തന്നെ വധിക്കാന്‍ ശ്രമിച്ച കേസ് പൊലീസ് അട്ടിമറിക്കുന്നുവെന്ന് സിഒടി നസീര്‍, സൂചന സമരം നടത്തി
തലശേരി: തനിക്കെതിരെയുള്ള വധശ്രമക്കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധ സമരവുമായി സിഒടി നസീര്‍. തന്റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാനും അധികാരികള്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 2019 ല്‍ താന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ എഎന്‍ ഷംസീര്‍ ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് സിഒടി നസീർ തലശേരി പൊലിസ് സ്റ്റേഷനു മുൻപിൽ സൂചനാ ഉപരോധസമരം നടത്തിയത്
പാർട്ടി വിട്ടെങ്കിലും സി പി എമ്മിൻ്റെ ആത്മാവ് ഉള്ളിലുള്ളത് കൊണ്ടാണ് മറ്റു സംഘടനകളുടെ പിൻതുണ ഇതുവരെ സ്വീകരിക്കാത്തതെന്നും സി ഒ ടി നസീർ പറഞ്ഞു. പണം കൊടുത്ത് നീതി വാങ്ങാൻ തങ്ങൾക്കറിയാം. എന്നാൽ അതൊന്നുമില്ലാതെ നീതിക്കായി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നീതി നിഷേധത്തിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി കിവീസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന സൂചന ഉപരോധസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കു നേരെ നടന്ന വധശ്രമത്തിന് ഗൂഢാലോചന നടന്നത് തലശ്ശേരി എം എൽ എ യുടെ വാഹനത്തിൽ വച്ചാണ്. എം എൽ എ യുടെ അറിവില്ലാതെ ഈ വാഹനം മറ്റൊരാളെടുത്ത് ഓടിക്കില്ല. എന്നാൽ കേസ് ഫയലിൽ നിന്ന് എം എൽ എ യുടെ പേര് മനപ്പൂർവ്വം ഒഴിവാക്കി. ഇത് കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമാണ്. തങ്ങൾ എം എൽ എ യ്ക്ക് നേരെ ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തമായ തെളിവോടുകൂടിയാണെന്നും സി ഒ ടി നസീർ പറഞ്ഞു.
പണം കൊടുത്ത് നീതി വാങ്ങാൻ തങ്ങൾക്കറിയാം. പക്ഷെ ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. അതിനാൽ ഇതിന് ശ്രമിക്കില്ല. പോലീസിൽ നിന്നും നീതി ലഭിക്കുന്നത് വരെ ശക്തമായ സമരവുമായി മുൻപോട്ട് പോകുമെന്നും സി പി എമ്മിൻ്റെ ആത്മാവ് ഉള്ളിലുള്ളതുകൊണ്ടാണ് മറ്റൊരു രാഷ്ട്രീയ സഘടനയുടെയും പിൻതുണ സ്വീകരിക്കാത്തതെന്നും സി ഒ ടി നസീർ വ്യക്തമാക്കി. തലശ്ശേരി എം എൽ എ ഉൾപ്പെട്ട വധശ്രമ കേസ് അട്ടിമറിച്ചെന്നും കള്ളക്കേസിൽ കുടുക്കി തുടർച്ചയായി സി ഒ ടി നസീറിന് പാസ്പോർട്ട് തടയുന്നെന്നും ആരോപിച്ചാണ് കിവീസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുൻപിൽ സൂചന ഉപരോധ സമരം സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലുൾപ്പെടെ പ്രതിയായതിനാലാണ് തൻ്റെ പാസ്പോർട്ട് പുതുക്കി നൽകാത്തതെന്നും ഈ കേസ് കോടതിയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടതായതിനാൽ പാസ്പോർട്ട് അനുവദിക്കാൻ നിയമ തടസമില്ലെന്നും നസീർ പറയുന്നു. 2017ൽ ഇത്തരം കേസുകൾ നിലനിൽക്കുമ്പോൾ തന്നെ തനിക്ക് പാസ്പോർട്ട് അനുവദിച്ചിരുന്നു. ഇപ്പോൾ പാസ്പോർട്ട് നിഷേധിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് നസീറിൻ്റെ ആരോപണം. സമരത്തിൽ കിവീസ് പ്രവർത്തകരായ സി പി അസർ , ഷുഹൈബ് , സി എച്ച് നൗറിഫ്, ഷിബു ഫവാസ് എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications