പശു ആലിംഗനം ഒഴിവാക്കിയത് കാളയെ ആലിംഗനം ചെയ്യാനാണോ?; കേന്ദ്രത്തിനെതിരെ പരിഹാസവുമായി ജയരാജന്‍
വലിയ വിവാദമായതിനെ തുടർന്നായിരുന്നു ഉത്തരവ് കേന്ദ്ര സർക്കാർ പിന്‍വലിച്ചത്

കണ്ണൂർ: പശു ആലിംഗനദിനമായി പ്രണയദിനമായ ഫെബ്രുവരി 14ന് ആചരിക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിച്ചത് സ്വാഗതാർഹമാണെന്ന് സി പി എം നേതാവും പാർട്ടി ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ബി ജെ പി സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്. കേന്ദ്ര മന്ത്രിയടക്കം സ്വാഗതം ചെയ്തതും സംഘപരിവാർ അണികൾക്ക് ആവേശം പകർന്നതുമായ ഒരു ഉത്തരവായിരുന്നു അത്. അത് റദ്ദാക്കിയത് കാളയെ ആലിംഗനം ചെയ്യാൻ വേണ്ടിയുള്ള ഒരു പരിപാടി തയ്യാറാക്കാൻ ആണോ എന്ന് സംഘപരിവാറിന്റെ ശീലങ്ങളും വർഗീയ വിഭജനഅജണ്ടയും അറിയുന്ന ജനങ്ങൾ ന്യായമായും സംശയിക്കുന്നു.
ആലപ്പുഴ പുതിയ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന വേളയിൽ പശുവിനെ ഓഫീസിൽ കൊണ്ടുവരികയും ആലിംഗനം ചെയ്യാനുള്ള സൗകര്യം ബി ജെ പി ഒരുക്കുകയും ചെയ്തു. ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആലിംഗനം ചെയ്തില്ല. അതേതായാലും നന്നായി, ഹോട്ടലിൽ കയറി ബീഫ് കഴിക്കുകയും ആ ചിത്രം പുറത്തു വരികയും ചെയ്തപ്പോൾ അന്ന് ഉള്ളിയാണ് താൻ കഴിച്ചതെന്നായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. പശുവിനെ കണ്ടപ്പോൾ ഇറച്ചിയാക്കാനാണോ അല്ലാ, പശു സ്നേഹം കൊണ്ടാണോ തലോടിയത് എന്ന് ആർക്കറിയാമെന്നും എം വി ജയരാജന്‍ പറഞ്ഞു.

സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള 400 മത്സ്യത്തൊഴിലാളികൾക്ക് ഭവനസമുച്ചയത്തിനു ശിലയിട്ടു കൊണ്ടാണ് എൽ ഡി എഫ് സർക്കാർ രണ്ടാം വാർഷികത്തിന്റെ മൂന്നാം കർമപരിപാടികൾക്ക് തുടക്കം കുറിച്ചത്. ഇത് കൈകൾ കോർത്തു കരുത്തോടെ മുന്നേറാൻ മത്സ്യത്തൊഴിലാളികൾ അടക്കമുള്ള പാവങ്ങൾക്ക് കരുത്തുപകരും. എന്നാൽ യു ഡി എഫും ബി ജെ പിയും ഇത്തരം നല്ല പരിപാടികളെ ബഹിഷ്കരിക്കുകയും പരിഹസിക്കുകയും സമര ആഭാസങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി കിതയ്ക്കുകയാണ്. രണ്ടു വർഷത്തിനിടയിൽ നൂറു ദിന കർമ്മ പദ്ധതികൾ നടപ്പാക്കിയ ശേഷമാണ് മൂന്നാം നൂറു ദിന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. അതാവട്ടെ കെട്ടുറപ്പും സുരക്ഷിതവുമായ വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകാനുള്ള പദ്ധതിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്ന മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെല്ലാം പരിഗണിക്കുന്ന ഒരു സർക്കാർ ആണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ലൈഫിലൂടെ 3.23 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകിയപ്പോൾ യു ഡി എഫ് ലൈഫിനെ തകർക്കാൻ പരിശ്രമിച്ചു. യു ഡി എഫ് ഭരണകാലത്ത് വീടില്ലാത്തവർക്ക് വീട് പൂർത്തീകരിച്ചു നൽകാൻ ലൈഫ് പോലൊരു പദ്ധതി പോലും തുടങ്ങാൻ അവർക്ക് ആയില്ല. അവരുടെ കാലത്ത് പണിതീരാത്ത വീടുകൾ മാത്രം. അതെല്ലാം പൂർത്തീകരിക്കുകയും പാവങ്ങളുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയും ചെയ്തത് എൽ ഡി എഫ് ആണെന്നും എം വി ജയരാജന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications