'സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല', പിസി ജോർജ് മാപ്പ് പറയണമെന്ന് സിപിഎം
തിരുവനന്തപുരം: പിസി ജോർജിന്റെ മുസ്ലീം വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഎം. സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും പിസി ജോർജ് കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം എന്നും സിപിഎം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഹിന്ദു മഹാപരിഷത്ത് നടത്തിയ ഹിന്ദു മഹാസമ്മേളനത്തിലാണ് വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസംഗം പിസി ജോര്‍ജ് നടത്തിയത്. മുസ്ലീംങ്ങള്‍ നടത്തുന്ന ഹോട്ടലുകള്‍ ഹിന്ദുക്കളെ വന്ധ്യംകരിക്കാന്‍ ഭക്ഷണത്തില്‍ പാനീയം കലക്കുന്നു എന്നും മുസ്ലീംങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നു എന്നതടക്കമാണ് പിസി ജോര്‍ജ് പ്രസംഗിച്ചത്.
സിപിഎം പ്രതികരണം: 'മനുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം'.

ഡിവൈഎഫ്ഐയും പിസി ജോർജിനെതിരെ രംഗത്ത് വന്നിട്ടുണ്ട്: ' കേരളത്തിലെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന സമുദായമൈത്രിയും സാഹോദര്യവുമാണ് സംഘപരിവാറിന് പച്ചതൊടാൻ പറ്റാത്ത ഇടമായി കേരളത്തെ നിലനിർത്തുന്നത്. അതുകൊണ്ട് തന്നെ ഈ സൗഹാർദ്ദരീക്ഷത്തെ തകർക്കാൻ നിരന്തരമായ വലതുപക്ഷ ഇടപെടലുകൾ നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളുടെ തുടർച്ചയാണ് സംഘപരിവാരം തിരുവനന്തപുരത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനത്തിൽ വച്ച് പി.സി ജോർജ്ജ് നടത്തിയ വർഗ്ഗീയപ്രസംഗം.
പി സി ജോര്‍ജ്ജിന്റെ വാക്കുകൾ മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവ്വമായ ക്രിമിനൽ പ്രവൃത്തിയാണ്. സംഘപരിവാർ കൂടാരത്തിൽ രാഷ്ട്രീയ അഭയാർത്‌ഥിത്വം തേടുന്ന ജോർജ്ജിന്റെ നാക്ക് സകല സീമകളും ലംഘിക്കുകയാണ്. പി. സി ജോർജ്ജ് മതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് ഡി. വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു'.












Click it and Unblock the Notifications