മെഗാ തിരുവാതിരയില്‍ തിരുവനന്തപുരത്ത് ഖേദപ്രകടനം, തൃശൂരില്‍ ന്യായീകരണം
തിരുവനന്തപുരം: തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കളിയില്‍ ക്ഷമ ചോദിച്ച് സംഘാടകസമിതി. തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കിയെന്നും അതില്‍ ക്ഷമചോദിക്കുന്നതായും സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് തിരുവാതിര വിവാദത്തില്‍ ക്ഷമാപണം നടത്തിയത്.
സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ചൊവ്വാഴ്ചയാണ് പാറശാലയില്‍ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ മൃതദേഹവുമായി കണ്ണൂര്‍ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര നടക്കുമ്പോള്‍ പരിപാടി നടത്തിയതും കൊവിഡ് നിയന്ത്രണങ്ങളെ അവഗണിച്ചതും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി സംഘാടക സമിതി രംഗത്തെത്തിയത്.

സംഭവത്തില്‍ വീഴ്ച സംഭവിച്ചെന്നു ജില്ലാ നേതൃത്വം അംഗീകരിച്ചിരുന്നു. അഞ്ഞൂറിലേറെ പേരാണ് മെഗാ തിരുവാതിരയില്‍ പങ്കെടുത്തിരുന്നത്. സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം തിരുവനന്തപുരം ഡി സി സി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയില്‍ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം സലൂജ ഉള്‍പ്പടെ കണ്ടലറിയാവുന്ന 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തിരിക്കുന്നത്.
പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചു കൊണ്ടുള്ള പാട്ടാണ് ആലപിച്ചിരുന്നത്. ഇതും വിവാദമായിരുന്നു. സി പി ഐം എം വ്യക്തിപൂജ നടത്തുന്നുവെന്നായിരുന്നു വിമര്‍ശനം. അതിനിടെ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായും സി പി ഐ എം നേതൃത്വത്തില്‍ തിരുവാതിരക്കളി നടന്നു. എന്നാല്‍ തൃശൂരിലെ തിരുവാതിരയെ സി പി ഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നാണ് ജില്ലാ സെക്രട്ടറി എം എം വര്‍ഗ്ഗീസ് പ്രതികരിച്ചത്.
കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു തിരുവാതിര കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിര സംഘടിപ്പിച്ചതെന്നാണ് സംഘാടകര്‍ നല്‍കുന്ന വിശദീകരണം. എല്ലാവരും മാസ്‌ക്ക് ധരിച്ചിരുന്നു. ഈ മാസം 21, 22, 23 തീയതികളിലാണ് ജില്ല സമ്മേളനം നടക്കുന്നത്.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പൊതുസമ്മേളനം ഉപേക്ഷിച്ചിട്ടുണ്ട്. തൃശൂരിലെ തിരുവാതിരയ്‌ക്കെതിരേയും കോണ്‍ഗ്രസ് പരാതി കൊടുത്തിട്ടുണ്ട്. കെ പി സി സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.












Click it and Unblock the Notifications