കൊവിഡ്; സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇവിടെ കൊവിഡ് കേസുകൾ കുറവാണ്. എന്നാൽ ജനങ്ങൾ സ്വയം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പനി, ജലദോഷം പോലുള്ള അസുഖങ്ങൾ അവഗണിക്കരുത്. ചികിത്സ തേടാൻ ശ്രദ്ധിക്കണം. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധനയില്ലെങ്കിലും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി. ഓരോ ജില്ലകളിലേയും സാഹചര്യം വിലയിരുത്തും. റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമലയിൽ നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും ആവശ്യമെങ്കിൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി സ്വീകരിച്ച് കൊണ്ട് തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം രാജ്യത്ത് ചൈനയിൽ രോഗവ്യാപനത്തിന് കാരണമായ ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദമാണ് സ്ഥിരീകരിച്ചത്. . ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്.
ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രസർക്കാർ ഇന്ന് വ്യക്തമാക്കിയിരുന്നു.ഡിസംബർ 19-ന് അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ ശരാശരി പ്രതിദിന കേസുകളുടെ എണ്ണം 158 ആയി കുറഞ്ഞു. എന്നിരുന്നാലും, കഴിഞ്ഞ 6 ആഴ്‌ചയായി ആഗോള പ്രതിദിന ശരാശരി വർദ്ധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവസാന ആഴ്ചയിൽ ശരാശരി 5.9 ലക്ഷം പ്രതിദിന കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ചൈനയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമുണ്ടായതിന് പിന്നിൽ ഒമൈക്രോൺ വകഭേദത്തിന്റെ പുതിയതും വേഗത്തിൽ പകരാവുന്നതുമായ BF.7 വകഭേദം ആണ്.
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരിഷ്കരിച്ച പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ ജൂണിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പുതിയ വകഭേദങ്ങളുടെ അണുബാധ നേരത്തെ കണ്ടെത്തുന്നതിനും രോഗിയെ അന്യരില്‍ നിന്നുമകററി നിര്‍ത്തുന്നതിനും പരിശോധനയ്ക്കും, സമയബന്ധിതമായി രോഗബാധിതരെ കൈകാര്യം ചെയ്യുന്നതിനും നിർദ്ദേശിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications