പാര്‍ട്ടിസ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയെന്ന് സമ്മതിച്ച് സിപിഎം; വലിയ നിയമപോരാട്ടം വേണ്ടിവരുമെന്ന് ഗോവിന്ദന്‍
തിരുവനന്തപുരം: പാര്‍ട്ടിസ്വത്തുക്കള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്‌സ്‌മെന്റ് നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്ത് അടിസ്ഥാനത്തിലാണ് പാര്‍ട്ടി അക്കൗണ്ടുകള്‍ കണ്ടുകെട്ടിയത് എന്ന് എംവി ഗോവിന്ദന്‍ ചോദിച്ചു. തെറ്റായ നടപടി അംഗീകരിക്കാനാവില്ല എന്നും വലിയ നിയമപോരാട്ടം വേണ്ടി വരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി സ്വീകരിച്ച നടപടികള്‍ സിപിഎം സ്ഥിരീകരിച്ചു.
ഇഡി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സ്ഥലം കണ്ടുകെട്ടിയെന്നും സിപിഎം സമ്മതിച്ചു. ഇത് സംബന്ധിച്ച് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി. പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫീസിനായി വാങ്ങിയ 4.66 സെന്റ് സ്ഥലം ഇഡി കണ്ടുകെട്ടിയെന്ന് സിപിഎം പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള രണ്ട് സ്ഥിരനിക്ഷേപങ്ങളും ഇഡി മരവിപ്പിച്ചു. ഇഡി നടപടി നിയമപരമായി നേരിടുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

പാന്‍ കാര്‍ഡിലെ ഒറ്റ അക്കം വെച്ചാണ് ഇഡിയും ആദായനികുതി വകുപ്പും കളിച്ചത് എന്നും അതിനായി വലിയ നിയമയുദ്ധം നടത്തേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ആയിരക്കണക്കിന് ബ്രാഞ്ചിനും ഏരിയയ്ക്കും സ്വന്തം ഭൂമിയും കെട്ടിടവുമുണ്ട്. ഏത് ബ്രാഞ്ച് ഭൂമി വാങ്ങിയലും സിപിഎം ജില്ലാ കമ്മിറ്റി സെക്രട്ടറിയുടെ പേരിലാണ് രജിസ്ട്രര്‍ ചെയ്യുക എന്നും അദ്ദേഹം വ്യക്തമാക്കി.
തെറ്റായ നിലപാടിനെ സിപിഎം അംഗീകരിക്കില്ല എന്നും ഒന്നും കണ്ടുകെട്ടാന്‍ ആകില്ലെന്നും ബ്രാഞ്ച് ലോക്കല്‍ കമ്മറ്റി കെട്ടിടം ജനങ്ങളുടെ ഫണ്ടിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഇഡി നടപടിയില്‍ സിപിഎം പ്രതികരിക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അറിയില്ലെന്നായിരുന്നു നേരത്തെ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് പ്രതികരിച്ചിരുന്നത്.
കേന്ദ്ര ഏജന്‍സികളെ ബിജെപി ദുരുപയോഗം ചെയ്യുകയാണ് എന്നും ക്രമക്കേട് നടത്തിയ ചിലരെ മാപ്പുസാക്ഷിയാക്കി അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഎം വിരുദ്ധ രാഷ്ട്രീയം കളിക്കുകയാണ് ഇഡി എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടേതടക്കം എട്ട് ബാങ്ക് അക്കൗണ്ടുകളിലെ 73 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്.
സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും നാല് സെന്റ് സ്ഥലം അറ്റാച്ച് ചെയ്തതും അനാവശ്യ നടപടിയാണ് എന്നും ഇലക്ഷന്‍ ബോണ്ടിനെതിരെ ശക്തമായ നിലപാടെടുത്തത് കൊണ്ടാണ് സിപിഎമ്മിനെ വേട്ടയാടുന്നത് എന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.












Click it and Unblock the Notifications