ആര്‍എസ്എസുമായി ബന്ധമുണ്ടാക്കിയത് സിപിഎം; വിമര്‍ശനവുമായി സിപിഐ മുഖമാസിക
കോഴിക്കോട്: സി പി ഐ എമ്മിനെതിരെ വീണ്ടും സി പി ഐയുടെ മുഖമാസിക നവയുഗം. സി പി ഐ എം മുഖമാസികയായ ചിന്തയിലെ വിമര്‍ശനം മര്യാദയില്ലാത്താണ് എന്നാണ് നവയുഗം പറയുന്നത്. നേരത്തെ ചിന്തയില്‍ സി പി ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതിനെതിരെയാണ് കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍ എന്ന തലക്കെട്ടില്‍ നവയുഗത്തില്‍ ലേഖനം എഴുതിയിരിക്കുന്നത്. സി പി ഐ എമ്മിന്റെ പഴയ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നവയുഗത്തിലെ ലേഖനത്തിലുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍ എസ് എസും ജനസംഘവുമായി സി പി ഐ എം ബന്ധമുണ്ടാക്കിയെന്ന് മുന്‍ ജനറല്‍ സെക്രട്ടറി സുന്ദരയ്യ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ലേഖനം അവകാശപ്പെടുന്നു.
കോണ്‍ഗ്രസ് ബന്ധത്തില്‍ സി പി ഐയെ വിമര്‍ശിക്കുന്ന സി പി ഐ എം തമിഴ്‌നാട്ടില്‍ അവരുമായി ബന്ധം ഉണ്ടാക്കിയത് മറക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. രാജന്‍ കേസിന്റെ പേരില്‍ സി അച്യുതമേനോനെ വിമര്‍ശിക്കുന്നവര്‍ മാവോയിസ്റ്റുകളുടെ കൊലകളുടെ പേരിലും അലന്‍ താഹ കേസിന്റെ പേരിലും മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാത്തത് എന്തുകൊണ്ടാണ് എന്നും നവയുഗത്തിലെ ലേഖനത്തില്‍ ചോദിക്കുന്നു. ചിന്തയുടെ സി പി ഐ വിമര്‍ശനം വന്ന ലേഖനത്തിന് മറുപടി നല്‍കിയുള്ള രണ്ടാമത്തെ ലേഖനം ആണ് നവയുഗത്തില്‍ ഇന്ന് പ്രസിദ്ധീകരിച്ചത്.

നേരത്തെ കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സി പി ഐ എന്നായിരുന്നു ചിന്തയില്‍ വന്ന ലേഖനത്തിലെ പരാമര്‍ശം. സി പി ഐ വലതുപക്ഷ വായ്ത്താരികളെ വാരിപ്പുണര്‍ന്ന് ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയാണെന്ന് സ്വയം ചമയുകയാണെന്നായിരുന്നു ലേഖനത്തില്‍ പറഞ്ഞത്. സി പി ഐ എം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാനുമായ ഇ രാമചന്ദ്രനാണ് ചിന്തയിലെ ലേഖനം എഴുതിയിരുന്നത്.

സന്ദര്‍ഭം കിട്ടിയപ്പോഴൊക്കെയും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കൊപ്പം അധികാരം പങ്കിട്ടവര്‍, അധികാരത്തിനു വേണ്ടി അവസരവാദ നിലപാടെടുത്തവര്‍ എന്നിങ്ങനെയെല്ലാം ചിന്തയിലെ ലേഖനത്തില്‍ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ചിന്ത വാരികയിലെ ലേഖനത്തില്‍ ഹിമാലയന്‍ മണ്ടത്തരങ്ങളാണ് ഉള്ളതെന്നായിരുന്നു വിമര്‍ശനം. യുവാക്കള്‍ക്ക് സായുധ വിപ്ലവമോഹം നല്‍കിയത് സി പി ഐ എമ്മാണെന്നും വിമര്‍ശനമുണ്ടായിരുന്നു. ഇ എം എസിനെയും ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

ശരിയും തെറ്റും അംഗീകരിക്കാന്‍ സി പി ഐ എമ്മിന് ഒരിക്കലും സാധിച്ചിട്ടില്ലെന്നും കൂട്ടത്തിലുള്ളവരെ വര്‍ഗ്ഗവഞ്ചകര്‍ എന്ന് വിളിച്ചത് ഇ എം എസ് ആയിരുന്നു എന്നും നവയുഗം ലേഖനത്തില്‍ പറഞ്ഞിരുന്നു. നക്‌സല്‍ബാരി സംഭവങ്ങളുടെ ഉത്തരവാദിത്വം സി പി ഐ എമ്മിനാണെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു. ചിന്തയിലെ ലേഖനത്തിന് നവയുഗത്തിലൂടെ മറുപടി പറയുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് നവയുഗം രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Recommended Video

അതേസമയം, ചിന്ത വാരികയില്‍ വന്നത് സി പി ഐ എമ്മിന്റെ പ്രതികരണമല്ലെന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം. പാര്‍ട്ടി സെക്രട്ടറിയോ സെക്രട്ടേറിയറ്റ് അംഗങ്ങളോ മറ്റു നേതാക്കളോ എഴുതിയതോ എഡിറ്റോറിയല്‍ ലേഖനമോ അല്ല ഇതെന്നായിരുന്നു കോടിയേരി പറഞ്ഞത്. സി പി ഐയുടെ മാധ്യമങ്ങളിലും പലതും വരാറുണ്ടെന്നും വായനക്കാരുടെ പ്രതികരണം എന്ന നിലയിലുള്ള ഒന്നു മാത്രമാണ് ഇപ്പോള്‍ ചിന്തയില്‍ വന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.












Click it and Unblock the Notifications