• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഉമ്മൻചാണ്ടിയുടെ നിലയും പരുങ്ങലിൽ', കോൺഗ്രസിലെ പൊട്ടിത്തെറിയിൽ എ വിജയരാഘവൻ

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസിസി പുനസംഘടനയെ തുടർന്ന് കോൺഗ്രസിനുളളിലെ കലാപത്തിൽ പ്രതികരണവുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസും യുഡിഎഫും തകരും എന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ തങ്ങൾ പറഞ്ഞത് ശരിയായിരിക്കുകയാണെന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടി.

ദശാബ്ദങ്ങളായി നിലനിന്ന ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റം കോൺഗ്രസിന്റെ വളർച്ചയല്ല തകർച്ചയെയാണ് പ്രകടിപ്പിക്കുന്നത് എന്ന് വിജയരാഘവൻ വ്യക്തമാക്കി. ദീർഘകാലം സ്വന്തം ഗ്രൂപ്പ് കൊണ്ടുനടന്ന ഉമ്മൻചാണ്ടിയുടെ നിലയും പരുങ്ങലിലായി എന്നും വിജയരാഘവൻ പറഞ്ഞു

'പൃഥ്വിരാജിന് ഭീഷണി, തങ്ങൾക്കില്ല, പാകിസ്ഥാനിൽ നിന്ന് വിളി', കിടന്നുറങ്ങാനാകുന്നില്ലെന്ന് അലി അക്ബർ'പൃഥ്വിരാജിന് ഭീഷണി, തങ്ങൾക്കില്ല, പാകിസ്ഥാനിൽ നിന്ന് വിളി', കിടന്നുറങ്ങാനാകുന്നില്ലെന്ന് അലി അക്ബർ

1

'' എൽഡിഎഫിന് തുടർഭരണം ലഭിച്ചാൽ സിപിഐ എം വിരുദ്ധ മുന്നണിയായ യുഡിഎഫിന്റെ തകർച്ചയുടെ വേഗത വർധിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഞങ്ങൾ പറഞ്ഞിരുന്നു. മാത്രമല്ല, യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെ തകർച്ചയ്ക്കും അതു വഴിവയ്ക്കുമെന്നും ചൂണ്ടിക്കാണിച്ചു. ഇടതുപക്ഷത്തിന്റെ ആഗ്രഹ പ്രകടനമായാണ് യുഡിഎഫ് നേതാക്കൾ ഈ അഭിപ്രായത്തെ കണ്ടത്. എന്നാൽ, കാര്യങ്ങൾ ആ വഴിയിലേക്കാണ് അതിവേഗം നീങ്ങുന്നതെന്ന് അടുത്ത ദിവസങ്ങളിൽ ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി സൂചിപ്പിക്കുന്നു. കോൺഗ്രസിൽ നടക്കുന്ന കലാപം ഡിസിസി പ്രസിഡന്റുമാരെ എഐസിസി നേതൃത്വം നാമനിർദേശം ചെയ്തതിന്റെ പേരിലാണെങ്കിലും കുറെക്കാലമായി കോൺഗ്രസിൽ നിലനിൽക്കുന്ന വിവിധ ചേരികൾ തമ്മിലുള്ള തർക്കങ്ങളുടെ പുതിയഘട്ടമാണ്‌ ഇത്.

ബീച്ചിൽ തിമിർത്ത് നടി പ്രയാഗ മാർട്ടിൻ, പുത്തൻ ചിത്രങ്ങൾ വൈറൽ

2

രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നേതൃത്വം നൽകിയ എ, ഐ ഗ്രൂപ്പുകൾ സ്ഥാനങ്ങൾ വീതംവച്ചെടുക്കുന്ന മുൻരീതി മാറി. ഗ്രൂപ്പുകൾക്കപ്പുറത്ത് പുതിയ ഗ്രൂപ്പുകൾ രൂപംകൊണ്ടു. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിലൂടെ ജനസമ്മതി ആർജിച്ച നേതൃത്വമെന്ന നിലയിലല്ല, പ്രബല നേതാക്കൻമാർക്ക് ചുറ്റും അണിനിരന്ന് നിയമനം കരസ്ഥമാക്കിയവരുടെ കൂട്ടമെന്ന നിലയിലാണ് ഇന്നത്തെ അവരുടെ നേതൃത്വം പ്രവർത്തിക്കുന്നത്. ഗ്രൂപ്പുകൾ മാറിക്കളിക്കുന്ന അവസരവാദികൾക്കിടയിൽ ആത്മാർഥതയുള്ള കോൺഗ്രസുകാർക്ക് പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. പുതിയ നേതൃപ്രഖ്യാപനത്തിനുശേഷം ഏതാനും പ്രമുഖർ രാജിപ്രഖ്യാപനം നടത്തിയതും പരസ്യമായി ഭിന്നാഭിപ്രായം രേഖപ്പെടുത്തിയതും ശ്രദ്ധേയമാണ്. ദശാബ്ദങ്ങളായി നിലനിന്ന ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റം കോൺഗ്രസിന്റെ വളർച്ചയല്ല തകർച്ചയെയാണ് പ്രകടിപ്പിക്കുന്നത്.

