മാത്യു കുഴല്‍നാടന്‍ കുടുങ്ങുമോ? 'തെളിവുകള്‍ നിരത്തി' സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സിപിഎം
കൊച്ചി: കോൺഗ്രസ്സ് നേതാവും മൂവാറ്റുപുഴ എം എൽ എ യുമായ മാത്യു കുഴല്‍നാടനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സിപിഎം. ബിനാമി ഇടപാടിലൂടെ മാത്യു കുഴല്‍നാടന്‍ 6 കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ സ്വന്തമാക്കിയത് ലക്ഷകണക്കിന് രൂപയുടെ നികുതി വെട്ടിച്ചുകൊണ്ടാണെന്നാണ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ പത്രസമ്മേളനത്തിലൂടെ ആരോപിച്ചത്.
'കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 18.03.2021 തീയതി രാജകുമാരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 561/2021-ാം നമ്പർ തീറാധാര പ്രകാരം ടി. വസ്തുവിനും റിസോർട്ടിനും വില കാണിച്ചിട്ടുള്ളത് 1,92,60,000 ( ഒരു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി അറുപതിനായിരം) രൂപ മാത്രമാണ് എന്നാൽ 19.03.2021 തീയതി, അതായത് ആധാരത്തിന്റെ തൊട്ടടുത്ത ദിവസം നിയമസഭാ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിൽ നിന്നും സ്ഥാനാർത്ഥിയായി മത്സരിച്ച കുഴലനാടൻ തന്റെ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ആധാരപ്രകാരം തനിക്കുള്ള 50% ഷെയറിന് മാർക്കറ്റ് വില കാണിച്ചിരിക്കുന്നത് 3,50,00,000/- (മൂന്ന് കോടി അമ്പത് ലക്ഷം രൂപ)യാണ് ഇതിൽ നിന്നും ഈ വസ്തുവിന് 7 കോടിയോളം രൂപ വിലമതിക്കുമെന്ന കാര്യം വ്യക്തമാണ്' സിഎന്‍ മോഹനന്‍ പറഞ്ഞു.

കോൺഗ്രസ്സിന്റെ നേതാവും സർവ്വോപരി അഴിമതി വിരുദ്ധപ്രക്ഷോഭത്തിന്റെ ചാമ്പ്യനുമായ എം എൽ എ ഈ ഒറ്റ ഇടപാടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമാണ് വെട്ടിപ്പ് നടത്തിയിട്ടുള്ളത്. കൂടാതെ 2022 ൽ രാജകുമാരി സബ്ബ് രജിസ്ട്രാർ ആഫീസിലെ 245/2022, 246/2022, ആധാരങ്ങൾ പ്രകാരം രണ്ട് വസ്തുക്കൾ കൂടി മാത്യു കുഴലനാടൻ എം എൽ എ യുടേയും രണ്ട് ബിനാമികളുടെയും പേരിൽ വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാത്യു നൽകിയ അഫിഡവിറ്റ് പ്രകാരം അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ സ്വയാർജിത സ്വത്തായി പറയുന്നത് 23 കോടിയോളം രൂപയുടെ വസ്തുവകകളാണ്. ഈ വസ്തുവകകൾ സമ്പാദിക്കാൻ ആവശ്യമായ വരുമാന സ്രോതസ് വെളിപ്പെടുത്തിയിട്ടില്ല എന്നിരിക്കെ തന്റെ അനധികൃത സമ്പാദ്യം വെളിപ്പെടുത്തുന്നതിനായി സത്യവാങ്ങ് മൂലത്തിൽ ഓഫീസ് ഷെയറുകളുടെ തുക പെരുപ്പിച്ച് കാണിച്ചിട്ടുള്ളതായി കരുതാം. ഈ സാഹചര്യത്തില്‍ മാത്യു കുഴലനാടന്റെ അനധികൃത ഇടപാടുകളെ സംബന്ധിച്ചും നികുതി വെട്ടിപ്പുകളെ സംബന്ധിച്ചും സർക്കാർ അന്വേഷണം നടത്തണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.












Click it and Unblock the Notifications