തൃക്കാക്കരയില്‍ യുഡിഎഫിന്റെ അശ്വമേധം, പിടിച്ചുകെട്ടാന്‍ പറ്റുമെങ്കില്‍ കെട്ടിക്കോ; വിഡി സതീശന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി വിഷയത്തില്‍ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പി രാജീവാണ് സഭയുടെ സ്ഥാപനത്തെ ദുരുപയോഗം ചെയ്തത്. തൃക്കാക്കരയില്‍ യു ഡി എഫിന്റെ അശ്വമേധമാണ് നടക്കുന്നത് പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ എന്നും സതീശന്‍ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഏകോപിക്കുന്നതില്‍ അദ്ദേഹത്തിന് എന്താണ് ഇത്ര പ്രയാസവും പേടിയെന്നും സതീശന്‍ ചോദിച്ചു.

ഇത് എന്റെ അശ്വമേധമല്ല, യു ഡി എഫിന്റെ അശ്വമേധമാണ്. ഞങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്ന കുതിരയെ പിടിച്ചുകെട്ടാന്‍ പറ്റുമെങ്കില്‍ കെട്ടിക്കോ എന്നാണ് പി രാജീവിനോട് പറയാനുള്ളത്. സഭയെ അനാവശ്യമായി വലിച്ചിഴച്ച് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി. അതിന് എന്റെ മേല്‍ കുതിര കയറണ്ട- വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശനെതിരെ ആരോപണവുമായി നേരത്തെ പി രാജീവ് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് വി ഡി സതീശന്‍ ഇപ്പോള്‍ രംഗത്തെത്തിയത്. താന്‍ മാത്രമാണ് കോണ്‍ഗ്രസിനെ നേതാവ് എന്ന് തെളിയിക്കാനാണ് വി ഡി സതീശന്റെ ശ്രമമെന്നാണ് പി രാജീവ് പറഞ്ഞത്. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അശ്വമേധമാണിത്.

കോണ്‍ഗ്രസില്‍ താന്‍ മാത്രമാണ് അവസാന വാക്ക്, താന്‍ പറയുന്നതാണ് പൂര്‍ണമായും കോണ്‍ഗ്രസ് എന്ന് സ്ഥാപിക്കാനുള്ള ഒരു തിരഞ്ഞെടുപ്പ് മാത്രമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നതെന്നും രാജീവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്റെ മറുപടി.

അതേസമയം, കഴിഞ്ഞ ദിവസം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ വി ഡി സതീശന്‍ പി രാജീവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥാനാര്‍ഥി പി രാജീവിന്റെ നോമിനിയാണെന്ന് എല്ലാ സി.പി.എമ്മുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം. അരുണ്‍കുമാറിനെ ഒഴിവാക്കിയതിന് സി.പി.എമ്മാണ് മറുപടി പറയേണ്ടത്. അവര്‍ തമ്മിലുള്ള തര്‍ക്കമാണ്. അത് ഞങ്ങളുടെ മേല്‍ ചാരേണ്ട. യു.ഡി.എഫ് സഭയ്ക്ക് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നാടകമാണ് നടന്നത്. അതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്. ഞങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് സഭ വ്യക്തമാക്കിയിട്ടുണ്ട്. എന്തിനാണ് ആശുപത്രിയില്‍ പോയി നാടകം കാണിച്ചത് എന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

പി.സി ജോര്‍ജ് ബി.ജെ.പിയുമായി ചേര്‍ന്ന് നില്‍ക്കുന്നയാളാണ്. എന്നാല്‍ ബി.ജെ.പിക്ക് അവിടെ കാര്യമായ വോട്ടൊന്നും കിട്ടില്ലെന്നും ഇവന്‍ എന്റെ പയ്യനാണെന്നുമാണ് ഇന്നലെ പറഞ്ഞത്. ജോര്‍ജിന്റെ കുടുംബവുമായി ബന്ധമില്ലെന്ന് പറയരുത്. പി സി ജോര്‍ജിന്റെ പാര്‍ട്ടിയിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയിലാണ് തെക്കേക്കര പഞ്ചായത്ത് സി പി എം ഭരിക്കുന്നത്. വിഷം തുപ്പിയ ജോര്‍ജിന്റെ പാര്‍ട്ടിയുടെ പിന്തുണ ഞങ്ങള്‍ക്ക് വേണ്ടെന്ന് പറയാനുള്ള ധൈര്യം സി.പി.എമ്മിനുണ്ടോ? യു ഡി എഫ് വെല്ലുവിളിക്കുകയാണ്. ഇവരൊക്കെ തമ്മില്‍ രഹസ്യബന്ധമാണ്. തൃക്കാക്കരയില്‍ എന്ത് രഹസ്യബന്ധമുണ്ടാക്കിയാലും അതിനെ നേരിടാനുള്ള ശേഷി യു ഡി എഫിനും കോണ്‍ഗ്രസിനുമുണ്ട്.

ഉമാ തോമസിനെ നിര്‍ത്തിയപ്പോള്‍ ഇതാണോ രാഷ്ട്രീയ പോരാട്ടമെന്നാണ് സി പി എം ചോദിച്ചത്. ഈ സ്ഥാനാര്‍ഥിയെയും കൊണ്ടാണോ യു.ഡി.എഫിനോട് രാഷ്ട്രീയ പോരാട്ടത്തിന് വരുന്നതെന്ന് സി പി എമ്മിനോട് ഇപ്പോള്‍ ചോദിക്കുകയാണ്. എല്ലാ പാര്‍ട്ടികള്‍ക്കും ഇഷ്ടമുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള അവകാശമുണ്ട്. പക്ഷെ ഇങ്ങോട്ട് ചോദിക്കാന്‍ വരരുത്- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications