ബാര്‍ കോഴ: സിബിഐയും വിജിലന്‍സും വേണ്ട, പ്രത്യേക സംഘം വേണം
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ സിബിഐ അന്വേഷണവും വിജിലന്‍സ് അന്വേഷണവും വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം അഴിമതി ആരോപണം അന്വേഷിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചു.
കോഴ വിവാദത്തില്‍ സിപിഎം നേതൃത്വം അടവ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിണറായി വിജയനും മറ്റ് നേതാക്കളും വിജിലന്‍സ് അന്വേഷണം മതി എന്നായിരുന്നു പറഞ്ഞിരുന്നത്.

യഥാര്‍ത്ഥത്തില്‍ വിഎസിന്റേയും പിണറായിയുടേയും അഭിപ്രായങ്ങള്‍ തള്ളി, ഒരു വ്യത്യസ്ത നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍ പാര്‍ട്ടിക്ക് വിശ്വാസമില്ലെന്ന് പിണറായി പറഞ്ഞു. സമീപകാലത്തെ പല കേസുകളും ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറഞ്ഞത്. കൂട്ടിലിട്ട തത്തയാണ് സിബിഐ എന്ന് കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. അതിനാല്‍ സിബിഐ അന്വേഷണത്തിലും പാര്‍ട്ടി വിശ്വാസം അര്‍പ്പിക്കുന്നില്ലെന്നാണ് പിണറായി പറഞ്ഞത്.

മിടുക്കരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആയിരിക്കണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കേണ്ടത്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാത്തവരായിരിക്കണം അവരെന്നും മറ്റ് സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാന്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടം വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആരെയെങ്കിലും കൂടെക്കൂട്ടി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടി മറിക്കാന്‍ സിപിഎം താത്പര്യപ്പെടുന്നില്ലെന്നും പിണറായി വ്യക്തമാക്കി. 418 ബാറുകള്‍ പൂട്ടിയ സമയം മുതല്‍ കേരളത്തിലെ യുഡിഎഫ് അഴിമതിയില്‍ മുങ്ങിക്കഴിഞ്ഞിരുന്നു. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും ഇക്കാര്യത്തിലുള്ള പങ്ക് പുറത്ത് കൊണ്ടുവരണമെന്നും പിണറായി ആവശ്യപ്പെട്ടു.












Click it and Unblock the Notifications