മഹാരാഷ്ട്രയില്‍ വീണ്ടും ചെങ്കൊടി പാറുമോ? മൂന്നില്‍ രണ്ടിടത്ത് ഉറച്ച വിജയ പ്രതീക്ഷയുമായി സിപിഎം
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം പിടിക്കാമെന്ന പ്രതീക്ഷയുമായ മഹാ വികാസ് അഘാഡി സഖ്യം മുന്നോട്ട് പോകുമ്പോള്‍ സഖ്യത്തിന്റെ പിന്തുണയില്‍ മത്സരിക്കുന്ന സി പി എമ്മും വലിയ സ്വപ്നങ്ങള്‍ കാണുകയാണ്. സിറ്റിങ് സീറ്റായ ദഹാനുവിന് പുറമെ കൽവാൻ, സോലാപൂർ സിറ്റി സെൻട്രൽ തുടങ്ങിയ മണ്ഡലങ്ങളിലാണ് സി പി എം സ്ഥാനാർത്ഥികളുടെ മത്സരം. അഞ്ചിലേറെ സീറ്റുകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നിരവധി വിലപേശലുകള്‍ക്ക് ഒടുവിലാണ് എം വി എ മൂന്ന് സീറ്റുകള്‍ ഇടത് പാർട്ടിക്ക് അനുവദിച്ചത്.
ഒരുകാലത്ത് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മുംബൈയില്‍ അടക്കം കമ്യൂണിസ്റ്റ് പാർട്ടി സ്വാധീനമുണ്ടായിരുന്നെങ്കിലും നിലവില്‍ അത് പാല്‍ഘർ ജില്ലയിലെ ദഹാനു അടക്കമുള്ള ഏതാനും മണ്ഡലങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. മൂന്ന് സീറ്റുകളില്‍ മത്സരിക്കുന്നുണ്ടെങ്കിലും സിറ്റിങ് സീറ്റ് നിലനിർത്താനാണ് പാർട്ടി ഏറ്റവും അധികം ശ്രദ്ധ ചെലുത്തുന്നത്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ഇവിടെ പ്രചരണത്തില്‍ സജീവമാണ്.

1978, 2009 വർഷങ്ങളില്‍ പാർട്ടി ജയിച്ച മണ്ഡലം കഴിഞ്ഞ വർഷം കർഷക നേതവായ വിനോദ് നിക്കോളയിലൂടെയാണ് സി പി എം തിരിച്ച് പിടിക്കുന്നത്. ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ 4707 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇത്തവണയും സി പി എമ്മിന് വേണ്ടി വിനോദ് നിക്കോളയാണ് ജനവിധി തേടുന്നത്.
പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, അഖിലേന്ത്യാ കിസാൻ സഭ (എ ഐ കെ എസ്) പ്രസിഡൻ്റ് അശോക് ധാവ്ലെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എസ് എഫ് ഐ, ഡി വൈ എഫ് ഐ നേതാക്കളും പ്രവർത്തകരും മണ്ഡലത്തില്‍ സജീവമാണ്.
സി പി എം വിജയം പ്രതീക്ഷിക്കുന്ന മറ്റൊരു മണ്ഡലമാണ് കല്‍വാന്‍. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുത്ത ജീവ പാണ്ഡു ഗാവിതാണ് ഇവിടെ ഇത്തവണയും മത്സരിക്കുന്നത്. കർഷക നേതാവായ അദ്ദേഹം മേഖലയിലെ ജനപ്രിയനാണ്. കഴിഞ്ഞ തവണ 6596 വോട്ടിന് എന്‍ സി പിയിലെ നിതിന്‍ അർജുന്‍ പവാറിനോട് പരാജയപ്പെട്ടെങ്കിലും ഇത്തവണ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയുടേയും ശിവസേന (യുബിടി)യുടേയും പിന്തുണ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് ഇടത് പ്രതീക്ഷ.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമായ സോളാപ്പൂർ സിറ്റി സെന്‍ട്രലില്‍ സി പി എം ഇത്തവണ സൗഹൃദ മത്സരത്തിനാണ് ഒരുങ്ങുന്നത്. നേരത്തെ സോലാപൂർ സിറ്റി സൗത്ത് മണ്ഡലമായിരിക്കെ 1995 ലും 2004 ലും വിജയിക്കാന്‍ സി പി എമ്മിന് സാധിച്ചിരുന്നു. സിറ്റിങ് സീറ്റ് സി പി എമ്മിന് വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന കോണ്‍ഗ്രസ് ഇവിടെ ചേതന്‍ നരോത്തയെ സ്ഥാനാർത്ഥിയായി നിർത്തിയിട്ടുണ്ട്. സി പി എമ്മിന് വേണ്ടി ആദം നരസ്സയ നാരായണനാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications