക്കം എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അമ്പതിലധികം പേര്‍ പങ്കെടുത്ത 40 മണിക്കൂര്‍ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസ്.












Click it and Unblock the Notifications