3

അതിനിടെ, നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം തലയിലിട്ട്, പ്രതിപക്ഷനേതാവ് സ്ഥാനം നിഷേധിക്കപ്പെട്ട രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രകടിപ്പിച്ച അഭിപ്രായം പലവിധത്തിൽ ശ്രദ്ധേയമാണ്. സംഘടനാ തെരഞ്ഞെടുപ്പാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴിയെന്നാണ് അദ്ദേഹം പറഞ്ഞത്. രസകരമായ കാര്യം, കെപിസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് മൂന്നു പതിറ്റാണ്ടായി എന്നതാണ്. 1992ലാണ് ഒടുവിൽ കേരളത്തിലെ കോൺഗ്രസിൽ തെരഞ്ഞെടുപ്പുണ്ടായത്. രമേശ് ചെന്നിത്തല തന്നെ ദീർഘകാലം കെപിസിസി പ്രസിഡന്റായത് തെരഞ്ഞെടുപ്പിലൂടെയല്ല എന്നത് യാഥാർഥ്യമാണ്. കോൺഗ്രസിലെ യുവാക്കളെ സംബന്ധിച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടന്ന ഓർമയേ കാണില്ല.

4

കേരളത്തിൽ മൂന്നു പതിറ്റാണ്ടായെങ്കിൽ, എഐസിസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട് എത്രയോ പതിറ്റാണ്ട്‌ ആയിക്കാണും. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിൽ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്നത് അപൂർവമായിരുന്നു. നടന്നതെല്ലാം ഒത്തുതീർപ്പുകളായിരുന്നു. ജവാഹർലാൽ നെഹ്റുവിനുശേഷം ഇന്ദിര ഗാന്ധിയുടെ കാലത്ത് ജനാധിപത്യപ്രക്രിയ അസ്തമിച്ചെന്ന് പറയാം. ഈ പാർടിയെ എന്തുകൊണ്ടാണ് ബൂർഷ്വാ മാധ്യമങ്ങൾ ജനാധിപത്യ കക്ഷിയെന്ന് വിളിക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്. എന്നെങ്കിലും ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമോ എന്നുചോദിച്ചാൽ എല്ലാ കോൺഗ്രസുകാരും പറയുന്ന ഉത്തരം ഇല്ലെന്നായിരിക്കും. കാരണം, ജനാധിപത്യത്തിൽനിന്ന് കോൺഗ്രസ് അത്രയും അകന്നു.

5

സംഘടനാ തെരഞ്ഞെടുപ്പിനെക്കുറിച്ച് രമേശ് ചെന്നിത്തല ഇപ്പോൾ സംസാരിക്കുന്നത് തനിക്കും തന്റെ ഗ്രൂപ്പിലുള്ളവർക്കും സ്ഥാനം നഷ്ടപ്പെടുന്നതു കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? ദീർഘകാലം സ്വന്തം ഗ്രൂപ്പ് കൊണ്ടുനടന്ന ഉമ്മൻചാണ്ടിയുടെ നിലയും പരുങ്ങലിലായി. ജനാധിപത്യം തിരിച്ചുകൊണ്ടുവരാൻ കഴിയുന്നില്ലെങ്കിൽ കോൺഗ്രസിൽ കലാപങ്ങൾക്ക് അറുതിയുണ്ടാകില്ലെന്ന് പാർടി നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല. തലപ്പത്ത് അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് ‘ഗ്രൂപ്പ് 23’ എന്നപേരിൽ ഒരുസംഘവും പ്രവർത്തിക്കുന്നുണ്ട്. ഗുലാംനബി ആസാദ്, കപിൽ സിബൽ തുടങ്ങിയ പ്രമുഖരാണ് ഈ ഗ്രൂപ്പിലുള്ളത്. സംഘടനയിൽ ജനാധിപത്യം വേണമെന്ന് ഈ സമ്മർദ ഗ്രൂപ്പ് ആവശ്യപ്പെട്ടാലും ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല.

6

കോൺഗ്രസ്‌ അധികാരത്തിലിരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് സംസ്ഥാനത്തെ സ്ഥിതി പരിശോധിച്ചാലും ഗ്രൂപ്പുതർക്കങ്ങൾ വർധിക്കുന്നത് കാണാനാകും. ബിജെപിക്കെതിരെ ബദൽ നയങ്ങൾ ഉയർത്തുന്നതിനു പകരം തെരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോറിനെ നേതൃത്വത്തിലേക്ക് എടുക്കാനാണ് കോൺഗ്രസ്‌ ശ്രമിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുടെ പേരിലൊന്നും കോൺഗ്രസിൽ ഒരു തർക്കവുമില്ല. ബിജെപിയോടുള്ള മൃദുസമീപനത്തിൽ ആർക്കും എതിർപ്പില്ല. ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കുന്നതിൽ കേരളത്തിലെ കോൺഗ്രസിൽ തർക്കമില്ല. ഒരേസമയം, ബിജെപിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും തോളിൽ കൈയിടുന്ന നയത്തിലും യോജിപ്പാണ്.

7

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ അപ്പാടെ വിറ്റഴിക്കുന്ന മോദി സർക്കാരിന്റെ നയത്തോട് പ്രതിഷേധിക്കാൻ കോൺഗ്രസിന് കഴിയുമോ? ചുരുക്കത്തിൽ ആശയപരമോ നയപരമോ ആയ ഒരു തർക്കവും കോൺഗ്രസിൽ ആരും കാണുന്നില്ല. ജനാധിപത്യരഹിതമായ പ്രവർത്തനശൈലിയും മൃദുഹിന്ദുത്വവും സാമ്പത്തിക ഉദാരവൽക്കരണത്തിൽ ബിജെപിയുമായുള്ള മത്സരവുമൊക്കെയാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്ന് ആളുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതിനു കാരണം. കേരളത്തിൽ തോറ്റാൽ, ബിജെപി വളരുമെന്ന് പ്രചരിപ്പിച്ചത് ചില കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു. ഈ പ്രചാരണം നടത്തിയവർക്ക് മറ്റു ചില ലക്ഷ്യമുണ്ടായിരുന്നു. അതൊന്നും നടന്നില്ല. കോൺഗ്രസിന്റെ പിന്നിൽ അണിനിരന്ന ജനാധിപത്യ – മതനിരപേക്ഷ വാദികൾ ഇടതുപക്ഷത്തോട് കൂടുതൽ അടുക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും വ്യക്തമായത്.

8

ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾ ഒന്നിച്ചുസമാധാനത്തോടെ കഴിയണമെന്ന് ആഗ്രഹിക്കുന്ന ഒരാൾക്കും ബിജെപിയിലേക്ക് പോകാനാകില്ല. വ്യാമോഹമുക്തരായി കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തേക്കു വരുന്ന ബഹുജനങ്ങളെ സിപിഐ എം സ്വാഗതം ചെയ്യും. അതിനെ കോൺഗ്രസിന്റെ കാര്യങ്ങളിലുള്ള ഇടപെടലായി ദുർവ്യാഖ്യാനിച്ചിട്ട് കാര്യമില്ല. കോൺഗ്രസിന്റെ ഇടതുപക്ഷ വിരോധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സ്വാതന്ത്ര്യത്തിനുമുമ്പ് 1937 മുതൽ രണ്ടരവർഷത്തോളം കോൺഗ്രസ്‌ സംഘടന, കേരളത്തിൽ ഇടതുപക്ഷക്കാരുടെ നേതൃത്വത്തിലായിരുന്നു. ഇ എം എസായിരുന്നു സംഘടനാ സെക്രട്ടറി. കോൺഗ്രസ് സംഘടനയ്‌ക്ക് വിപുലമായ ബഹുജനബന്ധം ഉണ്ടാക്കിയത് അന്നത്തെ ഇടതുപക്ഷ നേതൃത്വമാണ്. തൊഴിലാളി-കർഷകാദി ബഹുജന സംഘടനകളുമായി സഹകരിച്ചുപ്രവർത്തിക്കണമെന്ന നയം ഫലപ്രദമായി നടപ്പാക്കിയതും അക്കാലത്താണ്.

9

ഇ എം എസും മുഹമ്മദ് അബ്ദുറഹിമാനും നയിച്ച കമ്മിറ്റിക്കെതിരെ വ്യാപകമായ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണ് വലതുപക്ഷക്കാർ ചെയ്തത്. കോൺഗ്രസ് ഭരണഘടന പ്രകാരം നടന്ന തെരഞ്ഞെടുപ്പിലെല്ലാം പരാജയപ്പെട്ട വലതുപക്ഷക്കാർ കേന്ദ്രനേതൃത്വത്തെ കൂട്ടുപിടിച്ച് ഇടതുപക്ഷ കമ്മിറ്റിയെ പിരിച്ചുവിടുവിച്ചു. ഇതാണ് ചരിത്രം. ഇതിനു സമാനമായ കാര്യങ്ങൾ ദേശീയതലത്തിലും നടന്നിട്ടുണ്ട്. ഇടതുപക്ഷക്കാരനായ സുഭാഷ് ചന്ദ്രബോസിനെ തോൽപ്പിക്കാൻ പട്ടാഭി സീതാരാമയ്യയെ മത്സരിപ്പിച്ചു. ഇടതുപക്ഷ പിന്തുണയോടെ ബോസ് ജയിച്ചെങ്കിലും അദ്ദേഹത്തിന് പിന്നീട് രാജിവയ്ക്കേണ്ടിവന്നു. ഒടുവിൽ അദ്ദേഹം പുറത്തുപോയി ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ചു. കോൺഗ്രസിന്റെ ഇടതുപക്ഷ വിരോധചരിത്രത്തിലെ ചില ഏടുകളാണ് ഇവ.

10

കോൺഗ്രസിലെ ജനാധിപത്യപ്രക്രിയയുടെ കാര്യമിതാണെങ്കിൽ ഇതിൽനിന്ന് തീർത്തും വ്യത്യസ്തമായ ചിത്രം നമുക്ക് മുമ്പിലുണ്ട്. ഓരോ മൂന്നു വർഷം കൂടുമ്പോഴും പാർടിയുടെ നയങ്ങൾ അവലോകനം ചെയ്തും സംഘടനാ തെരഞ്ഞെടുപ്പുനടത്തിയും സിപിഐ എം മുമ്പോട്ടുപോകുകയാണ്. കമ്യൂണിസ്റ്റ് പാർടി രൂപംകൊണ്ടതുമുതൽ ആ പതിവ് തെറ്റിയിട്ടില്ല. 2018ലാണ് സിപിഐ എം 22-ാം പാർടി കോൺഗ്രസ് ഹൈദരാബാദിൽ ചേർന്നത്. 2021ൽ പാർടി കോൺഗ്രസ് ചേരേണ്ടതായിരുന്നു. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയും അഞ്ചു സംസ്ഥാനത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതും കാരണം 2021ൽ പാർടികോൺഗ്രസ് ചേരാനായില്ല. 23-ാം പാർടി കോൺഗ്രസ് 2022 ഏപ്രിലിൽ കണ്ണൂരിൽ ചേരാൻ പാർടി കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കയാണ്. അതിന്റെ ഭാഗമായ ഒരുക്കങ്ങൾ ആരംഭിച്ചു. എഐസിസി സമ്മേളനം പോലെയോ ബിജെപി ദേശീയ എക്സിക്യൂട്ടീവ് പോലെയോ ഇതൊരു മാമാങ്കമല്ല. പാർടിയിലുടനീളം ആശയപരവും സംഘടനാപരവുമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് ഇതിന്റെ ഭാഗമായി നടക്കുക''.

11

പാർടിയുടെ ഏറ്റവും താഴെ തട്ടിലുള്ള ഘടകമായ ബ്രാഞ്ചിന്റെ സമ്മേളനങ്ങൾ സെപ്തംബർ 15ന് ആരംഭിക്കുകയാണ്. അതിനുശേഷം ലോക്കൽ, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങൾ ചേരും. സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് പാർടി കോൺഗ്രസിൽ പങ്കെടുക്കുക. ഘടകസമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. മൂന്നു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി ഓരോ ഘടകവും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കും. ബ്രാഞ്ച് തലത്തിലാണെങ്കിൽ കമ്മിറ്റിയെയല്ല, സെക്രട്ടറിയെയാണ് തെരഞ്ഞെടുക്കുക. വിമർശത്തിന്റെയും സ്വയംവിമർശത്തിന്റെയും അടിസ്ഥാനത്തിൽ പാർടിസംഘടന പുതിയ ഊർജം സമാഹരിച്ച് മുന്നോട്ടുപോകും. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാർടിസംഘടനയെ ശക്തിപ്പെടുത്തും.

12

പാർടിയുടെ രാഷ്ട്രീയനയം രൂപപ്പെടുത്തുന്നത് പാർടി കോൺഗ്രസാണ്. ഈ നയരൂപീകരണ പ്രക്രിയക്ക് ഒരു പ്രത്യേകതയുണ്ട്. രാഷ്ട്രീയനയം തീരുമാനിക്കാനുള്ള രേഖ-രാഷ്ട്രീയപ്രമേയം-പാർടി കോൺഗ്രസിന് മാസങ്ങൾക്കുമുമ്പേ പ്രസിദ്ധീകരിക്കും. പാർടിയുടെ ഓരോ ഘടകവും ഇതു ചർച്ചചെയ്ത് അഭിപ്രായം പാർടി കേന്ദ്ര കമ്മിറ്റിയെ അറിയിക്കും. ഘടകങ്ങൾക്ക് മാത്രമല്ല, അംഗങ്ങൾക്ക് വ്യക്തിപരമായും പാർടി പ്രമേയത്തിന് ഭേദഗതി നിർദേശിക്കാം. ഇവയെല്ലാം ക്രോഡീകരിച്ച് പാർടി കോൺഗ്രസിൽ അവതരിപ്പിക്കും. രാഷ്ട്രീയനയം തീരുമാനിക്കാൻ ഇത്രയും വിപുലമായ ജനാധിപത്യപ്രക്രിയ ബൂർഷ്വാ പാർടികൾക്ക് ചിന്തിക്കാൻ പോലുമാകില്ല.

പാർടിയുടെ തന്ത്രപരമായ ലക്ഷ്യത്തിലേക്ക് സമൂഹത്തെ നയിക്കാൻ സഹായകരമായ അടവുനയങ്ങളാണ് രാഷ്ട്രീയ പ്രമേയത്തിലൂടെ രൂപപ്പെടുത്തുന്നത്.

13

പാർടിയുടെ അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവർത്തനത്തെ വിമർശ സ്വയംവിമർശപരമായി സമ്മേളനങ്ങളിൽ വിശകലനം ചെയ്യും. ലോക്കൽ തലംമുതൽ കേന്ദ്ര കമ്മിറ്റിവരെ തെരഞ്ഞെടുക്കപ്പെടുന്ന ഘടകങ്ങളാണ് സിപിഐ എമ്മിന്‌ ഉള്ളത്. ഈ ശൈലി കോൺഗ്രസുകാർക്ക് അപരിചിതമാണ്. ഇപ്പോഴും ഹൈക്കമാൻഡിന്റെ നിയമന ഉത്തരവിലൂടെ നേതൃത്വം പിടിക്കാനുള്ള കിടമത്സരം നടത്താനുള്ള ഭാഗ്യം മാത്രമാണ് കോൺഗ്രസുകാർക്കുള്ളത്. തീവ്രഹിന്ദുത്വ അജൻഡയുമായി മുമ്പോട്ടുപോകുന്ന ബിജെപിയെയും അതിന്റെ കൂട്ടാളികളെയും എല്ലാ ജനാധിപത്യ–മതനിരപേക്ഷ ശക്തികളെയും യോജിപ്പിച്ച്, പരാജയപ്പെടുത്തുക എന്നതാണ് മുഖ്യരാഷ്ട്രീയ കടമയായി പാർടി ഏറ്റെടുത്തിട്ടുള്ളത്. അതോടൊപ്പം, സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് പാർടിയുടെ സ്വതന്ത്രമായ ശക്തിയും സ്വാധീനവും വർധിപ്പിക്കണമെന്നും 22-ാം പാർടി കോൺഗ്രസ്‌ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 2018നു ശേഷം നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, പുതിയ പരിതഃസ്ഥിതിക്ക്‌ അനുസരിച്ചുള്ള നയങ്ങൾ ആവിഷ്കരിക്കുക, കൂടുതൽ ബഹുജനങ്ങളെ പാർടി നയങ്ങൾക്കു ചുറ്റും അണിനിരത്തുക, ഇതിനുള്ള പ്രക്രിയയാണ് ഈമാസം 15 മുതൽ നടക്കാൻ പോകുന്നത്.

cmsvideo
  Oommen Chandy will be the last CM if congress not change the leadership: Rajmohan Unnithan
  English summary
  CPM acting secretary A Vijayaraghavan reacts to issues in Congress due to DCC reorganization
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X